കേരളത്തില്‍ നിന്ന് 6.70 കോടി കളക്ഷന്‍ നേടി ’96’

വിജയ് സേതുപതി-തൃഷ ചിത്രം ’96’ കേരളത്തില്‍ നിന്ന് 6.70 കോടി കളക്ഷന്‍ നേടി. പതിനാറു ദിവസംകൊണ്ടാണ് ഇത്രയും കളക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത്. വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ് 96. റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം സി.പ്രേംകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. റാം എന്ന കഥാപാത്രമായി സേതുപതി എത്തുമ്പോള്‍ ജാനു എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിന്റെ ബാനറില്‍ നന്ദഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.