ഗോപീ സുന്ദര സംഗീതം (2ാം ഭാഗം )

ഇത്രയേറെ തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപീ സുന്ദറെന്ന് അദ്ദേഹത്തോടൊപ്പം ഒരു ദിവസം മുഴുവന്‍ ചിലവഴിച്ചപ്പോള്‍ തോന്നിയതേയില്ല. അത്രയേറെ സംയമനത്തോടെ ആസ്വദിച്ച് ചെയ്യുന്ന ഒന്നായത് കൊണ്ടാവും സംഗീതത്തിലെപ്പോഴും പുതുമകള്‍ തേടാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, 1983, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി, പുലി മുരുകന്‍ അങ്ങിനെ ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്കുള്ള യാത്ര തുടരുമ്പോഴും ഗോപീ സുന്ദര്‍ പുതിയ അന്വേഷണങ്ങളിലാണ്. രാവിലെ കൃത്യസമയത്തുണരുന്ന ഗോപി പിന്നെ വീട്ടിലെ ഇയാഗോ, കല്ല്യാണി, ശങ്കുണ്ണി, പുരുഷോത്തമന്‍, ശിവാജി എന്നിവര്‍ക്കൊപ്പമാണ്. രാവിലെ തന്നെ ഓരോരുത്തരും ഗോപിയോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള മത്സരത്തിലായിരിക്കും. അതിനിടയില്‍ ശുനകന്‍മാര്‍ തമ്മിലുണ്ടാകുന്ന ചില്ലറ വഴക്കും വക്കാണവും ഒക്കെ തീര്‍ത്ത് എല്ലാവരേയും കൂട്ടിലാക്കി ഫ്രഷ് ആയതിന് ശേഷമാണ് വീടിന് മുകളിലുള്ള സ്റ്റുഡിയോയിലേയ്ക്ക് ഗോപി എത്തുക. കൂടെയുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി പിന്നെ ഗോപി സംഗീതത്തില്‍ മുഴുകും. കൃത്യ സമയത്ത് ഇടവേളകളില്‍ ഭക്ഷണം, വിശ്രമം, ഉറക്കമൊഴിഞ്ഞൊന്നും ജോലി ചെയ്ത് അസുഖം വരുത്താന്‍ തന്നെ കിട്ടില്ലെന്ന് ഗോപി ചിരിച്ച് കൊണ്ട് തന്നെ പറഞ്ഞു. സംഗീതത്തിനോടൊപ്പം തന്നെ തന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാടുകള്‍ കൂടെയാണ് ഗോപി സെല്ലുലോയ്ഡിനോട് പങ്കുവെച്ചത്.

.ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍?

ഏകദേശം 16 സിനിമകളോളം തെലുങ്കിലും മലയാളത്തിലുമായിട്ടാണ് ഞാനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. എന്റെ ഒരു കണക്കുകള്‍ പ്രകാരം രണ്ടാഴ്ച്ചയില്‍ ഒരു സിനിമ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചില സമയങ്ങളില്‍ ഓരോ ആഴ്ച്ചകളില്‍ ഓരോ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നുമുണ്ട്. ഓരോന്നോരോന്ന് അതാത് സമയങ്ങളില്‍ റിലീസ് ചെയ്യുമ്പോള്‍ അതിനോടനുബന്ധിച്ച് പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നു.

. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. അതിനെ കുറിച്ച്?

