പിറകേ നായയുമായി ഫഹദ്… പ്രകാശന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ”ഞാന്‍ പ്രകാശന്‍” എന്ന സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട് തന്റെ ഫെയ്‌സബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

‘കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും..
പിന്നെയല്ലേ പ്രകാശന്‍ !’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഫഹദിന്റെ പേടിച്ച മുഖഭാവവും പിറകിലുള്ള നായയുമായി ആകെമൊത്തം ചിരിപൊട്ടിക്കുന്ന രൂപത്തിലാണ് പുതിയ പോസ്റ്ററിന്റെ ഡിസൈന്‍. രസമുള്ളൊരു ഹാസ്യചിത്രവുമായാണ് ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും വരുന്നത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. മുന്‍പ് ഫഹദ് ഓടിക്കുന്ന ബൈക്കില്‍ നിന്ന് കൊണ്ട് തലപൊക്കി നോക്കുന്ന ഒരു രസികന്‍ പോസ്റ്ററും സത്യന്‍ അന്തിക്കാട്                                                                                                തന്റെ പേജില്‍ പങ്കുവെച്ചിരുന്നു.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നത്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ഗസറ്റില്‍ കൊടുത്ത പ്രകാശന്‍ എന്ന പേര് പി.ആര്‍. ആകാശന്‍ എന്നാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരു രസികനായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തികച്ചും ഗ്രാമീണനായ ഒരു ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. തന്റെ ചിത്രങ്ങളിലെ പ്രത്യേകതയായ ഗ്രാമീണ ഭാവം ഈ സിനിമയിലും സത്യന്‍ അന്തിക്കാട് നിലനിര്‍ത്തിയിട്ടുണ്ട് എന്നാണു വിവരം.

നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഗോപാല്‍ജി എന്ന പേരില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

പോസ്റ്റര്‍ കാണാം…

error: Content is protected !!