2.0 നവംബര്‍ 29ന് തിയേറ്ററുകളിലെത്തുന്നു

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഇരട്ട വേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമായ 2.0 നവംബര്‍ 29ന് തിയേറ്ററുകളിലെത്തുന്നു . ചിത്രത്തിന്റെ ട്രെയ്‌ലര്‍ നവംബര്‍ 3ന് പുറത്തുവിടുമെന്ന് ലൈക പ്രൊഡക്ഷന്‍സ് അറിയിച്ചു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പോസ്റ്റ് പ്രൊഡക്ഷനിലെ സാങ്കേതിക തികവിന് സമയമെടുത്തതിനാല്‍ ഒരു വര്‍ഷത്തിലേറെയാണ് റിലീസ് നീണ്ടു പോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് പുറത്തിറക്കാന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രമാണിത്.

എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ശബ്ദസന്നിവേശം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിക്കുന്നത്. ലോകമെമ്പാടുമുള്ള 10,000 ത്തോളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും.