അമല പോള്‍ ബോളീവുഡിലേക്ക്

അമല പോള്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. അമല പോളിന്റെ ആദ്യ ഹിന്ദി ചിത്രം ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ഹിമാലയമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ റാംപാല്‍ ആണ് നായകന്‍. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ മികച്ച കഥാപാത്രത്തെയാണ് സംവിധായകന്‍ നടിക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തമിഴില്‍ അമലയുടെ രാച്ചസന്‍ എന്ന ചിത്രം ഈ ആഴ്ച റിലീസ് ചെയ്യും. വിഷ്ണുവിശാലിന്റെ നായികയായി അധ്യാപികയുടെ വേഷമാണ് അമലയ്ക്ക്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിനായി അമല സ്വന്തമായി ഡബ്ബ് ചെയ്തിരുന്നു. അമലയുടെ ‘ആടൈ’ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്.

നീലത്താമരയിലൂടെ സിനിമയിലെത്തിയ അമല പോള്‍, മൈന എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ ബ്ലസിചിത്രം ആടുജീവിതമാണ് ഇനി വരാനിരിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തും. എ.ആര്‍ റഹ്മാന്‍, റസൂല്‍പൂക്കുട്ടി, ഛായാഗ്രാഹകന്‍ കെ.യു മോഹനന്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രം ആഗോള ശ്രദ്ധ നേടുമെന്ന വിശ്വാസത്തിലാണ് അമല.