പതിനെട്ടാം പടിയില്‍ മമ്മൂട്ടിയും,പൃഥ്വിരാജും, ടോവിനോ തോമസും ഒന്നിക്കുന്നു

പ്രേക്ഷകരെ അമ്പരപ്പിച്ച് ജോണ്‍ എബ്രഹാം പാലക്കല്‍ ആയി മമ്മൂട്ടി എത്തുന്നു.ഒരു തിരക്കഥാകൃത്തായും നടനുമായും വളരെയധികം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശങ്കര്‍ രാമകൃഷ്ണന്‍.തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘പതിനെട്ടാം പടി’. മമ്മൂട്ടിയുടെ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് സിനിമാസ് ഇന്നലെയാണ് നടത്തിയത്.പുതിയ വാര്‍ത്ത പ്രകാരം സിനിമയില്‍ പൃഥ്വിരാജ്, ടോവിനോ തോമസ് എന്നിവര്‍ എത്തുന്നുണ്ട് . ഇത് ശരിയാണെങ്കില്‍ മമ്മൂട്ടിയും പ്രിഥ്വിരാജും പോക്കിരിരാജയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാകും ഇത്. മമ്മൂട്ടിക്കൊപ്പം ആദ്യമായി ടോവിനോ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടാകും. ഇവര്‍ മൂന്നു പേരും കൂടിയുള്ള ഈ കൂട്ടായ്മ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. മമ്മൂട്ടിയെയും ടോവിനോയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രമൊരുക്കുന്നതായി ബേസില്‍ ജോസഫും പ്രഖ്യാപിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ വൈകിട്ടാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത് . 60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് ആക്ഷന്‍ ഒരുക്കുന്നത് കെച്ച കെംബഡികെ ആണ് . മമ്മൂട്ടി ചിത്രം മാമാങ്കത്തിനും ആക്ഷന്‍ ഒരുക്കുന്നത് മാസ്റ്റര്‍ കെച്ചയാണ്. ഓഗസ്റ്റ്‌ സിനിമാസ് പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ക്ക് തിരക്കഥ ഒരുക്കുന്നതും ശങ്കര്‍ രാമകൃഷ്ണനാണ്. പതിനെട്ടാംപടിയുടെ ചിത്രീകരണത്തിനു ശേഷം 2019ല്‍ കുഞ്ഞാലി മരക്കാര്‍ ആരംഭിക്കാനാണ് ഓഗസ്റ്റ് സിനിമാസ് ഇപ്പോള്‍ പദ്ധതിയിടുന്നത്.’പതിനെട്ടാം പടി’യിലെ മമ്മൂട്ടിയുടെ മാസ്സ് ലുക്ക് വളരെ വ്യത്യസ്തമാര്‍ന്നതാണ്.അതുകൊണ്ട് ചിത്രവും അത്തരത്തിലൊരു വ്യത്യസ്തമായതാകും എന്നാണ് പ്രതീക്ഷ.