ഗോപീ സുന്ദര സംഗീതം

2006ല്‍ നോട്ട്ബുക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് ഗോപീ സുന്ദര്‍ തന്റെ സിനിമാസംഗീത യാത്രയാരംഭിച്ചത്. 2007ല്‍ ഫഌഷ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായതോടെ ഗോപി സുന്ദറിന്റെ കരിയറിയില്‍ വഴിത്തിരിവായി. 2010ല്‍ പുറത്തിറങ്ങിയ അന്‍വര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ ഗോപി മലയാള സിനിമാ സംഗീതത്തിലെ അവിഭാജ്യഘടകമായി. സംഗീത സംവിധായകന്‍ എന്നതിലുപരിയായി മ്യൂസിക് പ്രോഗ്രാമര്‍ എന്ന നിലയില്‍ അറിയപ്പെട്ട് തുടങ്ങിയ ഗോപിസുന്ദര്‍ ബോളിവുഡിലെ വിശാല്‍-ശേഖര്‍ കൂട്ടുകെട്ടിന്റെ ഹിറ്റുകളായ ഓം ശാന്തി ഓം, ബ്ലഫ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തു. 5000ത്തില്‍പ്പരം പരസ്യജിംഗിളുകള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. തന്റെ പുതിയ ചിത്രങ്ങളുടെയും സംഗീത ജീവിതത്തിന്റെയും വിശേഷങ്ങള്‍ സെല്ലുലോയ്ഡ് ഫിലിം മാഗസിനുമായി പങ്കുവെയ്ക്കുകയാണ് ഗോപീ സുന്ദര്‍.

. 2006 മുതലുള്ള സിനിമാ സംഗീത യാത്രയെ എങ്ങിനെ നോക്കി കാണുന്നു?

നല്ലൊരു യാത്രയാണ്. എത്ര സിനിമകള്‍ ചെയ്തു എന്ന് ഇത്‌വരെ ഒരു കണക്കെടുപ്പ് നടത്തിയിട്ടില്ല. ഏകദേശം ഒരു വര്‍ഷം ഒരു ഇരുപത്തിമൂന്നോളം സിനിമ റിലീസാകുന്നുണ്ട്. ഇതെല്ലാം ഒരു യാത്രയാണ്. മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഒരു കയറ്റം പോലെയാണ്. ചിലപ്പോള്‍ താഴോട്ട് നോക്കിയാല്‍ പേടിയാവും.

.ഒരു വര്‍ഷം മാക്‌സിമം ചെയ്ത സിനിമകള്‍ 23 ആണെന്നാണോ..?

. ആയിരിക്കും. പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ നിന്ന് രഞ്ജിത്ത് ചേട്ടന്‍ തന്നെ ഒരിക്കല്‍ പറഞ്ഞു എടാ നീ ഒരു വര്‍ഷം ചെയ്യുന്ന സിനിമകള്‍ എത്രയാണെന്ന് അറിയുമോ എന്ന്. എനിക്കറിയില്ലെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 23 പടങ്ങള്‍ റിലീസ് ചെയ്തു. അത് കേട്ടപ്പോള്‍ എനിക്ക്തന്നെ ഒരു അതിശയമാണ് തോന്നിയത്.

.പല സ്വഭാവത്തിലുള്ള സിനിമകള്‍ ഒരേ സമയം ചെയ്യുന്നത് വലിയൊരു റിസ്‌ക്കല്ലെ.. എങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ പറ്റുന്നത് ?

. അത് ഒരുപാട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്‌കൊണ്ടാണ.് ആ എക്‌സ്പീരിയന്‍സ് കൊണ്ട് മനസ്സിനെ പെട്ടന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാനുള്ള ഒരു കഴിവ് കിട്ടി. വെള്ളം ഒരു പ്രതലത്തില്‍ ഒഴിക്കുന്നപോലെയാണ്. പാട്ടിന്റെ സ്വഭാവമനുസരിച്ച് സംഗീതം മാറ്റി ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ട്. ഒരു ആര്‍ട്ടിസ്റ്റായിരിക്കുമ്പോള്‍ അങ്ങനെയായിരിക്കണമെന്നാണ് എന്റെ വിശ്വാസം. ഉദാഹരണത്തിന് ഇപ്പോള്‍ ലാലേട്ടന്‍ ഒരു ഷോട്ട് എടുക്കുന്നതിന് മുന്‍പ് ചിരിച്ച് കളിച്ചൊക്കെ നില്‍ക്കുന്നത് കാണാം. ഓക്കെ, ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം ഭയങ്കര ഡീപ്പായിട്ടുള്ള ഇമോഷനിലേക്ക് മനസ്സെത്തിക്കുന്ന പോലെ സംഗീതത്തിന്റെ കാര്യത്തിലും പെട്ടന്ന് മനസ്സിനെ വ്യതിചലിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കണം ആര്‍ട്ടിസ്റ്റ് എന്നും ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ടായിരിക്കും എനിക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ പറ്റുന്നത്.