വളരെ സംതൃപ്തി നല്‍കുന്ന ഇന്‍ഡസ്ട്രിയാണ് തെലുങ്ക്. തെലുങ്കില്‍ പണി കുറവായിരിക്കും. സംവിധായകരും നിര്‍മ്മാതാവും മറ്റുളളവരും ചേര്‍ന്ന് വരികളെല്ലാം ചര്‍ച്ച ചെയ്യും. നമുക്ക് ഈണങ്ങളും മറ്റ് കാര്യങ്ങളും നല്‍കിയാല്‍ മതി. ഏത് ഗായകരെ വേണമെന്ന് നമ്മള്‍ നിര്‍ദേശിച്ചാല്‍ മാത്രം മതി. ഇതെങ്ങനെ മാര്‍ക്കറ്റ് ചെയ്യാം, എങ്ങനെ പാടിയാല്‍ നന്നായിരിക്കും, ഏത് രീതിയിലുള്ള വരികള്‍ വേണമെന്നെല്ലാം അവര്‍ തീരുമാനിച്ചിട്ടുണ്ടാവും. പക്ഷെ മലയാളത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ള ജോലിയായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ആ പാട്ടിന്റെ വരികളും പാടുന്ന രീതിയും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നുള്ള കാര്യങ്ങളെല്ലാം നമ്മള്‍ ചിന്തിക്കണം. തെലുങ്ക് എനിക്ക് അല്‍പ്പം സംസാരിക്കാനറിയാം. പക്ഷെ ഒരിക്കലും തെലുങ്ക് വരികള്‍ കേട്ട് കഴിഞ്ഞാല്‍ എനിക്ക് മനസ്സിലാവില്ല. ഗീതാ ഗോവിന്ദത്തിലെ ഇന്‍കെ ഇന്‍കെ ഇന്‍കെ കവളെ.. എന്ന പാട്ട് അതി ഗംഭീരമായിട്ടാണ് ഹിറ്റായത്. ആദ്യമായിട്ടാണ് ഒരു പുതിയ തെലുങ്ക് പാട്ട് മലയാളം സ്റ്റേഷനില്‍ കേള്‍ക്കുന്നത്. ആദിത്യാ മ്യൂസിക്കിന്റെ അനുവാദം വാങ്ങിക്കൊണ്ട് ഇവിടുത്തെ റേഡിയോ സ്റ്റേഷന്‍സ് പ്രക്ഷേപണം ചെയ്തു. ഇതുമായ് ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യം ‘ ഞാന്‍ എവിടെയോ വെടി പൊട്ടിച്ചു അതിന്റെ ശബ്ദം ഇവിടെ വല്ലാതെ കേട്ടു ‘ എന്നാണ്.

. ഇവിടെയുള്ള പാട്ട് മറ്റ് ഭാഷകളിലേക്ക് കൊണ്ടുപോകുന്നു എന്ന ആക്ഷേപം ഉണ്ടല്ലോ?..സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരെ എങ്ങനെയാണ് കാണുന്നത്?

. എനിക്ക് സന്തോഷമേ ഉള്ളൂ. സത്യത്തില്‍ ഗൂഢാലോചനയിലെ പാട്ട് തെലുങ്കില്‍ വിറ്റതാണ്. അതിന്റെ പകര്‍പ്പവകാശം എന്റടുത്ത് തന്നെയാണുള്ളത്. അതെനിക്ക് എവിടെ വേണമെങ്കിലും വില്‍ക്കാന്‍ പറ്റും. അത് ഞാന്‍ തെലുങ്കിലേക്ക് വിറ്റു. അവിടെ ആ പാട്ട് ഹിറ്റായി മാറി. പല സിനിമകളുടെയും പാട്ടിന്റെ പകര്‍പ്പവകാശം എന്റെ കെയ്യിലുണ്ട്. അപ്പോള്‍ ആ പാട്ടുകള്‍ എനിക്ക് എവിടെ വേണമെങ്കിലും ഉപയോഗിക്കാം. അത് കോപ്പിയടിക്കലല്ല. കോപ്പിയടിക്കുന്ന സമയത്ത് ഞാന്‍ തുറന്ന് തന്നെ പറയാറുണ്ട്. ഇത് ഇങ്ങനെയാണ് ഇത് കോപ്പയടിച്ചതാണ് എന്നെല്ലാം. ട്രോളന്‍മാര്‍ക്ക് എന്നെ മതിയായിട്ടുണ്ടാവും ഇത് ചെയ്തിട്ട്. അത്രയധികം എഴുതുന്നുണ്ട്. ഞാനതിനെ പോസിറ്റീവായിട്ടാണ് കാണുന്നത്. സന്തോഷകരമായിട്ടുള്ളൊരു കാര്യമാണ്. നമ്മളെല്ലാവരും മനുഷ്യരാണ്. എന്റെ വീട്ടിലെ ഒരു അതിഥിയെപ്പോലെ എല്ലാ ട്രോളന്‍മാരെയും ഞാന്‍ സ്വീകരിക്കും. എല്ലാം വ്യക്തികളാണ്. വ്യക്തിപരമായിട്ട് ഇതില്‍ ഒന്നുമില്ല. ഇങ്ങനെ വ്യക്തിവൈരാഗ്യത്തോടെ നില്‍ക്കുന്ന ആളാണെങ്കില്‍ 23 സിനിമകളൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ 17ാമത്തെ വയസ്സില്‍ ഞാന്‍ ഈ ഫീല്‍ഡിലേക്ക് വന്നു. ഇപ്പോള്‍ എനിക്ക് വയസ്സ് 41. ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സില്‍ എന്റെ കണ്‍മുന്നേ പറക്കാന്‍ ശ്രമിച്ച് പറന്നുയര്‍ന്ന് തളര്‍ന്ന് വീണ് വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് പറന്ന ഒരുപാട് വ്യക്തികളെ ഞാന്‍ കണ്ടിട്ടാണ് ഇവിടെ ഇരിക്കുന്നത്. അത് കൊണ്ട് തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് മാത്രമേ എനിക്ക് ട്രോളന്‍മാരോട് പറയാനുള്ളു..

