താര വിവാഹത്തിനായി ജോധ്പുര്‍ ഒരുങ്ങുന്നു ; പ്രിയങ്ക-നിക് വിവാഹം നവംബറില്‍

ന്യൂയോര്‍ക്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ ജോധ്പുരിലെ ഉമൈദ് ഭവനില്‍ നടക്കും. അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയില്‍ വന്ന സമയത്ത് ജോധ്പുര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് തങ്ങളുടെ ‘സ്വപ്ന വിവാഹ’ത്തിനുള്ള വേദി ഇതു തന്നെയാക്കാമെന്ന് തീരുമാനിച്ചത്. നവംബര്‍ 30 ന് ആരംഭിച്ച് മൂന്ന് ദിവസങ്ങളിലായിട്ട് പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളുമായി 200 പേര്‍ മാത്രമായിരിക്കും ചടങ്ങില്‍ സംബന്ധിക്കുകയെന്ന് ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ന്യൂയോര്‍ക്കിലും പാര്‍ട്ടി ഒരുക്കും. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്.

ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് ഇരുപത്തറുകാരന്‍ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റിലാണ് പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവിധ വേദികളില്‍ ഒരുമിച്ചു വരാന്‍ തുടങ്ങിയതോടെയാണ് ഇവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.  പിന്നീട് പ്രിയങ്കയ്ക്കും കുടുംബത്തിനുമൊപ്പം നിക്ക് ഗോവയില്‍ അവധിക്കാലം ആഘോഷിച്ചിരുന്നു. ഇരുവരും തമ്മില്‍ പത്തുവയസ്സിന്റെ പ്രായവ്യത്യാസമുള്ളത് നിരവധി വിമര്‍ശനങ്ങള്‍ക്കു വഴിവച്ചുവെങ്കിലും ഇരുകുടുംബങ്ങളും ചേര്‍ന്നാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തിയത്.