സാധാരണക്കാരുടെ കഥ, കണ്ടിരിക്കാവുന്ന ചിത്രം- ഫ്രഞ്ച് വിപ്ലവം റിവ്യൂ

കെ.ബി മജുവിന്റെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍ നായകനായെത്തുന്ന ചിത്രം ഫഞ്ച് വിപ്ലവം തിയേറ്ററുകളിലെത്തയിരിക്കുകയാണ്. ചാരായ നിരോധനാനന്തര കൊച്ചുകടവ് എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ആക്ഷേപ ഹാസ്യചിത്രമാണ് ‘ഫ്രഞ്ച് വിപ്ലവം’.സണ്ണി വെയ്‌നിന്റെ സത്യനും ലാലിന്റെ ശിശുപാലനുമാണ് കഥയുടെ ശക്തി സ്രോതസ്സുകള്‍. കൊച്ചുണ്ണിയിലെ കരുത്തനായ വില്ലന്‍ വേഷത്തിനു ശേഷം തീര്‍ത്തും വേറിട്ട കഥാപാത്രമായാണ് സണ്ണിവെയ്ന്‍ എത്തുന്നത്. 90 കളില്‍ കേരളത്തിലെ ഏതു നാട്ടിന്‍പുറത്തും മറ്റും കണ്ടുമുട്ടിയേക്കാവുന്ന, വല്യ ഹീറോയിസമൊന്നുമില്ലാത്ത ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനാണ് സത്യന്‍. കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസ്സില്‍ ചിരപരിചിതത്വം തോന്നിപ്പിക്കുന്നതില്‍ സണ്ണി വെയ്ന്‍ വിജയിച്ചിട്ടുണ്ട്.

ചാരായനിരോധനം നടന്ന ദിവസം അവസാനമായി ചാരായം നുണയാന്‍ സ്ഥലത്തെ പ്രധാന അബ്കാരിയായ ശിശുപാലന്റെ ചാരായ ഷാപ്പില്‍ തടിച്ചു കൂടുന്ന കൊച്ചുകടവുവാസികളുടെ വേദനകളില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. പാടവരമ്പിലെ രണ്ടാം നമ്പര്‍ കലുങ്കിലിരുന്ന് പാതിരാത്രി ‘കേരളത്തിലെ അവസാനതുള്ളി ചാരായം’ ആസ്വദിച്ചു കുടിക്കുന്ന സത്യനെയും മാവോയേയും പോലെയുള്ള ചെറുപ്പക്കാരുമുണ്ട് അന്നാട്ടില്‍.

ചാരായ വ്യവസായം അവസാനിപ്പിക്കേണ്ടി വന്നതോടെ അമ്പലക്കമ്മറ്റിയില്‍ നുഴഞ്ഞു കയറുകയാണ് സൂത്രക്കാരനായ ശിശുപാലന്‍. ഏകമകള്‍ മീരയുടെ സത്യനോടുള്ള പ്രേമത്തിനും തടസ്സം നില്‍ക്കുന്ന കൗശലക്കാരനാണ് അയാള്‍. പ്രിയപ്പെട്ടവളെ സ്വന്തമാക്കാന്‍ സത്യന്‍ നയിക്കുന്ന ‘വിപ്ലവ’ങ്ങളാണ് സിനിമയില്‍ ഹാസ്യരൂപേണ പറഞ്ഞുപോവുന്നത്.

അടിമുടി ശിശുപാലനായി വിസ്മയിപ്പിക്കുകയാണ് ലാല്‍ എന്ന നടന്‍. കഥാപാത്രത്തിന്റെ മര്‍മ്മമുള്‍ക്കൊള്ളാന്‍ ലാലിനായിട്ടുണ്ട്.  കലിംഗ ശശി, ജോളി ചിറയത്ത്, ചെമ്പന്‍ വിനോദ്, പോളി വത്സന്‍, അരിസ്‌റ്റോ സുരേഷ്, ജോബി എന്നിവരെല്ലാം ചെറിയ റോളുകളാണെങ്കിലും ചിരി പടര്‍ത്തി സിനിമയില്‍ നിറയുന്നുണ്ട്.

വളരെ ചെറിയൊരു കഥയെ ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ അല്‍പ്പം ഇഴയുന്നുണ്ടെങ്കിലും രണ്ടാം പകുതിയോടെ സിനിമ പിടിച്ചിരുത്തും. ഗ്രാമീണാന്തരീക്ഷമുള്ള കഥയോട് നീതി പുലര്‍ത്തുന്ന രീതിയില്‍ തന്നെ സിനിമയെ മുന്നോട്ടു കൊണ്ടു പോകാന്‍ സംവിധായകന് ആവുന്നുണ്ട്. നവാഗതനെന്ന നിലയില്‍ നോക്കുമ്പോള്‍ പ്രതീക്ഷ നല്‍കുന്നുണ്ട് മജു.