. ടെക്‌നീഷ്യന്‍ കൂടി ആയത്‌കൊണ്ടാണോ വേഗത കൈവരുന്നത്?

. തീര്‍ച്ചയായും ഒരു ടെക്‌നീഷ്യനാവുമ്പോള്‍ അതിന്റെ ഒരു ഗുണങ്ങള്‍ ഒന്നു വേറെ തന്നെയാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം ഉദ്ദേശിക്കുന്ന സമയത്ത് ചെയ്ത് കൊടുക്കാന്‍ പറ്റും. അത് ഒരു വിശ്വാസമാണ്. ഗോപീ സുന്ദറിന്റെ അടുത്ത് വന്ന് കഴിഞ്ഞാല്‍ പറഞ്ഞ സമയത്ത് സിനിമ റിലീസ് ചെയ്യാന്‍ പറ്റും എന്നുള്ളൊരു വിശ്വാസമുണ്ട് പ്രൊഡ്യുസര്‍മാര്‍ക്കെല്ലാവര്‍ക്കും. കുറച്ച് സമയത്തിനുള്ളില്‍ കൂടുതല്‍ ഔട്ട്പുട്ട്, ഇംപാക്ട് കൊടുക്കാന്‍ സാധിക്കുന്ന ഇടത്താണ് നമുക്ക് മാര്‍ക്കറ്റുള്ളത്.

. കഥ എങ്ങിനെയാണ് കേള്‍ക്കുന്നത് ? സെലക്റ്റീവ് ആകാന്‍ കഴിയുന്നുണ്ടോ?

. കഥ എങ്ങനെ കേട്ടാലും അത് നമ്മള്‍ക്കെത്ര മാനസികമായിട്ട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നതിലാണ് അതിന്റെ ഔട്ട്പുട്ട്. 23 ചിത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ എനിക്ക് സെലക്ടീവാകാന്‍ പറ്റില്ല. എനിക്ക് വരുന്ന എല്ലാ ജോലിയും ഒരനുഗ്രഹമായിട്ടാണ് ഞാന്‍ കരുതുന്നത്. പക്ഷെ അതിനോട് എന്ത് നീതി പുലര്‍ത്താന്‍ കഴിയുമോ പരമാവധി ഞാനത് കൊടുക്കുന്നതായിരിക്കും. എനിക്കിഷ്ടപ്പെട്ട സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്യുകയെങ്കില്‍ ഒരു വര്‍ഷം നാല് സിനിമകളെ ഞാന്‍ ചെയ്യുകയുള്ളൂ.

. ഇത് വരെ ചെയ്തതില്‍ വളരെ എന്നോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് തോന്നിയ സിനിമകള്‍?

. ഒരു ഡോക്ടറിന്റെ ജോലി പോലെയാണത്. ഒരു രോഗിയോട് എനിക്ക് വളരെ സ്‌നേഹം തോന്നുന്നു എന്ന് കരുതി ആ രോഗിയെ മാത്രമേ ചികിത്സിക്കാന്‍ പറ്റൂ എന്നും മറ്റുള്ളവരെ ഇഷ്മല്ല അതിനാല്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റില്ല എന്നും എനിക്ക് പറയാന്‍ പറ്റില്ല. ഓരോ സിനിമയും ഓരോ പേഷ്യന്‍സ് പോലെയാണെനിക്ക്. സിനിമയ്ക്ക് കുറവുകളുണ്ടാകാം. അതൊക്കെ മനസ്സിലാക്കി ടെകനീഷ്യന്‍ എന്ന രീതിയില്‍ ആ സിനിമയെ എത്രത്തോളം സ്‌ക്രീനിലേയ്ക്ക് എത്തിക്കാന്‍ കഴിയുന്നു എന്നതാണ് നോക്കുന്നത്. അതിനോട് നീതി പുലര്‍ത്തുന്ന സമയത്താണ് ഞാന്‍ എന്ന ഒരു ടെക്‌നീഷ്യന്റെ വളര്‍ച്ച എനിക്കും പ്രേക്ഷകര്‍ക്കും ഈ ഇന്‍ഡസ്ട്രിക്കും മനസ്സിലാവുകയുള്ളൂ. ഒരു പ്രേക്ഷകനെന്ന രീതിയില്‍ ഞാന്‍ ചെയ്തതില്‍ എന്നെ വളരെ ആകര്‍ഷിച്ച സിനിമകളുണ്ട്. ബാംഗ്ലൂര്‍ഡേയ്‌സ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു, 1983 തുടങ്ങി ഒരുപാട് സിനിമകള്‍.

