ഉലകനായകന്റെ കൊച്ചുമകനായ് ദുല്‍ഖര്‍…?

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വില്‍ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു പ്രധാന വേഷത്തിനായി ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചുവെന്നാണ് സൂചന. കമലഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകനായാണ് ദുല്‍ഖര്‍ വേഷമിടുകയെന്നും പറയുന്നു. കമലഹാസന്റെ അഭിനയജീവിതത്തിലെ ഏറെ ശ്രദ്ധേയമായ വിജയമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ നെടുമുടി വേണുവും ശ്രദ്ധേയമായ വേഷത്തിലുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കും ഇന്ത്യന്‍ 2ല്‍ നെടുമുടി ചെയ്യുക. അടുത്ത വര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണ്‍ എത്തും.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ നയന്‍താര  നായിക വേഷത്തില്‍ എത്തുമെന്നാണ് സൂചന. അനിരുദ്ധിന്റേതാണ് സംഗീതം. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കമല്‍ പ്രധാന വേഷത്തിലെത്തുന്ന അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിനയം മാറ്റിവെച്ച് രാഷ്ട്രീയത്തില്‍ ശ്രദ്ധ വെക്കാനാണ് കമല്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ബോളിവുഡ് ചിത്രം സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂറാണ് നായിക. സോയ ഫാക്ടറിന്റെ ചിത്രീകരണത്തിനു ശേഷം ഒരു യമണ്ടന്‍ പ്രേമകഥയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും.

error: Content is protected !!