പി.ടി ഉഷയുടെ ജീവിതം അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട്, അഭിനേത്രി നീതു ചന്ദ്ര

ഇന്ത്യയുടെ അഭിമാനമായ കായികതാരം പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രശസ്ത അഭിനേത്രി നീതു ചന്ദ്ര.വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് താരം ആഗ്രഹം പങ്കുവെച്ചത്. ഏതെങ്കിലും ഒരു ഇന്ത്യന്‍ കായികതാരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടോ
എന്ന ചോദ്യത്തിന് മറുപടിയായാണ് താരം പി.ടി ഉഷയുടെ പേര് പറഞ്ഞത്.

‘തീര്‍ച്ചയായും ഞാനൊരു കായികതാരവും അഭിനേത്രിയും കൂടിയായതിനാല്‍ മറ്റൊരു കായികതാരത്തിന്റെ ജീവിതം അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട്. എനിക്കൊരു അവസരം കിട്ടിയാല്‍ പി.ടി ഉഷയായി വെള്ളിത്തിരയില്‍ ജീവിക്കാന്‍ താല്‍പര്യമുണ്ട്. കാരണം തികച്ചും അവിശ്വസനിയമായ ഒരു യാത്ര തന്നെയായിരുന്നു അവരുടേത്. അതുപോലെ ഏവര്‍ക്കും പ്രചോദനമാകുന്ന ഒരു ജീവിതം അവതരിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ നീതു പറഞ്ഞു.

പി.ടി ഉഷയെ പോലെ ഒരാളുടെ ജീവിതം ഒരോ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണെന്നും നീതു കൂട്ടിച്ചേര്‍ത്തു. ഒരു കായിക താരമാകുന്നതോടെ വ്യക്തിത്വവും ആത്മവിശ്വാസവും അച്ചടക്കവും ആത്മാര്‍ത്ഥതയും ഒക്കെയാണ് വളരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കായികതാരം കൂടിയായ നീതു ചന്ദ്ര നിരവധി ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തായ്‌കോണ്ടോയില്‍ മൂന്ന് തവണ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിച്ച നീതു നിലവില്‍ പ്രോ കബഡിയില്‍ പാറ്റ്‌ന പൈറേറ്റ്‌സിന്റെ കമ്മ്യൂണിറ്റി അംബാസിഡര്‍ കൂടിയാണ്.

എന്നാല്‍ നേരത്തെ ഇന്ത്യ ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടിയിട്ട് തന്റെ ജീവിതം സിനിമയാക്കിയാല്‍ മതിയെന്ന് ഉഷ വ്യക്തമാക്കിയിരുന്നു. നിരവധി സംവിധായകര്‍ ബയോപിക് നിര്‍മ്മിക്കുന്നതിന് ഉഷയെ സമീപിച്ചിരുന്നെങ്കിലും ഉഷ സമ്മതം അറിയിച്ചിരുന്നില്ല. ഇന്ത്യ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുമ്പോള്‍ മാത്രമേ തന്റെ സ്വപ്നം പൂര്‍ണ്ണമാകുമെന്നാണ് ഉഷ അന്ന് പറഞ്ഞത്.