‘ലഡു’വിന്റെ മധുരം നുണഞ്ഞൊരു നായിക

നവാഗതനായ അരുണ്‍ ജോര്‍ജ്ജ്. കെ ഡേവിഡ് സംവിധാനം ചെയ്ത ‘ലഡു’ എന്ന ചിത്രത്തിലൂടെ നായികയായി മധുരം നുണഞ്ഞ് വെള്ളിത്തിരയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഗായത്രി അശോക്. ലഡുവിലൂടെ ആദ്യമായി നായികയായ ഗായത്രി അശോക് സെല്ലുലോയ്ഡിലൂടെ തന്റെ ആദ്യ സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

. ‘ലഡു’ വിന്റെ മധുരത്തെ കുറിച്ചുള്ള അഭിപ്രായം?

നല്ല റെസ്‌പോണ്‍സാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ടവരെല്ലാം ഞങ്ങള്‍ക്ക് പേഴ്‌സണലായ് മെസ്സേജ് അയക്കുകയും, അല്ലെങ്കില്‍ ഡയറക്ടറെ അറിയിച്ചൊ, ലഡുവിന്റെ പേജില്‍ വന്നോ, നല്ല ഫീഡ്ബാക്ക് തരുന്നുണ്ട്. മിക്‌സഡ് റിവ്യൂസാണ് ലഭിക്കുന്നത്. എന്റെ ക്യാരക്ടറെപ്പറ്റിയൊക്കെ ആള്‍ക്കാരൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ചിലര്‍ അങ്ങനെ എടുത്ത് പറയുമ്പോള്‍ നല്ല സന്തോഷം..

.സിനിമയിലേക്കുളള ഗായത്രിയുടെ എന്‍ട്രി?

ഞാന്‍ ചെന്നൈയിലെ ഒരു ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി വര്‍ക്ക് ചെയ്യുകയായിരുന്നു. ധനുഷ് എന്നു പേരുള്ള എന്റെ ഒരു സുഹൃത്തായിരുന്നു എനിക്ക് കാസ്റ്റിങ്ങ് കോള്‍ അയച്ചു തന്നിരുന്നത്. സത്യത്തില്‍ എന്റെ അമ്മക്കായിരുന്നു ആ മെസ്സേജ് ലഭിച്ചത്. ഞാന്‍ ആദ്യമായി പോയ ഒരു ഓഡീഷനായിരുന്നു അത്. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. അമ്മയാണ് എനിക്ക് ധൈര്യം പകര്‍ന്നത്. ഒരു ഹീറോയിന്‍ ആവുമെന്ന് ഞാന്‍ ഒട്ടും കരുതിയിരുന്നില്ല. മൂന്ന് റൗണ്ടുകള്‍ക്ക് ശേഷം വിഷുവിന്റെ അന്നാണ് ഡയറക്ടര്‍ എന്നെ വിളിച്ച് ഞാന്‍ ഹീറോയിന്‍ ആണെന്ന വിവരം അറിയിച്ചത്. പിന്നെ എല്ലാവരെയും ഞാന്‍ അത് അറിയിക്കുന്നതിന്റെ ബഹളമൊക്കെയായിരുന്നു.

. പഠനം?

ഞാന്‍ പ്ലസ് ടു വരെ കേരളത്തില്‍ തന്നെയായിരുന്നു പഠിച്ചത്. പത്താം ക്ലാസ്സ് വരെ തിരുവനന്തപുരത്തും, കണ്ണൂരുമായി കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. പിന്നീട് പ്ലസ് വണ്‍, പ്ലസ് ടുവുമൊക്കെ ചെയ്തത് കൊച്ചി ടോക് എച് പബ്ലിക് സ്‌കൂളിലാണ്. അത് കഴിഞ്ഞ് ചെന്നൈ എസ് ആര്‍ എം യൂണിവേഴ്‌സിറ്റിയില്‍ചേര്‍ന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷനായിരുന്നു എന്റെ വിഷയം. ഡിഗ്രി കഴിഞ്ഞതിന് ശേഷമാണ് ആറഡോണ്‍ വഴി എനിക്ക് ഒരു ലീഡ് ഗ്രാഫിക് ഡിസൈനില്‍ ജോലി ലഭിക്കുന്നത്. എന്റെ ആദ്യത്തെ ജോലിയായിരുന്നു അത്.

.എന്താണ് ഗ്രാഫിക് ഡിസൈന്‍ പ്രത്യേകമായ് തിരഞ്ഞെടുക്കാന്‍ കാരണം…?

വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഒരുപാട് മേഘലകളുള്‍പ്പെടും. അതില്‍ എനിക്കിഷ്ടമുണ്ടായിരുന്നത് ഡിസൈനിങ്ങായിരുന്നു. പിന്നീട് ഞാന്‍ ചെറിയ രീതിയില്‍ വിസിറ്റിങ്ങ് കാര്‍ഡ്‌സ്, പാംഫെ്‌ലറ്റ്‌സ് എന്നിവയൊക്കെ ഡിസൈന്‍ ചെയ്ത് തുടങ്ങി. വളരെ അണ്‍ എക്‌സ്‌പെക്ടഡായിട്ട് കിട്ടിയ ഒരു ജോലിയാണ്. എനിക്ക് ഒരു ജോലി കിട്ടുമെന്ന് ഞാനും കരുതിയിരുന്നില്ല. അറ്റന്‍ഡ് ചെയ്ത ഇന്റര്‍വ്യൂവില്‍ എന്തുകൊണ്ടോ എന്റെ വര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ടു. ഒരു ഇന്‍വിറ്റേഷന്‍ കാഡായിരുന്നു ചെയ്യാന്‍ പറഞ്ഞത്. അഞ്ച് പേരെ അവര്‍ സെലക്ട് ചെയ്തതില്‍ ഞാനുമുണ്ടായിരുന്നു.

.നാടിനെയും വീടിനെയും കുറിച്ച് ?

ഞാന്‍ ഒരു കണ്ണൂര്‍ക്കാരിയാണ്. അച്ഛനും അതെ. അമ്മ ആലുവക്കാരിയാണ്. അച്ഛന്‍ പോലീസിലായിരുന്നത്‌കൊണ്ട് ഞങ്ങള്‍ അച്ഛന്‍ വര്‍ക്ക് ചെയ്തിരുന്ന സ്ഥലങ്ങളിലൊക്കെ താമസിച്ചിട്ടുണ്ട്.തിരുവന്തപുരം, കണ്ണൂര്‍, കൊച്ചി, ഇടക്ക് ചെന്നൈ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. എന്റെ അമ്മ ഒരു കലാകാരിയാണ്.അമൃത ടിവിയിലെ വനിതാരത്‌നം എന്ന പരിപാടിയില്‍ പങ്കെടുത്ത് ഫൈനല്‍ വരെ എത്തിയിരുന്നു. എനിക്ക് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ട്. ഇപ്പോള്‍ തിരുവനന്തപരുത്ത് സിവില്‍ സര്‍വ്വീസിന് വേണ്ടി പ്രിപ്പെയര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്.

.കലയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ..?

ആക്ടിങ്ങുമായ് ബദ്ധപ്പെട്ട ഒന്നും ഞാനിതുവരെ ചെയ്തിട്ടില്ല. ലഡു എന്റെ ആദ്യത്തെ അഭിനയ അനുഭവമാണ്. പക്ഷെ ഡാന്‍സ് ഞാന്‍ ചെയ്തിട്ടുണ്ട്. കോളേജ് ഫെസ്റ്റുകളിലും സ്‌കൂള്‍ ഫെസ്റ്റുകളിലുമൊക്കെയായി..

.ആദ്യമായി ഫ്രെയ്മില്‍ നിന്ന ഒരു അനുഭവം എങ്ങനെയായിരുന്നു..?

എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ മെയ്ക്ക് അപ്പ് ഇട്ട് കൊണ്ടിരിക്കുന്ന സമയത്തൊക്കെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷെ ഷൂട്ടിങ്ങിനായി പുറത്തെത്തിയപ്പോഴോക്കും ഒരു നൂറോളം ആള്‍ക്കാര്‍ ചുറ്റിലുമുണ്ടായിരുന്നു. ടെന്‍ഷനായപ്പോള്‍ അമ്മയുടെ അടുത്ത് ഇത് ചെയ്യാന്‍ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. പക്ഷെ അമ്മ എന്റെ കൂടെ നിന്ന്, കിട്ടിയ ഒരു അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മാക്‌സിമം ചെയ്യണം എന്നൊക്കെ പറഞ്ഞു. അമ്മ സപ്പോര്‍ട്ട് തന്നതുകൊണ്ടാണ് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചത്.

.ചിത്രത്തിനായി റിഹേഴ്‌സല്‍ ക്യാമ്പൊക്കെ ഉണ്ടായിരുന്നാ.?