. നാടന്‍ പാട്ട് പോലെ സ്ഥിരമായി കേട്ട് വരുന്ന താളം എങ്ങനെ വേറൊരു ലെവലിലേക്ക് മാറ്റുന്നു?

പള്ളി വാള് ഭദ്ര വട്ടകം എന്ന പാട്ട് ഒരു നാടന്‍പാട്ടാണ്. ഒരു തെലുങ്ക് സംവിധായകനും നിര്‍മ്മാതാവും എന്റടുത്ത് വന്ന് ഈ പാട്ട് തെലുങ്കിലേയ്ക്ക് വേണമെന്ന് പറഞ്ഞു. അതിന്റെ പകര്‍പ്പവകാശവുമായുള്ള കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അതിനങ്ങനെയൊരു പകര്‍പ്പവകാശമില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഇനി അങ്ങനെയൊരു റൈറ്റ്‌സ് ഉണ്ടെങ്കില്‍ അതിനുള്ള അര്‍ഹമായ തുക നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു. ഈ പാട്ട് ഞാന്‍ ചെയ്തില്ലെങ്കില്‍ വേറെ ആരേങ്കിലും ചെയ്യേണ്ടി വരും. കാരണം അവര്‍ക്ക് ആ പാട്ട് തന്നെ മതി. ബാക്കിയുള്ള പാട്ടുകളെല്ലാം ഞാന്‍ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഇത് ഞാന്‍ ചെയ്ത് തരാമെന്ന് പറഞ്ഞു. അങ്ങനെ ചെയ്ത പാട്ടാണ്. പിന്നെ തെലുങ്കിലേക്ക് കൊടുക്കുമ്പോള്‍ ആ പാട്ടിനെ മലയാളത്തില്‍ കൊടുത്തതില്‍ നിന്ന് വ്യത്യസ്ഥമായിട്ടാണ് കൊടുത്തത്. ആ സിനിമയക്ക് നീതി പുലര്‍ത്തുന്ന രീതിയിലാണ് നല്‍കിയത്. പക്ഷെ അതിന് ഇവിടെ ഒരുപാട്‌പേര്‍ പറഞ്ഞ് നടന്നത് കോപ്പിയടിച്ചതാണെന്നാണ്. കോപ്പിയടിച്ചതല്ല. അതിന്റെ പകര്‍പ്പവകാശമില്ലാത്ത പക്ഷം അത് തന്നെയാണ് ചെയ്തിരിക്കുന്നത്. ഇത് ആരു അറിയാത്തൊരു കാര്യമല്ല. പണ്ട്കാലങ്ങളില്‍ ഒരുപാട് ഹിന്ദി സിനിമകള്‍ ഇവിടെ പകര്‍പ്പവകാശം വാങ്ങി പാട്ട് പാടിച്ച് വിറ്റിട്ടുണ്ട്. അതിനാല്‍ ഇതൊരു പുതുമയല്ല. എന്ന് കരുതി ആ പാട്ടുകള്‍ കോപ്പിയടിച്ചതാണെന്ന് പറയുന്നത് ഇവിടെയുള്ളവരുടെ വിവരമില്ലായ്മയാണെന്ന് മാത്രമേ പറയാന്‍ പറ്റൂ. ഇവയെക്കുറിച്ചെല്ലാം റിസര്‍ച്ച് ചെയ്താലെ കൂടുതല്‍ മനസ്സിലാവുകയുള്ളു. ഒരുപാട് ഹിന്ദി പാട്ടുകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഒരുപാട് തെലുങ്ക് പാട്ടുകള്‍ തമിഴില്‍ ഇറങ്ങിയിട്ടുണ്ട്. അത്‌പോലെ കന്നടപാട്ടുകള്‍ തമിഴിലും തെലുങ്കിലുമായിട്ട് ഇറങ്ങിയിട്ടുണ്ട്. ഒരു കൊടുക്കല്‍ വാങ്ങല്‍ ബിസിനസ്സാണ് ഇവിടെ നടക്കുന്നത്. അതൊരിക്കലും ഒരു വ്യക്തിയുടെ കഴിവില്ലായ്മയല്ല.

