ദീപിക-രണ്‍വീര്‍ വിവാഹം : സൗത്ത് ഇന്ത്യന്‍ ശൈലിയിലും,നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലും

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിത്തുന്ന താരവിവാഹമാണ് രണ്‍വീര്‍ ദീപിക വിവാഹം. നവംബര്‍ 14, 15 തീയതികളിലായി ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അനുഷ്‌ക വിരാട് കൊഹ്ലി വിവാഹത്തിന് ശേഷം ബോളിവുഡ് കണ്ട മറ്റൊരു ആഡംബര വിവാഹം ആയിരിക്കും ഇത്.

ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത് ഷാരൂഖ് അടക്കം അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. സിനിമാ മേഖലയില്‍ നിന്ന് ഷാരൂഖ് ഖാന്‍, ഫറാ ഖാന്‍, ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്. രണ്‍വീറിന്റെ പ്രിയസുഹൃത്ത് പ്രിയങ്ക ചോപ്രയെയും വിവാഹത്തിന് ക്ഷണിക്കുമെന്നാണ് അറിയുന്നത്. 14, 15 തീയതികളിലായി രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങളാണ് ഇരുവരുടെയും വീട്ടുകാര്‍ ഒരുക്കിയിരിക്കുന്നത്. 14ന് സൗത്ത് ഇന്ത്യന്‍ ശൈലിയിലും 15ന് നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലുമാകും വിവാഹം എന്നാണ് അറിയുന്നത്. ബാംഗ്ലൂര്‍ സ്വദേശിയാണ് ദീപിക. അതുകൊണ്ടു തന്നെ 14ന് കന്നഡ രീതിയിലുള്ള ചടങ്ങുകളാകും നടക്കുക.

വിവാഹത്തിന് അടുത്ത ബന്ധുക്കളടക്കം 200ല്‍ താഴെ പേരാണ് പങ്കെടുക്കുക. സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാകും ഇരുവരും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കായി രണ്ട് വിവാഹ സത്ക്കാരങ്ങള്‍ താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒന്ന് മുംബൈയിലും മറ്റൊന്ന് ബാംഗ്ലൂരിലുമാണ്. മുംബൈയിലെ ഗ്രാന്റ് ഹയത്ത് ഹോട്ടലിലും ബാംഗ്ലൂരിലെ ലീല പാലസിലുമാണ് വിരുന്നു സത്കാരം. ബാംഗ്ലൂരില്‍ നവംബര്‍ 21നാണ് സത്കാരം ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ തീയതി പുറത്തുവിട്ടിട്ടില്ല.