. പാട്ട് ചെയ്യുന്നതാണൊ ഏറ്റവും കൂടുതല്‍ സംതൃപ്തി അല്ലെങ്കില്‍ പശ്ചാത്തല സംഗീതം ചെയ്യുന്നതാണൊ?

പാട്ട് ചെയ്യുന്നത് എനിക്കിഷ്ടമാണ്. പശ്ചാത്തല സംഗീതമൊരുക്കുന്നത് കുറച്ചുകൂടെ ത്രില്ലിംഗാണ്. കൊച്ചുനാള്‍മുതല്‍ സംഗീതം അഭ്യസിക്കുന്നൊരു കുട്ടിക്ക് പാട്ടുപാടാനും പുതിയ രീതിയില്‍ ഈണങ്ങള്‍ നല്‍കാനും കഴിവുണ്ടെങ്കില്‍ ആ പാട്ട് നമുക്ക് സിനിമയില്‍ ഉപയോഗിക്കാം. പക്ഷെ അതേ കഴിവുള്ളൊരു കുട്ടിക്ക് ഒരു പശ്ചാത്തല സംഗീതം ചെയ്യാന്‍ കൊടുത്താല്‍ അത് ചെയ്‌തോളണമെന്നില്ല. കാരണം അതൊരു കൈത്തൊഴിലാണ്. സിനിമയെ അറിഞ്ഞ് ഒരുപാട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും തേടിയുള്ള യാത്രയിലൂടെ നമ്മള്‍ കൈവരിക്കുന്ന ഒരു തൊഴിലാണത്. സംഗീതം മാത്രമല്ല അതില്‍ ചേര്‍ന്നിരിക്കുന്നത് ഒരുപാട് ടെക്‌നിക്കലായിട്ടുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍തന്നെ പശ്ചാത്തല സംഗീതം ചെയ്യാനറിയാവുന്ന സംഗീതഞ്ജനാണെങ്കില്‍ എപ്പോഴും തിരക്ക് തന്നെയായിരിക്കും. പാട്ട് എല്ലാവര്‍ക്കും ചെയ്യാവുന്നത്‌പോലെ പശ്ചാത്തല സംഗീതം എല്ലാവര്‍ക്കും പറ്റുന്നതല്ല. അത് അഭ്യസിച്ചാല്‍ മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ പറ്റുകയുള്ളു. അത് അഭ്യസിക്കാന്‍ വേണ്ടി സംഗീതത്തെ ഒരു ഉപാധിയായി എടുക്കുന്നു എന്ന മാത്രമേ ഉള്ളൂ.

. ക്യാപ്റ്റനെന്ന സിനിമയില്‍ പല ഇമോഷനില്‍ ഒരേ മ്യൂസിക്ക് ഉപയോഗിച്ചിട്ടുണ്ട്…അത്തരത്തിലുള്ളൊരു കണ്ടെത്തലിനെ കുറിച്ച്?

. ഒരു സിനിമയ്ക്ക് വേണ്ടി നമ്മള്‍ ഉപയോഗിച്ച മാനസ്സിക സംഘര്‍ഷമല്ല അടുത്ത സിനിമയ്ക്കായി നമ്മള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം. ഓരോ സിനിമയുടെ പ്രതലമനുസരിച്ച് അതിന്റെ പശ്ചാത്തലം മാറും.അപ്പോള്‍ പശ്ചാത്തലസംഗീതമെന്ന് പറയുമ്പോള്‍ അതിന്റെ പ്രതലമെന്താണൊ അതിനനുസരിച്ചാണ് അതിന്റെ പശ്ചാത്തലവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നിടത്താണ് പശ്ചാത്തല സംഗീതം എന്നു വിളിക്കപ്പെടുന്നത്. പുതുതായിട്ടൊന്ന് ക്രിയേറ്റ് ചെയ്തു എന്ന് എനിക്ക് അവകാശപ്പെടാനില്ല. നമ്മള്‍ക്ക്് മുന്‍പേ നടന്നുപോയിട്ടുള്ള ഒരുപാട് മഹാരഥന്‍മാര്‍ ചെയ്ത് വെച്ച കാര്യങ്ങളില്‍ നിന്നും വളരെ ചെറിയ കാര്യങ്ങള്‍ റിസര്‍ച്ച് ചെയത്് കണ്ടെത്തിയിട്ട് എങ്ങനെ പുതിയ രീതിയില്‍ അവതരിപ്പിക്കാം എന്നുള്ളത് മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. പുതുതായിട്ട് ഒരു വഴി വെട്ടിത്തെളിച്ച് പോയി എന്നൊന്നും എനിക്ക് അവകാശപ്പെടാനില്ല.ഒരു പക്ഷെ എന്റെയൊക്കെ കാലശേഷം അടുത്ത തലമുറ നമ്മള്‍ ചെയ്ത വര്‍ക്ക് വിലയിരുത്തുമ്പോള്‍ നമ്മളൊക്കെ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് അവര്‍ പറയുന്നിടത്താണ് എന്റെ ഈ കാലഘട്ടത്തിലുള്ള കാലാകരന്‍മാര്‍ക്ക് സംതൃപ്തി കിട്ടുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.

