‘ഡാകിനി’ യുടെ വിജയ മന്ത്രം ഇതാണ്…മൂവി റിവ്യൂ


സംസ്ഥാന അവാര്‍ഡ് നേടിയ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കിയ ചിത്രമാണ് ഡാകിനി. സുഡാനിയിലൂടെ ശ്രദ്ധേയരായ ശ്രീലത ശ്രീധരന്‍, സരസ ബാലുശ്ശേരി, എന്നിവര്‍ക്കൊപ്പം സേതുലക്ഷ്മി, പോളി വത്സന്‍ എന്നിവര്‍ കൂടെ ചേര്‍ന്നപ്പോള്‍ ഡാകിനി സംഘമായി. തനിയ്ക്ക് ഏത് സ്വഭാവത്തിലുള്ള സിനിമകളും വഴങ്ങുമെന്ന് തെളിയിയ്ക്കാന്‍ രാഹുല്‍ എന്ന തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞു എന്ന് വിളിച്ച് പറയുകയാണ് നാല് അമ്മൂമമാരുടെ കഥയിലൂടെ ഡാകിനി. കലാമൂല്യമുള്ള ചിത്രം ഒരുക്കിയ സംവിധായകന്‍ തന്നെയാണ് ആ വാര്‍പ്പ് മാതൃക പൊളിച്ച് മനോഹരമായ തമാശ ചിത്രം ഒരുക്കിയപ്പോള്‍ ഈ സംവിധായകനിലുള്ള പ്രതീക്ഷയും ഏറുകയാണ്.

വലിയ ബജറ്റില്ല, ശക്തമായ പ്രമേയമില്ല, സൂപ്പര്‍ സ്റ്റാറില്ല, എന്തിന് ചിത്രത്തിനൊരു നായകനും നായികയും പോലുമില്ല. പക്ഷേ സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങി വന്നാലും ചിത്രത്തിലെ നാല് അമ്മൂമമാര്‍ നമ്മുടെ മനസ്സിലുണ്ടാകും. വാര്‍ദ്ധക്യം എന്ന് പറയുമ്പോഴേ അവശത എന്നാണ് ഓര്‍മ്മ വരികയെങ്കില്‍, ഒറ്റപ്പെടലിന്റെ വാര്‍ദ്ധക്യ കാലം ആഘോഷമാക്കുന്ന അമ്മൂമമാരും അവരിലെ നന്‍മയുമാണ് ചിത്രത്തിന്റെ ആദ്യ പകുതി. അജു വര്‍ഗ്ഗീസിന്റെ കഥാപാത്രം മാലയിലെ നൂലായി മാറിയപ്പോള്‍ മറ്റ് യാതൊരു ഗിമ്മിക്കുകളുമില്ലാതെ ആദ്യ പകുതി കടന്നു പോകുന്നു.

ചിത്രത്തിന്റെ രണ്ടാം പകുതിയോടെയാണ് ഡാകിനി വിശ്വം രൂപം പുറത്തെടുക്കുന്നത്. രണ്ടാം പകുതിയില്‍. ലോജിക്കിനെ ഒക്കെ അതിന്റെ പാട്ടിന് വിട്ട് പഴയ അമര്‍ ചിത്ര കഥ കാത് കൂര്‍പ്പിച്ച് കേട്ടിരിക്കുന്ന കുട്ടികളായി മാറുകയാണ് പ്രേക്ഷകര്‍. വലിയ കഥയൊന്നുമില്ലെങ്കിലും ചിത്രത്തിന്റെ മെയ്ക്കിംഗിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മാന്ത്രിക വിദ്യയാണ് സംവിധായകന്‍ പുറത്തെടുത്തത്. പ്രായം പ്രകടനത്തിനൊരു അതിര്‍ വരമ്പല്ലെന്ന് തെളിയിച്ച അമ്മൂമമാര്‍ തന്നെയായിരുന്നു സംവിധായകന്റെ വജ്രായുധം. നമ്മളെത്ര മുതിര്‍ന്നാലും നമ്മുടെ ഉള്ളിലെ കുട്ടിത്തം കൈമോശം വരില്ലെന്ന തിരിച്ചറിവാകണം സംവിധായകന് ഈ ചിത്രത്തിലേക്കുള്ള ധൈര്യം

ചെമ്പന്‍ വിനോദ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ് എന്നിവരെല്ലാം മികച്ച പ്രകനമാണ് കാഴ്ച്ച വെച്ചത്. അലക്‌സ് ജെ പുളിക്കലിന്റെ ക്യാമറയും അപ്പു എന്‍ ഭട്ടതിരിയുടെ എഡിറ്റിംഗും തിരക്കഥയെ ഒരേ ഒഴുക്കോടെ മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിച്ചു. രാഹുല്‍ രാജിന്റെ സംഗീതവും ഹരിനാരായണന്റെ വരികളുമാണ് സിനിമയുടെ താളമായത്. അതേ സമയം സിനിമ വീഴും എന്നു തോന്നുമ്പോഴേയ്ക്കും പശ്ചാതല സംഗീതം കൊണ്ട് കരുത്തായത് ഗോപി സുന്ദറാണ്. സിനിമ സ്വപ്‌നം കാണുന്നവര്‍ക്ക് ഡാകിനി നല്‍കുന്ന വിജയ മന്ത്രമിതാണ്. സൂപ്പര്‍ സ്റ്റാറുകളും, വലിയ കഥകകളും വേണമെന്നില്ല. എങ്ങിനെ നിങ്ങള്‍ക്ക് കഥ മനോഹരമായി അവതരിപ്പിക്കാന്‍ ധൈര്യമുണ്ട് എന്നത് തന്നെയാണ് വിജയത്തിന്റെ വജ്രായുധം.