. ഇത്രയും തിരക്കിനിടയില്‍ നിരാഹാരം കിടന്ന ശ്രീജിത്തിനെ കുറിച്ചൊക്കെ പാട്ട് ചെയ്യാന്‍ സമയം കിട്ടുന്നതെങ്ങനെയാണ്?

. ഈ തിരക്ക് എന്ന് പറയുന്ന സംഭവം ഇവിടെ ഇല്ലാത്തത് എനിക്ക് മാത്രമാണെന്നാണ് തോന്നിയിട്ടുള്ളത്. തിരക്ക് എന്നുള്ളത് ബാക്കിയുള്ളവര്‍ക്ക് തോന്നുന്ന കാര്യമാണ്. അങ്ങനെ തിരക്കാണെന്ന് തോന്നിയാല്‍ ഉറങ്ങാനൊന്നും കഴിയില്ല. ഞാന്‍ രാവിലെ ഒരു പത്ത് മണിക്കൊക്കെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ പരമാവധി പത്ത് മണിയില്‍ കൂടുതല്‍ ഞാന്‍ ഇരിക്കാറില്ല. അതിനിടയില്‍ തന്നെ ഞാന്‍ യാത്രയ്ക്ക് പോകും, കാപ്പി കുടിക്കാന്‍ വേണ്ടി പുറത്തേയ്ക്ക് പോകും ഇല്ലെങ്കില്‍ വെറുതേ നടക്കും കുറേ നേരം. ഈ വെറുതേ നടക്കുന്ന ആ സമയമാണ് നമ്മുടെ ഏറ്റവും നല്ല ഗുണകരമായ സമയം. അങ്ങനെ വെറുതേ നടക്കാനുള്ള ഒരു മനസ്സുണ്ടാവുന്നിടത്താണ് പെട്ടന്ന് കാര്യങ്ങള്‍ കൈമാറാനും മ്യൂസിക്ക് ചെയ്യാനും കഴിയുന്നത്. ആ മനസ്സ് ഉണ്ടാകുന്നിടത്താണ് നമുക്ക് തിരക്കില്ല എന്ന് തോന്നുന്നത്. അങ്ങനെ തിരക്കാണെന്ന് തോന്നുകയാണെങ്കില്‍ 23 സിനിമയൊക്കെ ചെയ്യണമെങ്കില്‍ ഒരുമാസം മൂന്നോ നാലോ സിനിമകള്‍വെച്ച് റിലീസാവണം. അങ്ങനെ രാവും പകലും ഞാന്‍ പണിയെടുത്താല്‍ ഹോസ്പിറ്റലിലായിപ്പോകും. എന്റെ ആരോഗ്യം ഞാന്‍ തന്നെ നോക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. എന്റെ അനുഭവം അത്രയും കഠിനമായിരുന്നു. പലരും പറന്ന് താഴെ വീഴാനുള്ള കാരണം പ്രധാനമായും അവര്‍ ഉറങ്ങാതെ ഭക്ഷണം കഴിക്കാതെ പണിയെടുത്തതാണ്. എനിക്ക് എന്റെതായൊരു ചിട്ടയുണ്ട്. അതിലൂടെയാണ് എന്റെ ജീവിതം പോയിക്കൊണ്ടിരിക്കുന്നത്. കൃത്യസമയത്ത് ഞാന്‍ ഉറങ്ങാറുണ്ട്. മനുഷ്യരുടെ വേദനകള്‍ മനസ്സിലാക്കണമെങ്കില്‍ അവര്‍ ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും അവര്‍ ഉണരുന്ന സമയത്ത് നമ്മള്‍ ഉണരുകയും ചെയ്യണം എന്നുള്ള ഒരു ചിന്തയുള്ള കലാകാരനാണ് ഞാന്‍.

