തുറന്നു പറച്ചിലുകള്‍ക്ക് ഏറെ കരുത്തും പിന്തുണയും വേണം; ‘മീ ടൂ’വിനെ പിന്തുണച്ച് ഐശ്വര്യറായ്

മീ ടൂ മൂവ്‌മെന്റിനെ പിന്തുണച്ച് ഐശ്വര്യാ റായ് ബച്ചന്‍. ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള അനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകള്‍ക്ക് ഏറെ പിന്തുണയും കരുത്തും പകരേണ്ടതുണ്ടെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

തനുശ്രീ ദത്ത- നാനാപടേക്കര്‍ വിവാദത്തോടെയാണ് ബോളിവുഡിന്റെ മീ ടൂ മൂവ്‌മെന്റ് ശക്തി പ്രാപിച്ചത്. തുടര്‍ന്ന് ലോക് നാഥ്, രാജ് കപൂര്‍, വികാസ് ബാഹ്ല്, കോമഡി ഗ്രൂപ്പായ എഐബി തുടങ്ങിയവയുമായി ബന്ധപ്പെട്ടും ലൈംഗിക അതിക്രമ സംഭവങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്തു വന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, മീ ടൂവിനെ എങ്ങനെ നോക്കി കാണുന്നു എന്നുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു ഐശ്വര്യ.

‘ഇന്ന് മീ ടൂ മൂവ്‌മെന്റിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം ലോകത്തെ വളരെ ചെറിയൊരു സ്‌പെയ്‌സായി ചുരുക്കുകയാണ്, ഒരാളുടെ ശബ്ദം പോലും വലിയ ശബ്ദമായി മാറുന്നു. സോഷ്യല്‍ മീഡിയയെ ആളുകള്‍ അവര്‍ക്ക് പറയാനുള്ളത് ഉറക്കെ പറയാനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. രാജ്യത്തെ നിയമ വ്യവസ്ഥ അര്‍ഹിക്കുന്നവര്‍ക്ക് നീതി നല്‍കട്ടെ. ഇത്തരം തുറന്നു പറച്ചിലുകള്‍ക്ക് ഏറെ കരുത്തും പിന്തുണയും വേണം, ദൈവം അവര്‍ക്ക് കരുത്തും അനുഗ്രഹവും പകരട്ടെ,’ ഐശ്വര്യാറായ് കൂട്ടിച്ചേര്‍ത്തു.