.സംവിധായകരെ സംതൃപ്തിപ്പെടുത്തുക എന്നത് സംഗീതഞ്ജനെ സംബന്ധിച്ച് വലിയ വെല്ലുവിളിയല്ലേ?

. ഒരു തരം മനസ്സിലാക്കലാണത്. ഇപ്പോള്‍ സംവിധായകനും അതോടനുബന്ധിച്ചുള്ള മറ്റ് വ്യക്തികള്‍ക്കും സോളോ വയലിന്‍ എന്നൊരു ഇന്‍സ്ട്രുമെന്റ് ഭയങ്കര ഇഷ്ടമാണ് എന്ന് എന്നോട് പറയുമ്പോള്‍ ഞാന്‍ എല്ലാ പാട്ടിലും സോളോ വയലിന്‍ തന്നെ ഉപയോഗിക്കാം എന്ന തീരുമാനമെടുക്കുന്നിടത്ത് ഞാന്‍ വെറും മ്യൂസിക്കായി മാറും. ഒരു സംഗീത സംവിധായകന്‍ എന്ന രീതിയിലേക്ക് ഒരു പേരെനിക്ക് വന്നുചേരുന്നുണ്ടെങ്കില്‍ എനിക്കറിയാവുന്ന സംഗീതത്തെ ഏത് രീതിയില്‍ എവിടെ എങ്ങനെ ഉപയോഗിക്കണമെന്നും എങ്ങോട്ട് ദിശ തിരിച്ച് വിടണം എന്നതും നമ്മുടെ ഇഷ്ടമാണ്. പക്ഷെ ഈ സിനിമയ്ക്കത് എത്രത്തോളം വര്‍ക്ക് ഔട്ടാവും എന്നുള്ള രീതിയിലുള്ള തീരുമാനങ്ങളും ദിശാ നിര്‍ണയങ്ങളുമാണ് ഡയറക്ഷന്‍ എന്നു പറയുന്നത്.

.മാനസ്സികമായിട്ട് അടുപ്പം തോന്നിയ സംവിധായകര്‍?

.എല്ലാവരെയും ഞാന്‍ ഒരുപോലെയാണ് ട്രീറ്റ് ചെയ്യാറുള്ളത്. എല്ലാവരോടും സ്‌നേഹമാണ്. എനിക്ക് കടപ്പാടുള്ള ഒരു വ്യക്തിയുണ്ട്. അത് റോഷന്‍ ആന്‍ഡ്രൂസിനോടാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഉദയനാണ് താരം ചെയ്യുന്ന സമയത്ത് എന്റെ വര്‍ക്ക് കേട്ട് ഇഷ്ടപ്പെട്ടാണ് നവാഗതനായ എനിക്ക് നോട്ട്ബുക്കിലേക്ക് അവസരം തരുന്നത്. അത്രയും ഉത്തരവാദിത്തപ്പെട്ട ജോലി എന്നെപ്പൊലൊരു പുതിയ ആള്‍ക്ക് തരാന്‍ അദ്ദേഹത്തിന് തോന്നിയ ധൈര്യം പറയാതിരിക്കാന്‍ വയ്യ. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമയോട് ഞാന്‍ പ്രത്യേകമായിട്ട് കൂറ് പുലര്‍ത്തും എന്നല്ല എല്ലാവരോടും ഒരേ സ്വഭാവത്തില്‍ നില്‍ക്കും. ആ സിനിമയോടും തിരക്കഥയോടുമാണ് നമുക്ക് ആദ്യ ഉത്തരവാദിത്തം വേണ്ടത്. മനുഷ്യന്‍ അതിന് ശേഷമാണ് വരുന്നത്.

