സിനിമയ്ക്കിടെ മീന്‍ കച്ചവടം,ഇനി പാചകവും…ധര്‍മോസ് ഫിഷ് ഹബ്ബിന്റെ രണ്ടാം ശാഖ തുറന്നു

അഭിനയത്തിന് പുറമേ വിഷരഹിത മത്സ്യവില്‍പ്പനയില്‍ ഹിറ്റായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാചക രംഗത്തും ഒരു കൈ നോക്കുകയാണ്. ധര്‍മോസ് ഫിഷ് ഹബ്ബിന്റെ രണ്ടാമത്തെ ഷോറൂമായ പനമ്പള്ളി നഗറിലാണ് ധര്‍മ്മജന്‍ തന്നെ മത്സ്യങ്ങള്‍ പാചകം ചെയ്തു നല്‍കുന്നത്. വിഷ രഹിത മത്സ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതിനിടെയാണ് ഫിഷ് ഹബ്ബ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.

ധര്‍മ്മജന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. ധര്‍മ്മോസ് ഫിഷ് ഹബ്ബില്‍ എത്തുന്നവര്‍ക്ക് ഇഷ്ടമത്സ്യങ്ങളെ തിരഞ്ഞെടുത്താല്‍ മാത്രം മതി. പിന്നെ നല്ല ഒന്നാന്തരം മീന്‍ വിഭവങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് രുചിയോടെ തീന്‍മേശയില്‍ ഒരുക്കി തരുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മത്സ്യങ്ങള്‍ വാങ്ങി കൊണ്ടുപോകാനായി പ്രത്യേക സജ്ജികരണവും ഹബില്‍ ഉണ്ട്. ചിറ്റൂരില്‍ ഫിഷ് ഹബ്ബ് എന്ന പേരില്‍ മത്സ്യ വിപണനം നടത്തിയിരുന്ന ധര്‍മ്മജന്‍ ഫ്രാഞ്ചൈസികള്‍ സുഹുത്തുക്കളെയാണ് ഏല്പ്പിച്ചിരിക്കുന്നത്. സിനിമാ താരങ്ങളായ വിജയരാഘവന്‍, ടിനി ടോം, രമേഷ് പിഷാരടി തുടങ്ങിയവരാണ് ധര്‍മ്മോസ് ഫിഷ് ഹബ്ബിന്റെ ഫ്രഞ്ചൈസികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. തന്റെ പുതിയ സംരംഭവും ഹിറ്റാകുമെന്ന പ്രതീക്ഷയില്‍ തന്നെ യാണ് ധര്‍മ്മജന്‍. കുറഞ്ഞ വിലയിലും വിഷരഹിത മത്സ്യങ്ങള്‍ വില്‍പ്പന നടത്താന്‍ സാധിച്ചെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. അഭിനയ മേഖല വിട്ട് ചിലര്‍ വ്യവസായങ്ങളിലേക്ക് കടക്കുമ്പോഴാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യത്യസ്തമായ മേഖലകള്‍ തിരഞ്ഞെടുക്കുന്നത്.