മീ ടൂ ; ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ശ്രുതി ഹരിഹരന്‍

നടന്‍ അര്‍ജുനെതിരെ താന്‍ നല്‍കിയ ആരോപണങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നും ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ശ്രുതിയുടെ പ്രതികരണം.

ഒത്തു തീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ യോഗം ചേര്‍ന്നതിന് ശേഷം പുറത്ത് പറയാമെന്നും ശ്രുതി വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രുതിക്കെതിരെ അഞ്ച് കോടിയുടെ മാനനഷ്ട കേസ് അര്‍ജുന്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരൂ സിറ്റി സിവിന്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

നിബുണന്‍ എന്ന കന്നഡ സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രുതിയുടെ ആരോപണം. എന്നാല്‍ അത് പാടേ നിഷേധിച്ച് അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നിബുണന്‍ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ അര്‍ജുനെ പിന്തുണച്ചുകൊണ്ടായിരുന്നു സംസാരിച്ചത്.