കാളിദാസനെ നായകനാക്കി മിഥുന്‍ മാനുവലിന്റെ ‘അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’; ടൈറ്റില്‍ പോസ്റ്റര്‍

കാളിദാസനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ‘അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. ആട് 2ന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. കാളിദാസ് ജയറാം നായകനായി വരുമ്പോള്‍ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നു.

ചിത്രത്തിന്റെ ടൈറ്റലില്‍ നിന്നും ഒരു ഗ്രാമത്തിലെ ഫുട്ബോള്‍ പ്രേമികളുടെ കഥയാകും സിനിമ പറയാന്‍ ഒരുങ്ങുന്നതെന്ന് കരുതാം. ആട്, ആന്‍മേരി കലിപ്പിലാണ്, അലമാര, ആട് 2 തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ മിഥുന്‍ ഒരുക്കുന്ന ചിത്രം ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് വിവരം. മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ രണദിവെ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.