23ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. നിശാഗന്ധിയില്‍ വൈകിട്ടാണ് സമാപന ചടങ്ങ്. വൈകുന്നേരം 6ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍ കുമാറാണ് മുഖ്യാതിഥി. മന്ത്രി എ.കെ ബാലന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊടിയിറങ്ങുന്ന മേളയില്‍ ഇന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

എട്ട് പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, എന്നിവിടങ്ങളിലെ 14 ചിത്രങ്ങളാണ് രാജ്യാന്തര മത്സര വിഭാഗത്തിലുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ.മ.യൗ’, സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാള ചിത്രങ്ങളും സുവര്‍ണ ചകോരത്തിനായി മത്സരത്തിനുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത ചലച്ചിത്ര മേളയാണ് ഇക്കുറി കടന്നുപോയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയ്‌ക്കെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.