ദീപിക പദുക്കോണ്‍ നിര്‍മ്മാതാവിന്റെ റോളിലേക്കും

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സിനിമാ നിര്‍മ്മാണ മേഖലയിലേക്കും ചുവടുവെക്കുന്നു. സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ ചിത്രമാണ് താരം നിര്‍മ്മിക്കുക. റാസി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായകയാണ് മേഘ്‌ന ഗുല്‍സാര്‍. ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദീപികയാണ്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആധാരമാക്കുന്ന ചിത്രമായിരിക്കും ഇതെന്ന് വാര്‍ത്തകളുണ്ട്. ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങും. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് ദീപികയും നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കാനാണത്രെ താരത്തിന് താത്പര്യം.

ബോളിവുഡ് താരം രണ്‍വീര്‍ സിംഗുമായുള്ള ദീപികയുടെ വിവാഹം നവംബറില്‍ നടക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതാണ് ദീപിക ഒടുവില്‍ അഭിനയിച്ച ചിത്രം.