നിങ്ങളെക്കുറിച്ചുള്ള സത്യവും വൈകാതെ പുറത്തു വരും : അമിതാഭ് ബച്ചനെതിരെ സിനിമ പ്രവര്‍ത്തക

അമിതാഭ് ബച്ചനെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡിലെ തിരക്കേറിയ ഹെയര്‍ സ്‌റ്റെലിസ്റ്റായ സപ്‌ന ഭവാനി. തന്റെ ട്വിറ്ററിലൂടെയാണ് സപ്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. താങ്കളുടെ ചിത്രമായ ‘പിങ്ക്’ തിയേറ്ററില്‍ വന്നു തിരിച്ചു പോയത് പോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചു പോകുന്നതാണ്.അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്ത് വരുമെന്നും അപ്പോള്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ലെന്നും കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും സപ്ന ട്വീറ്റില്‍ വ്യക്തമാക്കുന്നു.

തന്റെ പിറന്നാള്‍ ദിനത്തില്‍ അമിതാഭ് ബച്ചന്‍ മീ ടൂ ക്യാംപെയിനെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നു. ഒരു സ്ത്രീയ്ക്കും എവിടെവെച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്.പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അധിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് ബച്ചന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് സപ്നയുടെ ട്വീറ്റ്. അമിതാഭ് ബച്ചന്‍ മീ ടൂ വിനെ പിന്തുണച്ചത് കണ്ടപ്പോള്‍ ഏറ്റവും വലിയ നുണ കേട്ടതായി തോന്നിയെന്നും സപ്ന പറയുന്നു.