മലയാളത്തിന്റെ ഹിറ്റ്‌മേക്കര്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷം

മലയാളികള്‍ അതുവരെ കണ്ട സിനിമാ രീതികളെയും ചിന്തകളെയും തിരുത്തിയെഴുതിയ സംവിധായകന്‍ ഐ വി ശശി വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം.മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയെഴുതിയ സംവിധായകനായിരുന്നു ഐവി ശശി.

നാല് പതിറ്റാണ്ടുകളോളം സംവിധായക കുപ്പായമണിഞ്ഞ ഐവി ശശി നൂറിലധികം സിനിമകള്‍ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകനായിരുന്നു. അതിരാത്രം, മൃഗയ, ഇന്‍സ്‌പെകര്‍ ബല്‍റാം, അവരുടെ രാവുകള്‍, ഇതാ ഇവിടെ വരെ, ദേവാസുരം, അടിയൊഴുക്കുകള്‍ തുടങ്ങി ഏകദേശം 150 ഓളം സിനിമകളാണ് ഐവി ശശിയുടെ സംവിധാനത്തില്‍ ഒരുങ്ങിയത്. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി സിനിമാലോകത്ത് വീണ്ടും സജീവമാകാനിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

1968ല്‍ കോഴിക്കോട്ട് വെസ്റ്റ് ഹില്ലില്‍ നിന്നും മദിരാശിയിലേക്ക് കലാസംവിധായകനാകാന്‍ നാടുവിട്ട ഇരുപ്പം വീട് ശശീധരന്‍ എന്ന ഐവി ശശി, മലയാള സിനിമയുടെ തലമുതിര്‍ന്ന സംവിധായകനായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. മലയാള സിനിമയുടെ തറവാടായ കോടമ്പാക്കത്തിന്റെ മണ്ണില്‍ അലഞ്ഞുതിരിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ അതിജീവനത്തിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു.

മലയാള സിനിമയിലെ ആദ്യത്തെ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കമിട്ടുകൊണ്ടാണ്‌
ഐവി ശശി മലയാള സിനിമയില്‍ സംവിധായകന്റെ തൊപ്പിയണിഞ്ഞത്. ഐവി ശശി-ആലപ്പി ഷെരീഫ് കൂട്ടുകെട്ടില്‍ 1975കളിലിറങ്ങിയ ഉത്സവം എന്ന ചിത്രം മലയാള സിനിമയടെ ഗതി തന്നെ മാറ്റിവിട്ടു. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു വിഷയത്തെ കാലങ്ങള്‍ക്കും മുമ്പേ അവതരിപ്പിക്കുകയായിരുന്നു ഉത്സവം. കുടിവെള്ളത്തിനായുള്ള രണ്ട് കരക്കാരുടെ പോരാട്ടങ്ങള്‍ക്കിടയില്‍ ഒരു ദേശത്തിന്റെ കഥ പറയുകയായിരുന്നു ഉത്സവം.

ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റാക്കാന്‍ കഴിഞ്ഞ സംവിധായകനാണ് ഐവി ശശി. കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ അദ്ദേഹം നിരവധി പരീക്ഷണങ്ങള്‍ കൊണ്ടുവന്നു. മലയാള സിനിമയിലെ ദ്രുവനക്ഷത്രങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് ഐവി ശശി ചിത്രങ്ങളായിരുന്നു. മമ്മൂട്ടിയുടെ ഭാഗ്യസംവിധായകനെന്ന പേരും ഐവി ശശിയ്ക്ക് സ്വന്തം. മോഹന്‍ലാല്‍ നായകനായ ദേവാസുരം, വര്‍ണ്ണപ്പകിട്ട്, അനുരാഗി തുടങ്ങി ചിത്രങ്ങളും ഐവി ശശിയുടെ സംവിധായക മികവില്‍ പിറന്നു. ഐവി ശശി സംവിധാനം ചെയ്ത തൃഷ്ണ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, മൃഗയ, നീലഗിരി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ പൊന്‍തൂവലുകളായി.

അന്തരിച്ച നടന്‍ ജയന്‍ ഐവി ശശി ചിത്രങ്ങളില്‍ സ്ഥിരം നായകനായിരുന്നു. അങ്ങാടി, മീന്‍, കരിമ്പന എന്നീ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്. ജയനെന്ന താരത്തിന്റെ ഉദയം കോഴിക്കോട്ടങ്ങാടിയുടെ കഥ പറഞ്ഞ ‘അങ്ങാടി’യിലൂടെയാണ്.