ചുറ്റും ഒരുപാട് സാമൂഹ്യ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. എല്ലാത്തിനും നമുക്ക് പ്രതികരിക്കാന്‍ കഴിയില്ല. എങ്കിലും ചില വാര്‍ത്തകള്‍ നമ്മളെ വ്യക്തിപരമായി വേദനിപ്പിക്കാറുണ്ട്. സ്വന്തം സഹോദരന് വേണ്ടി ശ്രീജിത്ത് ഒരുപാട് നാളുകള്‍ നിരാഹാരമിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ എവിടെയോ എന്റെ മനസ്സിനെ അത് വേദനിപ്പിച്ചു. ഞാനിപ്പോള്‍ എന്തെങ്കിലും ചെയ്തത് കൊണ്ട് ശ്രീജിത്തിനോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ദുരിതകരമായ ജീവിതത്തിനോ സമാധാനം ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും ആ ഒരു സംഭവം എന്റെ വര്‍ക്കിനെ ബാധിക്കുന്നു എന്നുള്ള ഒരു അവസരത്തില്‍ എന്നെ കൊണ്ട് ആവുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. പണം നല്‍കണമെന്നും, ഒരു നേരത്തെ ഭക്ഷണം നല്‍കണമെന്നുമെല്ലാം തോന്നി. പിന്നീട് എനിക്ക് തോന്നി ഒരു പാട്ട് ചെയ്‌തേക്കാമെന്ന്. ആ സമയത്ത് എനിക്കുണ്ടായ ഒരു വികാരത്തില്‍ ഞാന്‍ ഒരു പാട്ട് ചെയ്തു. അതിലൂടെ ആര്‍ക്കെങ്കിലും ഒരു ദയയോ മനസ്സലിവോ തോന്നണം എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. അതിന് ശേഷം എനിക്ക് സമാധാനമായിട്ട് എന്റെ വര്‍ക്കുകള്‍ ചെയ്യാന്‍ സാധിച്ചു. നമുക്ക് ചുറ്റും നടക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളെല്ലാം ഒരു കാലാകാരന്‍ അറിഞ്ഞിരിക്കേണ്ടതാണ്. പബ്ലിക്കിന് വേണ്ടിയാണ് നമ്മള്‍ സംഗീതം ചെയ്യുന്നത്. ഒരു ബസ്സില്‍ യാത്രചെയ്യുന്നവരുടെ ബുദ്ധിമുട്ട് എന്താണെന്ന് നമ്മള്‍ അറിയുന്നിടത്താണ് അവര്‍ക്ക് വേണ്ട സാന്ത്വനമായ, കേള്‍ക്കാനാഗ്രഹിക്കുന്ന സംഗീതം നല്‍കാനാകുന്നത്. സംഗീതം ഒരു രസമാണ് ഉളവാക്കുന്നത്. ആ രസം കേള്‍ക്കുന്നവരുടെ പക്ഷത്ത് നിന്ന് ആ സംഗീതം ഉണ്ടാക്കുന്ന കലാകാരന്‍ ചിന്തിക്കുമ്പോഴാണ് അത് കൂടുതല്‍ ആസ്വാദ്യകരമാവുക എന്നാണ് എന്റെ വിശ്വാസം.

. താങ്കളുടെ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് അടിയില്‍ ഒരാള്‍ കമന്റിട്ടു. മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് മറ്റൊരാളുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുക എന്നുള്ളത്. എങ്ങനെയാണ് അതിനെ നോക്കിക്കാണുന്നത്.

