മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഫെബ്രുവരിയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ചകൂടി നല്‍കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി.

പകര്‍പ്പ് നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ പ്രധാന വാദം. നേരത്തെ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ജനുവരി രണ്ടാംവാരത്തിനുള്ളില്‍ മറുപടി നല്‍കാനായിരുന്നു ബെഞ്ചിന്റെ നിര്‍ദേശം.

കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് പറയുന്നു. മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയില്‍ പോയത്.