ഫ്രഞ്ച് വിപ്ലവ’ത്തില്‍ സണ്ണി വെയ്ന്‍ ആരാ സാറേ?; ചിത്രത്തിന്റെ പുതിയ പ്രൊമോ കാണാം

സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പ്രോമോ പുറത്തിറങ്ങി. സണ്ണി വെയ്ന്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രോമോ പുറത്തു വിട്ടത്. ഫ്രഞ്ച് വിപ്ലവം എന്താണെന്ന് ഇനി ആരും ചോദിക്കില്ലല്ലോ എന്ന തലക്കെട്ടോടെയാണ് പ്രോമോ താരം പങ്കുവെച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഫ്രഞ്ച് വിപ്ലവമെന്തെന്ന് അധ്യാപകന്‍ ക്ലാസെടുക്കുന്നതാണ് വീഡിയോ. വളരെ വ്യത്യസ്തവും രസകരവുമായ രീതിയിലാണ് ഇതിന്റെ അവതരണം. ഹരീഷാണ് പ്രോമോയില്‍ അധ്യാപകനായി വേഷമിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. മനോഹരമായ ഹ്യൂമര്‍ ചിത്രമാണ് അണിയറയിലൊരുങ്ങുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗത സംവിധായകന്‍ മജുവാണ് ചിത്രം ഒരുക്കുന്നത്. 90 കളുടെ പശ്ചാത്തിലൊരുങ്ങുന്ന ചിത്രം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും അവതരിപ്പിക്കുന്നു.

ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍. കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവാണ് നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 26 ന് ചിത്രം തിയേറ്ററുകളിലെത്തും.