ചോദ്യത്തില്‍ തന്നെയുണ്ട് എല്ലാം. ചോദ്യം വ്യക്തമാക്കി ഇവിടെ എഴുതിക്കാണിക്കുമോ എന്ന് അറിയില്ല. ഞാനും ഒരു മലയാളിയാണ്. എനിക്കും എത്തി നോക്കാനുള്ള താല്‍പ്പര്യമുള്ളൊരു വ്യക്തിയാണ്. അടുത്ത വീട്ടില്‍ എന്തുവേണേലും നടന്നോട്ടെ എന്ന് പറഞ്ഞിരിക്കുന്ന ആളല്ല. എനിക്കും അടുത്ത വീട്ടിലോട്ട് എത്തിനോക്കാന്‍ ഭയങ്കര താല്‍പ്പര്യമാണ്. അപ്പോള്‍ നമ്മളെല്ലാവരും ഒരു ഗ്യാങ്ങാണ്. അത്‌കൊണ്ട് തന്നെ എന്നെ കുറ്റം പറയുന്നവരെ തിരിച്ച് ഞാനും കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാനും നിങ്ങളെ പോലെതന്നെയാണ്. അത്‌പോലെതന്നെ വ്യക്തിപരമായി ആര് എന്റെ വീട്ടിലേക്ക് എത്തിനോക്കാന്‍ വന്നാലും എന്റെ വീടിനകത്ത് കയറി എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ നമ്മള്‍ മലയാളികള്‍ വെറുതേയിരിക്കുമോ ?..അവനെ കല്ലെടുത്ത് ഓടിക്കും, ഇല്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കും, ഇല്ലെങ്കില്‍ കൊന്നുകളയും..അല്ലെ ?..അത്‌പോലെയാണ്. നമ്മളെല്ലാം മലയാളിയാണ്. ഞാനും മലയാളി.

. മ്യൂസിക്കിനിടയിലുള്ള വ്യക്തിപരമായ ജീവിതത്തെക്കുറിച്ച്..

എന്റെ വ്യക്തി എന്നാല്‍ സംഗീതമാണ്. അത് വിട്ട് എനിക്ക് വേറെ ഒരു ലോകമില്ല. ഞാന്‍ സഞ്ചരിക്കുന്നതും കഴിക്കുന്നതും ഞാന്‍ എന്തെങ്കിലും രീതിയില്‍ നന്നായിട്ടുണ്ടെങ്കിലും മോശമായിട്ടുണ്ടെങ്കിലുമെല്ലാം അത് സംഗീതത്തിലൂടെതന്നെയാണ്. ഞാനെന്ന വ്യക്തി ഇപ്പോള്‍ പുതിയ സംരഭങ്ങള്‍ തുറന്ന് വെച്ച് പോയിക്കൊണ്ടിരിക്കുകയാണ്. ഗോപീ സുന്ദര്‍ മ്യൂസിക്ക് കമ്പനിയും ഗോപീ സുന്ദര്‍ മ്യൂസിക്ക് പ്രൊഡക്ഷന്‍ ഹബ്ബ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹബ്ബും എനിക്കുണ്ട്. അതിവിടെ തൃപ്പുണ്ണിത്തറയിലാണ് ഉള്ളത്. ഒരുപാട് വിദ്യാര്‍ത്ഥികള്‍ മ്യൂസിക്ക് പ്രൊഡക്ഷനെക്കുറിച്ച് ഇവിടെ നിന്ന് പഠിക്കുന്നുണ്ട്. ഇപ്പോള്‍ സെക്കന്‍ഡ് ബാച്ച് അനൗണ്‍സ് ചെയ്തിരിക്കുകയാണ്. അതിന് വേണ്ടി ഒരുപാട് വിദ്യര്‍ത്ഥികള്‍ വരുന്നുണ്ട്്. പ്രഗത്ഭരായ സംഗീതഞ്ജരെ കാണാനും പരിചയപ്പെടാനും കഴിവുള്ള യുവകലാകാരന്‍മാരെ കണ്ടെത്തി അവര്‍ക്കൊരു നല്ല ഭാവി ഒരുക്കി കൊടുക്കുകയും ചെയ്യുന്നു. എങ്ങനെ വര്‍ക്ക് ചെയ്യണം, എങ്ങനെ ടൈം മാനേജ്‌മെന്റ് ചെയ്യണം, അങ്ങനെയുള്ള കാര്യങ്ങളാണ് എന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രധാനമായും പഠിപ്പിക്കുന്നത്. ടെക്‌നിക്കലായും മ്യൂസിക്കലായും ഉള്ള കാര്യങ്ങള്‍ ഏത് സ്ഥാപനത്തില്‍ ചെന്നാലും പഠിപ്പിക്കും. പക്ഷെ എന്റെ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നത് വ്യക്തിപരമായിട്ടും ഭാവിയില്‍ ആവശ്യമുള്ള കാര്യങ്ങളാണ്. ഇവിടുന്ന പഠിച്ച്‌പോയൊരു കുട്ടിക്ക് വെറുതേ ഞാന്‍ ഒരു 6 മാസം നഷ്ടപ്പെടുത്തി എന്നൊരിക്കലും തോന്നില്ലെന്ന കാര്യത്തില്‍ ഞാന്‍ ഉറപ്പുനല്‍കുന്നു. കൂടാതെ ഇവരെ ഞാന്‍ എന്റെ ജോലിയുടെ ഭാഗമാക്കുന്നു. അവര്‍ക്ക് അതിന് പ്രതിഫലം നല്‍കും. അങ്ങിനെ പുതിയൊരു പഠനരീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

