ജോസഫില്‍ കിടിലന്‍ മേക്കോവറില്‍ ജോജു ജോര്‍ജ് ,’പൂമുത്തോളെ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ആദ്യ പാട്ട് എത്തി. കുഞ്ചാക്കോ ബോബനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പാട്ട് റിലീസ് ചെയ്തത്. ‘പൂമുത്തോളെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. അജീഷ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജന്‍ സുരേഷ് ആണ്.

ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ കേന്ദ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജോജു ജോര്‍ജ്ജ്. സഹനടനായുളള വേഷങ്ങളിലൂടെയായിരുന്നു ജോജു ജോര്‍ജ്ജ് മലയാളത്തില്‍ കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്. അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ പ്രാധാന്യമുളള കഥാപാത്രങ്ങളായി ജോജു എത്തിയിരുന്നു. ചിത്രത്തില്‍ ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരനായാണ് ജോജു എത്തുന്നത്. സൗബിന്‍ ഷാഹിര്‍,ദിലീഷ് പോത്തന്‍, ഇര്‍ഷാദ്,സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷാഹി കബീറാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.മനീഷ് മാധവന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജു സംഗീതം ചെയ്തിരിക്കുന്നു. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് ചിത്രം നിര്‍മ്മിക്കുന്നത്.