എന്നെ ഫ്രെയിമില്‍ നിന്ന് മാറ്റി നിര്‍ത്തി ; വേദനിപ്പിക്കുന്ന അനുഭവം തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

കോമഡിയിലൂടെ മലയാളികളുടെ ഹൃദയത്തിനുള്ളില്‍ സ്ഥാനം നേടിയ താരമാണ് ഇന്ദ്രന്‍സ്. എന്നാല്‍ അന്നത്തെ കാലത്ത് സിനിമ ചെയ്യുമ്പോള്‍ വേദനയുണ്ടാക്കുന്ന ചില സംഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്.

ഒരുപാട് നല്ല സംവിധായകര്‍ക്കൊപ്പവും എഴുത്തുകാര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തത് കൊണ്ട് എനിക്ക് അധികം ജോലി ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ പറയും പോലെ ചെയ്തു കൊടുത്താല്‍ മതിയായിരുന്നു, പക്ഷെ കോമഡി ചെയ്തു കൊണ്ടിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ വേദനയുണ്ടാക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. സീരിയസായ സീനുകള്‍ വരുമ്പോഴോ ക്ലൈമാക്‌സ് ആകുമ്പോഴോ എന്നെ ഫ്രെയിമിലില്‍ നിന്ന് മാറ്റി നിര്‍ത്തും, ആ സീനില്‍ ഇന്ദ്രനെ മാറ്റി നിര്‍ത്തൂവെന്ന് സംവിധായകര്‍ പറയുമ്പോള്‍ വേദന തോന്നാറുണ്ട്. ഇന്ദ്രന്‍സ് അവിടെ ചുമ്മാതെ നിന്നാലും പ്രേക്ഷകര്‍ ചിരിക്കുമെന്നും അതിന്റെ സീരിയസ് മൂഡ് നഷ്ടപ്പെടുമെന്നും അവര്‍ പറയുമ്പോള്‍ അത് വലിയ വിഷമമുണ്ടാക്കും’, ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.

കോമഡിയില്‍ നിന്ന് മാറി സീരിയസ് കഥാപാത്രങ്ങള്‍ അഭിനയിച്ച് പ്രേക്ഷകരെഞെട്ടിച്ചു കൊണ്ടായിരുന്നു ‘അപ്പോത്തിക്കിരി’ പോലെയുള്ള ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് തിളങ്ങിയത്. ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സിനു മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.