ഏറെ കാത്തിരപ്പിനൊടുവില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ എട്ടാം പരമ്പരയെത്തുന്നു.. വൈറലായി ആദ്യ ട്രെയ്‌ലര്‍..

മാര്‍വെല്‍ ലോകത്തിന് ശേഷം ഇന്ത്യയിലും ലോകത്തെമ്പാടുമായി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഒരു നിരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ നിരയിലെ ഓരോ പുതിയ എപ്പിസോഡിനുമായുള്ള ആരാധകരുടെ കാത്തിരിപ്പ്. ചിത്രം അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോള്‍ അതുകൊണ്ട് തന്നെ എല്ലാ പ്രേക്ഷകരും പരമ്പരയുടെ അവസാന ഭാഗത്തിലേക്ക് ഉറ്റു നോക്കുകയാണ്. ഈ കാത്തിരിപ്പിന് ഒരു വിരാമമായാണ് ഇപ്പോള്‍ ഗെയിം ഓഫ് ത്രോണ്‍സ് 8ാം സീസണിന്റെ മുഴുനീള ട്രെയിലര്‍ എച്ച്.ബി.ഒ പുറത്തിറക്കിയിരിക്കുന്നത്. മറ്റ് എപ്പിസോഡികളെ അപേക്ഷിച്ച് ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാനത്തെ സീസണില്‍ ഉളളത്. പക്ഷേ, ഓരോന്നും പരമാവധി 90 മിനിറ്റ് വരെ നീണ്ടേക്കാം. ഏപ്രില്‍ 14ന് ആണ് ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ് ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. ആര്യാ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്നതിന്റെ ദൃശ്യം കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്.

ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവലിനെ അധീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ് സൃഷ്ടിക്കപ്പെട്ടത്. ഏഴ് സീസണുകളിലായി എച്ച്ബിഒ സ്ട്രീം ചെയ്യുന്ന സീരീസ് ലോകത്തിലെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതും ആരാധകരും നിരൂപകരും വാഴ്ത്തുകയും ചെയ്യുന്ന പരമ്പരയാണ്. 7ാം സീസണ്‍ അവസാനിച്ചപ്പോള്‍ നിരവധി പ്രേക്ഷകരാണ് നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പരമ്പര അവസാനിക്കുന്നതിനെ സങ്കടത്തോടെ കാണുന്ന ആരാധകര്‍ പലപ്പോഴും സോഷ്യല്‍മീഡിയാ പോസ്റ്റുകളിലൂടെ രംഗത്തെത്തിയിട്ടും ഉണ്ട്. പുതിയ സീസണ്‍ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.