ജനക്കൂട്ടത്തെ വെച്ച് സിനിമകളെടുക്കാന്‍ ഐവി ശശിയ്ക്ക് അപാര കഴിവുണ്ടായിരുന്നു. ദേവാസുരത്തിലെ ക്ലൈമാക്‌സ് രംഗവും ഈ നാട് എന്ന ചിത്രത്തിലെ രംഗങ്ങളും മാത്രം മതി ഇക്കാര്യം വ്യക്തമാകാന്‍. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം 125 ദിവസം പിന്നിടുക എന്ന ചരിത്രം കുറിച്ച സിനിമ കൂടിയാണ് ഈ നാട്. അടിയന്തരാവസ്ഥ കാലം മുതല്‍ രാഷ്ട്രീയത്തില്‍ നിന്നും ഒളിച്ചോടിയ മലയാള സിനിമയെ തിരിച്ചുകൊണ്ടുവന്നത് ഈ നാടാണ്. വാര്‍ത്ത, നാണയം തുടങ്ങിയ രാഷ്ട്രീയ സിനിമകളും ഐവി ശശിയുടെ സംവിധായക മികവില്‍ പുറത്തുവന്നു.

ആള്‍ക്കൂട്ടത്തെ മാത്രമല്ല, ഒറ്റപ്പെട്ട മനുഷ്യരുടെ വികാരങ്ങളും ഐവി ശശിയെ ആകര്‍ഷിച്ചിരുന്നു. മരണം കാത്തിരിക്കുന്നതിന്റെ തീഷ്ണതകളും വ്യക്തിബന്ധങ്ങളിലെ ശൈഥില്യവുമൊക്കെ ആവിഷ്‌കരിച്ച ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന ചിത്രം ഈ വഴിയെ സഞ്ചരിയ്ക്കുന്നതായിരുന്നു. കുടുംബ ബന്ധങ്ങളുടെ തീവ്രതയും ഐവി ശശി ചിത്രങ്ങളില്‍ സ്ഥാനം പിടിച്ചു. ആള്‍ക്കൂട്ടത്തില്‍ തനിയെ, അഭയം, അനുബന്ധം തുടങ്ങിയ ചിത്രങ്ങള്‍ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നവയായിരുന്നു.

മലയാളത്തില്‍ ആദ്യമായി എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച അവളുടെ രാവുകള്‍ എന്ന ചിത്രമെടുക്കാനും ധൈര്യം കാണിച്ച സംവിധായകനാണ് ഐവി ശശി. ലൈംഗികത്തൊഴിലാളിയുടെ കഥ പറഞ്ഞ് 1978ല്‍ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷരെപ്പോലും ആകര്‍ഷിച്ചു. പുരസ്‌കാരങ്ങളുടെ പട്ടികയില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ജനഹൃദയങ്ങളില്‍ വിസ്മയ ചിത്രമായി മാറി അവളുടെ രാവുകള്‍.

നല്ല സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന മുരളി മൂവീസ് രാമചന്ദ്രന്‍ എന്ന നിര്‍മ്മതാവുമായുള്ള സൗഹൃദം ഐവി ശശിയ്ക്ക് മാത്രമല്ല, മലയാള സിനിമയ്ക്കും മുതല്‍ക്കൂട്ടായി. ഉത്സവം, അനുഭവം, ആലിംഗനം, അംഗീകാരം, അവളുടെ രാവുകള്‍, ഊഞ്ഞാല്‍ എന്നീ ചിത്രങ്ങളൊക്കെയും നിര്‍മ്മിച്ചത് രാമചന്ദ്രനായിരുന്നു.

നായകനെയും നായികയേയുമൊക്കെ നന്‍മയുടെ പ്രതീകങ്ങളായി മാത്രം കണ്ടിരുന്ന കഥാപാത്ര സങ്കല്‍പ്പത്തെ തച്ചുടച്ചുകൊണ്ട് മലയാള സിനിമയെ പിടിച്ചുകുലുക്കിയ ‘ഇതാ ഇവിടെ വരെ’ എന്ന ചിത്രവും ഐവി ശശിയുടെ സംവിധായക മികവില്‍ പിറന്നു. പത്മരാജന്‍ എന്ന എഴുത്തുകാരനെ മുഖ്യധാര സിനിമയുടെ നെറുകയിലെത്തിച്ച സിനിമ കൂടിയായിരുന്നു അത്. പകയും രതിയും കെട്ടഴിച്ചുവിട്ട സിനിമ ചരിത്രം സൃഷ്ടിച്ചു.തമിഴില്‍ എട്ടോളം ചിത്രങ്ങളും ഹിന്ദിയില്‍ നാല് ചിത്രങ്ങളും ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്.