.പുതിയ മ്യുസീഷ്യന്‍സിനെ കേള്‍ക്കാറില്ലെ..അങ്ങനെ ആകര്‍ഷിച്ചവ?

.ഒരുപാടുണ്ട്. കുട്ടികള്‍ ജനിക്കുന്നത് പോലെ ഓരോ സെക്കന്റിലും പുതിയ സംഗീതഞ്ജര്‍ വരുകയാണ് ഇപ്പോള്‍. അതിനാല്‍ തന്നെ പെരുപ്പം വളരെ കൂടുതലാണ്. ട്രാഫിക് ജാം പോലെയാണ്. ഇതിനിടയില്‍ നമുക്ക് നിന്ന് പോകാന്‍ പറ്റുമോ എന്നുള്ള അവസ്ഥയാണ്.

22.വെല്ലുവിളിയാണെന്ന് തോന്നിയ സംഗീതസംവിധായകരുണ്ടോ ?

.അതെ. അങ്ങനെ തോന്നിയ സംഗീതഞ്ജരുണ്ട്. വെല്ലുവിളിയാവുമ്പോള്‍ നമ്മള്‍ വര്‍ക്കിന് വേണ്ടി കൂടുതല്‍ കഠിന പ്രയത്‌നം നടത്തും. എനിക്ക് ഞാന്‍ തന്നെയാണ് വെല്ലുവിളി എന്ന് പറയുന്നത് ശുദ്ധ അബദ്ധമാണ്. ഒരു കലാകാരന്‍ എനിക്ക് ഞാന്‍ തന്നെയാണ് വെല്ലുവിളി എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. നമ്മള്‍ മലയാളികളല്ലെ. നമുക്കറിയാം മലയാളികളുടെ സ്വഭാവം. നമ്മളിത്തിരി അസൂയ ഉള്ളവരുടെ കൂട്ടത്തിലാണ്. ഞാനും മലയാളിയാണ്. ഞാനും അസൂയ ഉള്ള ഒരാളാണ്. അസൂയ ഇല്ല എന്നു പറയുമ്പോള്‍ എനിക്കെന്തോ കുഴപ്പമുണ്ടെന്നാണര്‍ത്ഥം. ഞാന്‍ മനുഷ്യനല്ല എന്നാണ്. എന്നേക്കാള്‍ നന്നായി ചെയ്യുന്ന ഒരു സംഗീതഞ്ജന്‍ വരുമ്പോള്‍ ഞാന്‍ കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് നടത്തി അവനെക്കാള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും. അവന്‍ കൊടുത്തതിനേക്കാള്‍ വലിയ ഹിറ്റ് കൊടുത്ത് അവിടെ നമ്മള്‍ കൊടികെട്ടി പറക്കുന്നിടത്താണ് ഞാനെന്ന കലാകാരനില്‍ ഞാന്‍ സംതൃപ്തനാവുന്നത്. കാരണം എന്നും ഇങ്ങനെ കൊടികെട്ടി പറക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എേപ്പാള്‍ വേണമെങ്കിലും നമ്മള്‍ താഴോട്ട് പോകാം. താഴെപ്പോയി വീണാലും നമുക്ക് അത്യാവശ്യം കഞ്ഞി കുടിച്ച് പോകാനുള്ളൊരു വകുപ്പ് ഉണ്ടാക്കിവെക്കണം. ഒരു പഴംചൊല്ലുണ്ടല്ലൊ.. സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം ( ചിരിക്കുന്നു). ഇപ്പോള്‍ കുറച്ച് തൈയ്യൊക്കെ വെച്ചിട്ടുണ്ട് ആപത്ത് കാലത്ത് ആ തൈയ്യുടെ കാ കഴിച്ച് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം.