ദുരൂഹതകളുടെ താഴ്‌വര…’ഹു’ : ട്രെയ്‌ലര്‍ പുറത്തിറങ്ങി

നിഗൂഢമായ രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ‘ഹു’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125 മിനിട്ട് ദൈര്‍ഘ്യമുള്ള ഹൂ സിനിമ ത്രില്ലര്‍ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ക്രിസ്മസ് രാത്രിയില്‍ നിഗൂഢമായ താഴ്‌വരയില്‍ നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളും അത് അവിടെയുള്ള ജനങ്ങളെ, അവരുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് ‘ഹു’ സിനിമയുടെ പ്രമേയം.

മൂന്ന് ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ‘ഹു’ ഇറങ്ങുക. ആദ്യ ഭാഗമായ ‘ഇസബെല്ല’ പിന്നീട് പുറത്തിറങ്ങും. 4K ക്വാളിറ്റിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ശ്രുതി മേനോന്‍, പേര്‍ളി മാണി, ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രമായി കലക്ടര്‍ ബ്രോ പ്രശാന്ത് നായരുമെത്തുന്നുണ്ട്. സംവിധാനം അജയ് ദേവലോക. ഒക്ടോബര്‍ 26 ന് ചിത്രം തിയേറ്ററുകളിലെത്തും.