സിപിസി അവാര്‍ഡ് പ്രഖ്യാപിച്ചു, മികച്ച നടന്‍ ജോജു ജോര്‍ജ്, നടി ഐശ്വര്യ ലക്ഷ്മി

സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബിന്റെ(സിപിസി) 2018ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നവാഗതനായ സക്കറിയ ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയെടുത്ത സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ചിത്രം.

സുഡാനിയിലൂടെ സക്കറിയയും മുഹസിന്‍ പരാരിയും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കി. ഈ മ യൗവിലൂടെ ലിജോ ജോസ് പെല്ലിശേരി തുടര്‍ച്ചയായ രണ്ടാം വട്ടവും മികച്ച സംവിധായകനുള്ള സിപിസി പുരസ്‌കാരം നേടിയെടുത്തു. എം. പദ്മകുമാറിന്റെ ജോസഫ് എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച ജോജു ജോര്‍ജാണ് മികച്ച നടന്‍. വരത്തനിലെ പ്രിയ പോള്‍ എന്ന കഥാപാത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ എന്നീ ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രാഹകനായി ഷൈജു ഖാലിദ് തെരഞ്ഞെടുക്കപ്പെട്ടു. ഈ മ യൗവിലൂടെ വിനായകന്‍ മികച്ച സ്വഭാവ നടനായപ്പോള്‍ ഇതേ സിനിമയിലൂടെ പോളി വില്‍സണും സുഡാനിയിലെ ഉമ്മ സാവിത്രി ശ്രീധരനും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

രണം ടൈറ്റില്‍ ട്രാക്ക് (മികച്ച ഒര്‍ജിനല്‍ സോംഗ്), രംഗനാഥ് രവി (മികച്ച സൗണ്ട് ഡിസൈനിംഗ്), നൗഫല്‍ അബ്ദുള്ള (മികച്ച എഡിറ്റര്‍), പ്രശാന്ത് പിള്ള (മികച്ച പശ്ചാത്തല സംഗീതം) എന്നിവരാണ് മറ്റ് പുരസ്‌കാരങ്ങള്‍ നേടിയത്. ഇത്തവണത്തെ സ്‌പെഷ്യല്‍ ഓണററി പുരസ്‌കാരം ത്യാഗരാജന്‍ മാസ്റ്റര്‍ക്കാണെന്ന് സിപിസി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 17ന് കൊച്ചി ഐഎംഎ ഹാളില്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.