.പലതരത്തിലുള്ള ഗായകരെ തന്റെ സിനിമയുടെ ഭാഗമാക്കുന്നുണ്ടല്ലോ…അതിനെ കുറിച്ച്?

ഒരുപാട് യാത്രചെയ്യുന്ന വ്യക്തിയാണ് ഞാന്‍. സ്റ്റുഡിയോയിലിരിക്കുന്ന സമയം വളരെ കുറവാണ്. ഇരിയ്ക്കുന്ന സമയം വര്‍ക്കുകളെല്ലാം പെട്ടെന്ന് തീര്‍ക്കാറുണ്ട്. ഇറങ്ങുന്ന എല്ലാ സിനിമകളും ഞാന്‍ കണ്ടിരിക്കും. ഒരുപാട് കേള്‍ക്കുകയും അറിയുകയും ചെയ്യും. അതിന് വേണ്ടി സമയം കണ്ടെത്തും. ഇല്ലെങ്കില്‍ നമ്മള്‍ കിണറിനകത്തുള്ള തവളയുടെ അവസ്ഥയായിപ്പോകും. നാടന്‍ പാട്ടുകള്‍ പാടുന്ന വ്യക്തികള്‍, കഥകളി പദങ്ങള്‍ പാടുന്ന വ്യക്തികള്‍ ഇങ്ങനെയുള്ള ഓരോരുത്തരുടെയും അടുത്ത് നിന്ന് ഓരോ കാര്യങ്ങള്‍ പഠിക്കുകയും അഭ്യസിക്കുകയും അതിലൂടെ സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ എന്റെ ക്രിയേറ്റീവ് സ്‌പേസിലും അവര്‍ ഒരു ഭാഗമായി മാറുന്നതാണ്. അല്ലാതെ മനപ്പൂര്‍വ്വം പിടിച്ച് നിര്‍ത്തി പാടിക്കുന്നതല്ല. പ്രണവം ശശി എന്നൊരു കലാകാരനുണ്ട്. അദ്ദേഹത്തെ ഞനെന്റെ രണ്ട് മൂന്ന് സിനിമകളില്‍ പാടിച്ചിട്ടുണ്ട്. അദ്ദേഹം പാടുമ്പോള്‍ ഒരു ത്രില്ലാണ് തോന്നുക. ചില ഗായകര്‍ പാടുമ്പോള്‍ നമുക്ക് ആസ്വാദനമാണ് തോന്നുക. പക്ഷെ ഇദ്ദേഹം പാടുമ്പോള്‍ ആസ്വാദനവും ത്രില്ലിംഗും തോന്നും. ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും ത്രില്ലിംഗായിട്ട് തോന്നും.

. സംഗീതം പഠിച്ച് ചെയ്യുന്നതാണോ നല്ലത്?

.എന്റെ അഭിപ്രായത്തില്‍ സംഗീതം പഠിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. വേണമെങ്കില്‍ കുറച്ച് കീര്‍ത്തനങ്ങളും ഗാനങ്ങളുമെല്ലാം പഠിച്ചെടുക്കാന്‍ പറ്റും. ആധികാരികമായി ഇതിനെക്കുറിച്ച് സംസാരിക്കാന്‍ പറ്റും. സംഗീതമെന്നാല്‍ നാച്ചുറലി ഉണ്ടാകേണ്ട ഒരു വികാരമാണ്. ചിലര്‍ക്കത് കുറച്ച് കൂടുതലായിരിക്കും. അങ്ങനെയുള്ളവര്‍ സംഗീതഞ്ജരായി മാറുന്നു. ഞാനൊരിക്കലും സംഗീതം പഠിക്കാന്‍ വേണ്ടി ശ്രമിച്ചിട്ടില്ല. സംഗീതം അനുഭവിക്കാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. ആ അനുഭവത്താല്‍ എനിക്കറിയാവുന്ന സംഗീതത്തിലൂടെ ഞാന്‍ അത് പ്രതിഫലിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അത് എത്രത്തോളം വിജയകരമാണെന്നന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

(കോപ്പിയടിയെന്ന് വിളിയ്ക്കുന്ന ട്രോളന്‍മാര്‍ക്ക് മറുപടി, വ്യക്തിജീവിതത്തെ കുറിച്ച് തുറന്ന് പറയുന്നു…ഗോപി സുന്ദറിന്റെ അഭിമുഖം അടുത്ത ലക്കത്തില്‍ തുടരും)

error: Content is protected !!