യാത്രയില്‍ വിജയ് ദേവരക്കൊണ്ട അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ട്

വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ യാത്രയില്‍ നടന്‍ വിജയ് ദേവേരക്കൊണ്ട അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ട്. വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ ദേവേരക്കൊണ്ടയെത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥാപാത്രത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈ.എസ്.ആറിനെ ജീവിതത്തെ മാത്രം കേന്ദ്രീകരിച്ചാണ് സിനിമ ഒരുങ്ങുന്നത്.

രണ്ടു പതിറ്റാണ്ടിനു ശേഷമാണ് മമ്മൂട്ടി തെലുങ്ക് ചിത്രത്തിലെത്തുന്നത്. ഡിസംബര്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും. മഹി.വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ യാത്ര നിര്‍മ്മിക്കുന്നത്.