മണിരത്‌നം സിനിമയിലേക്ക് അവസരം ലഭിച്ചപ്പോള്‍ ആദ്യം തോന്നിയത് ഭയം-ദുല്‍ഖര്‍

മണിരത്‌നത്തിന്റെ സിനിമയിലഭിനയിക്കുകയെന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചത് പോലെയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സാവന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഓഡിയോ ഷോയില്‍ സംസാരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ മണിരത്‌നത്തോടൊപ്പമുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെച്ചത്.

കുഞ്ഞായിരിക്കുമ്പോഴും മറ്റും പിതാവിനൊപ്പം മണിരത്‌നം സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നെന്നും ചെന്നൈയില്‍ വച്ച് മിക്കപ്പോഴും അദ്ദേഹത്തെ കാണുമായിരുന്നെന്നും എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഭയമായിരുന്നെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.ചെന്നൈയില്‍ സാറിന്റെ ഓഫീസും ഞങ്ങളുടെ വീടും അടുത്തടുത്തായതിനാല്‍ എപ്പോഴും കാണുമായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നത്തിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം തോന്നിയത് ഭയമായിരുന്നു. ഷൂട്ടിനിടയില്‍ മണിസാറിനൊപ്പമിരിക്കുമ്പോള്‍ എന്തെങ്കിലും സംസാരിക്കണമെന്നൊക്കെ തോന്നുമെങ്കിലും സാര്‍ പൊതുവെ നിശബ്ദനാണ്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഉള്ളില്‍ സിനിമയിലെ ഓരോ സീനുകളായിരിക്കുമെന്ന് ഉറപ്പാണ്. മണിസാറിന്റെ സിനിമയിലേക്ക് വിളിക്കുകയെന്നാല്‍ ഒരാള്‍ക്ക് ഹാര്‍വാര്‍ഡിലേക്കോ മറ്റോ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹത്തിന്റെ ഒരു വിളി പോലും വലിയ അംഗീകാരമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ദുല്‍ഖര്‍ അഭിനയിച്ച മണിരത്‌നം സിനിമ ഓകെ കണ്‍മണി മികച്ച വിജയം നേടിയിരുന്നു.