ഫഹദിന്റെ നായികയായി നസ്രിയ വീണ്ടുമെത്തുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ നസീം വീണ്ടുമെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി താരം എത്തുന്നത്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് മാറി നിന്ന നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് തിരികെ വന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിച്ചത്. വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായാല്‍ തിരിച്ചുവരവില്‍ നായികയാകുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഒരഭിമുഖത്തില്‍ അവളെ എന്റെ അടുത്ത ചിത്രത്തില്‍ കാണാം എന്ന് ഫഹദ് പറഞ്ഞിരുന്നു. താരത്തിന്റെ അടുത്ത ചിത്രം ട്രാന്‍സാണ്. അതുകൊണ്ടാണ് ഇരുവരും ട്രാന്‍സില്‍ ഒന്നിച്ചെത്തുമെന്ന് ആരാധകര്‍ കാത്തിരിക്കുന്നതും.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ട്രാന്‍സ് ശ്രദ്ധനേടിയിരുന്നു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.