ഞാന്‍ ഒന്നും പഠിക്കാതെ ബ്ലാങ്കായി വന്ന ഒരാളായിരുന്നതുകൊണ്ട് എനിക്ക് അരുണ്‍ സര്‍ തൃശ്ശൂരില്‍വെച്ച് ഒരു ടെന്‍ ഡേയ്‌സ് ഗ്രൂമിങ്ങ് തന്നിരുന്നു. ചിത്രത്തിലെ കഥാപാത്രം സ്‌കൂട്ടര്‍ ഒക്കെ ഓടിക്കുന്ന ഒരാളാണ്. എനിക്ക് ആ സമയത്ത് സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയുമായിരുന്നില്ല. അതുകൊണ്ട് ആദ്യത്തെ അഞ്ച് ദിവസം ഞാന്‍ സ്‌കൂട്ടറിന്റെ ട്രെയ്‌നിങ്ങിന് പോയി. പിന്നീടുള്ള അഞ്ച് ദിവസം ക്യാമറയും ക്രൂവുമായുള്ള ഒരു പരിചയപ്പെടലും ഒക്കെയായി അങ്ങനെയൊരു ഗ്രൂമിങ്ങ് സെഷന്‍ ഉണ്ടായിരുന്നു. ആ സമയത്താണ് സ്റ്റോറി ഒക്കെ എനിക്ക് സ്‌ക്രിപ്റ്റ് റൈറ്ററും സാറും കൂടി വായിച്ച് തരുന്നത്.

. ലഡു റൊമാന്‍സ് ആന്‍ഡ് കോമഡിയാണ്… ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ടോ?

തീര്‍ച്ചയായിട്ടും.. റൊമാന്‍സ് ജീവിതത്തില്‍ ഉണ്ടാകാത്ത ആരാണുള്ളത്. ചെറുതായിരിക്കുമ്പോള്‍ എന്തായാലും ഉണ്ട്. പ്രേമിക്കേണ്ട സമയത്ത് നല്ലപോലെ തന്നെ ഞാന്‍ പ്രേമിച്ചിട്ടുണ്ട്.

. നായികയായില്ലേ…ഇനി ജോലി ഒഴിവാക്കുമോ.?

ഞാന്‍ ഒരിക്കലും ഒരു സിനിമയില്‍ ഹീറോയിനായി അഭിനയിക്കാന്‍ പറ്റും എന്ന് കരുതിയ ആളല്ല. നമ്മള്‍ ഓരോ അവസരങ്ങള്‍ കണ്ടെത്തി അതിനുവേണ്ടി പ്രയത്‌നിക്കണം. ഇപ്പോള്‍ ഞാന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. ലഡു കഴിഞ്ഞതില്‍ പിന്നെയാണ് എനിക്ക് ആക്ടിങ്ങിനോട് പാഷന്‍ വന്നത്. ഞാന്‍ ചന്നൈയില്‍ കൂത്തുപ്പട്ടരൈ എന്ന ഒരു മൂന്ന് മാസത്തെ ഡ്രാമ കോഴ്‌സൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. ഫെയ്മസായ ഒരു ഡ്രാമ കോഴ്‌സാണ്. അതിനുശേഷം നല്ല കോണ്‍ഫിഡന്‍സുണ്ട്.

.മീ ടു പോലുള്ള ക്യാമ്പെയ്‌നുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. എന്താണ് അഭിപ്രായം?

മീ ടു എന്ന ഒരു ക്യാമ്പെയ്ന്‍ വന്നത് തന്നെ അത്തരത്തില്‍ കുറച്ച് പേര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായത് കൊണ്ടാണ്. അങ്ങനെ ഒരു ക്യാമ്പെയ്ന്‍ വന്നത് സത്യത്തില്‍ എന്നെപ്പോലെ പുതിയ ആള്‍ക്കാര്‍ക്ക് അതൊരു സെക്യൂരിറ്റി തന്നെയാണ്. തീര്‍ച്ചയായും ഞാനും അത് കൊണ്ട് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നു.

.ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് പറയാമൊ…?

എനിക്ക് സത്യത്തില്‍ ഒരു സിനിമ കാണുമ്പോള്‍ അതിലെ എല്ലാ കഥാപാത്രങ്ങളെയും അഭിനയിച്ചറിയാന്‍ ആഗ്രഹമുണ്ട്. എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ വളരെയധികം താല്‍പ്പര്യമുള്ള ഒരാളാണ് ഞാന്‍. ഉദാഹരണത്തിന് മണിച്ചിത്രത്താഴെന്ന സിനിമയുടെ ഒരു വലിയ ആരാധികയാണ് ഞാന്‍. അത് എത്ര തവണ കണ്ടാലും എനിക്ക് മടുപ്പ് തോന്നുന്നില്ല. ശോഭന ചേച്ചി ചെയ്ത ആ ഒരു കഥാപാത്രത്തെ പോലുള്ളവ അവതരിപ്പിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ട്.

. ഭാവി പരിപാടികള്‍?

നല്ലൊരു ആര്‍ട്ടിസ്റ്റാവണം എന്ന ഒരു ആഗ്രഹമാണ് ഇപ്പോള്‍. ഒരു രണ്ട് മൂന്ന് പ്രൊജക്ടസിന്റെ ഡിസ്‌കഷന്‍ നടക്കുന്നുണ്ട്. പക്ഷെ ഒഫീഷ്യലായ തീരുമാനങ്ങളൊന്നും അവരെടുക്കാതെ എനിക്ക് പറയാന്‍ സാധിക്കില്ലല്ലോ… ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്.