കലാസദന്‍ ഉല്ലാസായി മമ്മൂട്ടി പിഷാരടിക്കൊപ്പം

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഗാനഗന്ധര്‍വ്വന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജയറാമിനെ നായകനാക്കി ചെയ്ത പഞ്ചവര്‍ണതത്തയാണ് പിഷാരടിയുടെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രം.

പിഷാരടി വീഡിയോയിലൂടെ പറയുന്നത്…

കഥാപാത്ര വൈവിധ്യങ്ങളിലൂടെ മുന്നരപതിറ്റാണ്ടുകളില്‍ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നേയും നിങ്ങളേയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019 ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍….