ഹരിനാരായണ ഗീതം…

ഗാനരംഗത്തെ തന്റെ നിറ സാന്നിധ്യം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതനായ ലിറിസിസ്റ്റ് ഹരിനാരായണന്‍ തന്റെ സംഗീത യാത്രയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സെല്ലുലോയ്ഡിനോട് പങ്കുവെക്കുന്നു.

.എട്ടുവര്‍ഷത്തോളമുള്ള സിനിമ ജീവിതത്തെക്കുറിച്ച്…?

നിരിഞ്ഞ് നോക്കാന്‍ തോന്നുന്നില്ല എനിക്ക്… അതായത് പണ്ടാരൊ പറഞ്ഞ പോലെ കുറച്ച് കഞ്ഞിവെള്ളം ആഗ്രഹിച്ചവന് ഒരു ബുഫേ കിട്ടിയ പോലെ… ഞാന്‍ പാട്ടാഗ്രഹിച്ചിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. ഒരു പാട്ടൊക്കെ എഴുതാം സിനിമയില്‍ എന്നാഗ്രഹിച്ച് വന്ന ആളാണ്. ഇത്രയും പാട്ടുകള്‍ എഴുതാന്‍ പറ്റി. അത് എന്റെ മിടുക്കായിട്ടും ഞാന്‍ കണക്കാക്കുന്നില്ല. അതെനിക്ക് പാട്ട് തന്ന് എന്നില്‍ വിശ്വാസമര്‍പ്പിച്ച സംവിധായകര്‍, സംഗീത സംവിധായകര്‍, എന്നിവരുടെ കൂടെ സൃഷ്ടിയാണ്. അത് പോലെ അതിഷ്ട്ട്ടപ്പെട്ട പ്രേക്ഷകര്‍. ഇത്രയും എത്താന്‍ പറ്റി. എത്രയാണൊ എനിക്കുള്ളത് അതിനെ നല്ല രീതിയില്‍ എന്‍ജോയ് ചെയ്ത് പോവുക, ആത്മാര്‍ത്ഥമായി വര്‍ക്ക് ചെയ്യുക, അത്രേയുള്ളു.

.സിനിമ ഒരു പാഷനായിരുന്നോ…? അതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഒടുവിലായുരുന്നോ എത്തിയത്..?

സാധാരണ ചെറുപ്പത്തില്‍ സിനിമ കാണുന്ന ഏതൊരാള്‍ക്കും സിനിമയോട് ഒരത്ഭുതം തോന്നും. അതിനപ്പുറത്ത് ഒരു പാഷന്‍ എനിക്കും ഉണ്ടായിരുന്നില്ല. എന്റെ കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ ഒരാല്‍ബത്തില്‍ ചേര്‍ന്നതിനുശേഷമാണ് യാദൃശ്ചികമായി സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട് ജയകുമാര്‍ എന്ന എന്റെ ഒരു സുഹൃത്ത് എന്നെ ഉണ്ണിക്കൃഷ്ണന്‍ സാറിനെ പരിചയപ്പെടുത്തുകയും അപ്പോള്‍ എനിക്ക് ഒരു മോഹം തോന്നുകയും ചെയ്തു. പിന്നീട് ഉണ്ണിക്കൃഷ്ണന്‍ സാറിനെ കാണുന്നു. ത്രില്ലര്‍ എന്ന സിനിമയുടെ അവസരം വന്നപ്പോള്‍ സാര്‍ വിളിക്കുന്നു. ട്യൂണ്‍ തരുന്നു.. എഴുതുന്നു. അത് വര്‍ക്കൗട്ട് ആവുമൊ എന്നറിയില്ല… എഴുതിക്കൊടുക്കുന്നു. പിന്നെ അത് വര്‍ക്കൗട്ടായിയെന്ന് പറയുന്നു. പിന്നീട് അതില്‍ എന്റര്‍ ചെയ്യുന്നു. അങ്ങനെയാണ് അതിലേക്ക് വന്നത്. വലിയൊരു എഫേര്‍ട്ടൊന്നും അതില്‍ ഉണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ കവിതകള്‍ എഴുതുമായിരുന്നു.

.പാട്ടെഴുത്തല്ലായിരുന്നെങ്കില്‍ ഏത് മേഖലയിലായിരിക്കും ഇപ്പോള്‍ ഉണ്ടാവുക…?

എന്നെ സംബന്ധിച്ചിടത്തോളം പലപ്പോഴും സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, ഞാന്‍ ടി എം ഹൈസ്‌കൂള്‍ പെരുമ്പലാവിലാണ് പഠിച്ചത്. അവിടെ പഠിക്കുന്ന സമയത്ത് എപ്പോഴും സമരം നന്നായിട്ടുണ്ടാവുമായിരുന്നു. ഓരോ ദിവസം ചെല്ലുമ്പോഴും., അത കെ എസ് യു ആണോ എബി വിപി ആണോ ആരുടെയെങ്കിലും ഒരു സമരം ഉണ്ടാവണെ, അത് കഴിഞ്ഞ് കളിക്കാന്‍ പറ്റണെ, മാച്ച് രാവിലെ തുടങ്ങിയാല്‍ സമരം കഴിഞ്ഞ് സച്ചിന്‍ ഔട്ടാവുന്നതിന് മുമ്പ് തിരിച്ചെത്താന്‍ പറ്റണെ എന്നൊക്കെയാണ് അന്നത്തെ പ്രാര്‍ത്ഥനകള്‍. അതിനപ്പുറത്തേക്ക് എന്താവണമെന്നൊ എന്താവുമെന്നോ ചിന്തിച്ചിട്ടില്ല. ജീവിതത്തിന്റെ പല ഘട്ടത്തിലും ആട് ഇല കടിക്കുന്ന അവിടെപ്പോയി ഇവിടെപ്പോയി പഠനം ഉണ്ടായ ഒരാളാണ് ഞാന്‍. അപ്പോള്‍ അന്ന് ഇന്നതാവണം എന്നുള്ള ഒരു വിചാരമൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ സി എ ഇന്റര്‍ കഴിഞ്ഞ് ഒരു ജേണലിസം കോഴ്‌സും കഴിഞ്ഞ് ഒരു സ്വകാര്യ കമ്പനിയില്‍ വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ത്രില്ലറിലേക്കുള്ള വിളി വന്നത്. ഒരു പക്ഷെ ആ വിളി വന്നില്ലെങ്കില്‍ ഞാന്‍ ആ കമ്പനിയില്‍ തുടരുമായിരുന്നു അല്ലെങ്കില്‍ മറ്റൊരു കമ്പനിയില്‍ തുടരുമായിരുന്നു.. എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു..

.കയ്യിലുണ്ടായിരുന്ന പദ സമ്പത്ത് എഴുത്തില്‍ എത്രത്തോളം ഗുണം ചെയ്തിട്ടുണ്ട്…?

രണ്ടു പദങ്ങള്‍ കോയിന്‍ ചെയ്യുമ്പോഴാണല്ലൊ പുതിയ പദങ്ങളുണ്ടാവുന്നത്. പദ സമ്പത്തിന്റെ കാര്യമാണെങ്കിലും ഒരു പരിധിവരെ ഞാനങ്ങനെ പുതിയ പദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എവിടെയെങ്കിലുമൊക്കെയുള്ളത് പാട്ടിലേക്ക് ഉപയോഗിച്ചിട്ടുണ്ട്. പിന്നെ ചില പാട്ടുകളില്‍ ഉദാഹരണത്തിന് ” അമ്പാഴം തണലിട്ടൊരിടവഴിയില്‍ ” എന്ന ഗാനത്തില്‍ ‘അമ്പാഴം’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. അത് പോലെ ‘ലൈലാകം’ എന്ന വാക്കുപയോഗിച്ചിട്ടുണ്ട്. അതൊക്കെ ഇവിടെ ഉള്ളത് തന്നെയാണ്. ഞാന്‍ കോയിന്‍ ചെയ്ത് എടുത്തതല്ല. പിന്നെ സമ്പത്തിനെ സംബന്ധിച്ച് എന്റെ ചെറിയച്ഛന്മാരുടെ ചെറിയ സഹായം എനിക്കുണ്ടായിട്ടുണ്ട്. അവര്‍ ഒരുപാട് വായിക്കുന്നവരായതുകൊണ്ടും സംസ്‌കൃത ശ്ലോകങ്ങളൊക്കൊ പഠിക്കുന്നവരായതുകൊണ്ടും എനിക്കത് പഠിക്കാന്‍ സാധിച്ചു. പിന്നെ സിനിമയിലെ പാട്ടെഴുത്തെല്ലാം സത്യത്തില്‍ ഒരു സംഘകലയാണ്. അതില്‍ ഡയറക്ടുറുണ്ടാവും മ്യൂസിക് ഡയറക്ടറുണ്ടാവും അവരുടെ സംഭാവനകളും ഉണ്ടാവും. പിന്നെ പാട്ടുകള്‍ അങ്ങനെ സംഭവിച്ച് വരുന്നതാണ്. അപ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും നമ്മുക്ക് അവെയ്ല്‍ ചെയ്യാന്‍ പറ്റില്ല. പിന്നെ ഒരു പദം പാട്ടില്‍ വരണമെങ്കില്‍ അവര്‍ക്ക് കൂടി ഇഷ്ടപ്പെടണമല്ലൊ. അപ്പോള്‍ അതിന്റെ ഭാഗമായിട്ട് പ്രവര്‍ത്തിക്കുന്നു. കഴിവതും എന്നെ പുതുക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്താറുണ്ട്. പക്ഷെ അതിനും ഒരുപാട് പരിമിതി ഉണ്ട്. ഉദാഹരണത്തിന് ഒരു പത്ത് പാട്ടില്‍ നമ്മള്‍ ചിരി എന്ന വരി എഴുതി. അപ്പൊ അടുത്ത പാട്ടില്‍ നമ്മുക്ക് ആ വാക്ക് മാറ്റണമെങ്കില്‍ ആ പുതിയ ഒരു സംവിധായകന് ചിലപ്പോള്‍ വേണ്ടിയും വരും. അപ്പോ അവരുടെ കൂടെ ഇഷ്ടങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായി വരും. എന്നാലും ശ്രമിക്കുന്നുണ്ട് സ്വയം പുതുക്കാന്‍ അത് എത്ര കണ്ട് വന്നു എന്നുള്ളതറിയില്ല.

.ലളിതമായ വാക്കുകളുടെ ഒരു സമ്മേളനമാണല്ലൊ സിനിമ എന്നുപറയുന്നത്.. ഇത് പാട്ടുകള്‍ക്കനുസരിച്ച് ഒരു വെല്ലുവിളിയാകാറുണ്ടോ…?

തീര്‍ച്ചയായിട്ടും.. ഇത് മാത്രമല്ല.. ചില ആളുകള്‍ ചിലപ്പോള്‍ പറയാറുണ്ട്, ”നമ്മുക്ക് പോയട്ട്രി വേണ്ടാട്ടൊ” എന്ന്.. പാട്ടില്‍ പോയട്രി വേണ്ടയെന്നു പറയുമ്പോള്‍ കവിതയുള്ളവരെ കൊല്ലുന്ന അവസ്ഥയാണ്. പക്ഷെ സിനിമയെ സംബന്ധിച്ചിടത്തോളം ആ പറയുന്നതും ശരിയായിരിക്കും. കാരണം നമ്മുടെ ഡയലോഗുകളില്‍ നിന്ന് ഒക്കെ അത്തരമൊരു കാവ്യാത്മക രീതി ഒഴിവാകുകയും നമ്മള്‍ സ്ഥിരം സംസാരിക്കുന്ന ഒരു രീതിയില്‍ കാര്യങ്ങള്‍ വരികയും പുതിയൊരു ഭാവത്തിലേക്കും പുതിയൊരു ഭാവുകത്വത്തിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ കുറച്ച് കൂടി കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നുള്ള രീതിയിലുള്ള ഒര ധര്‍മ്മമായിരിക്കും അത് അനുഷ്ഠിക്കുന്നത്. പാട്ടായിട്ട് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ പഴയ പാട്ടുകളിലേക്ക് നമ്മള്‍ പോകുമായിരിക്കാം. ഈ പാട്ടുകളുടെ നിലനില്‍പ്പ് പിന്നീടുള്ള ആ കാലത്തെ അറിയാന്‍ പറ്റുകയുള്ളു.

.’ജീവാംശമായ് താനെ..’ എന്നു പോലുള്ള ഗാനങ്ങളില്‍ ഇപ്പോള്‍ പറഞ്ഞ പരിമിതികള്‍ക്കൊപ്പം പോയട്രിയും ഉള്‍ക്കൊള്ളിച്ച് നല്ലൊരു സ്വീകാര്യത കിട്ടുകയും ചെയ്യുമ്പോള്‍ സന്തോഷം തോന്നാറുണ്ടോ..?

തീര്‍ച്ചയായും.. വളരെ സന്തോഷം തോന്നാറുണ്ട്.. കാരണം അങ്ങനെയുള്ള ഗാനങ്ങളില്‍ ഇത് വേണം, ഇതായിക്കൂടെ എന്ന് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കുന്ന ഒരു അവസ്ഥയുണ്ടാവും. ജീവാംശത്തിലും അതെ. അങ്ങനെ ഒരു പേരു വന്നാല്‍ എന്നുള്ളത് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നിട്ട് വേറെ ഓപ്ഷന്‍ എഴുതുകയും ചെയ്തു. അപ്പോള്‍ ഞാനും മ്യൂസിക്ക് ഡയറക്ടറുമുണ്ടായിരുന്നു. പിന്നെ പക്ഷെ എല്ലാവര്‍ക്കും അത് കണ്‍വിന്‍സായി. അപ്പോള്‍ അങ്ങനെ പുതിയ ഒരു സാധനം വരുമ്പോള്‍ അത് മതിയെന്ന് സമ്മതിക്കുന്ന ഡയറക്ടറുടേയും പ്രൊഡ്യൂസറുടേയും സംഗീത സംവിധായകന്റെയും ഒക്കെ ഒരു ഒരുമയുണ്ട്. അങ്ങനെ ഒരു പുതുമ എല്ലാവരും കൊണ്ടുവരാന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമാണ് അത് സംഭവിക്കുന്നത്.

. പാട്ടുകള്‍ ഫോണിലും നേരിട്ടുമൊക്കെയായി എഴുതുന്നവരുണ്ട്. ഏത് തരത്തിലുള്ള എഴുത്താണ് കൂടുതല്‍ കംഫര്‍ട്ടബിള്‍…?

ഇതില്‍ കംഫര്‍ട്ടബിള്‍ എന്ന് ഞാന്‍ ചിന്തിക്കാറില്ല.. കാരണം ഞാനിതിന് ഭാഗമാകുന്ന സമയത്ത് അതെന്താണൊ സിറ്റ്വേഷന്‍ അതിനനുസരിച്ച് ചെയ്യുക എന്നുള്ളതാണ്. നേരിട്ടിരുന്നും ഫോണി്‌ലുമൊക്കെയായി എഴുതിയിട്ടുണ്ട്. അത് ആ മൊത്തം ക്രൂവിന്റെ ഒരു എനര്‍ജി ലെവലിന് നമ്മളും ചെയ്ത് പോകും… ഏകദേശം പറഞ്ഞാല്‍ നമ്മളെ ഒരു പട്ടി ഓടിച്ച് ഒരു മതില്‍ നമ്മള്‍ ചാടുന്നതും അല്ലാതെ നമ്മള്‍ വന്ന് ആ മതില്‍ ചാടുന്നതും പോലെയാണ്.. ചില സാഹചര്യങ്ങളും ആ നേരത്തെ ക്രിയേറ്റിവ് പ്രെഷറും അത് തരുന്ന ക്രിയേറ്റിവ് എന്‍ര്‍ജിയും ആ പ്ലെഷറും എല്ലാം കൊണ്ടാണ് നമ്മള്‍ എഴുതിപ്പോകുന്നത്. അത് പല സിറ്റ്വേഷനിലും ചെയ്തിട്ടുണ്ട്. എന്റെ ഒരു എക്‌സ്പ്പീരീയന്‍സ് വെച്ച് ഓരോന്നും ഒരോ സന്ദര്‍ഭങ്ങളാണ്.. അതോരാ പാഠങ്ങളാണ്. അങ്ങനെയാണ് ഓരോ പാട്ടുകളെയും കാണുന്നത്.

. ബോധപൂര്‍വ്വമായ ഇടപെടലുകള്‍ മൂലം സിനിമയിലെ സഹപ്പ്രവര്‍ത്തകരുടെയും സ്വീകാര്യത കിട്ടിയതും ഹൃദയത്തില്‍ നില്‍ക്കുന്നതുമായ ഒന്ന് രണ്ട് പാട്ടുകളെക്കുറിച്ച്…?

സത്യത്തില്‍ പാട്ടുകള്‍ പറഞ്ഞ് നമ്മള്‍ തര്‍ക്കങ്ങളില്‍ നില്‍ക്കുന്നതിനപ്പുറത്തേക്ക് അവരെ കണ്‍വിന്‍സ് ചെയ്യുക എന്നുള്ളതിലാണ് കാര്യം. അത് ഏത് സമയത്ത് നമ്മള്‍ ഒരു പുതിയ പാട്ട് വെക്കുമ്പോഴും അപ്പുറത്തിരിക്കുന്ന ആള്‍ക്ക് അത് വേണോ വേണ്ടയോ എന്നുള്ള ഒരു ചോദ്യം വരും. അത് മാറ്റി കണ്‍വിന്‍സ് ചെയ്യാന്‍ ചെറിയൊരു സമയം എടുക്കും. ചേര്‍ന്ന് നില്‍ക്കുന്ന പാട്ടുകള്‍ ഒരുപാടുണ്ട്. ‘ഓലഞ്ഞാലിക്കുരുവി’ അത്തരത്തിലൊരു പാട്ടായിരുന്നു. അത് പോലെ ‘ജീവാംശം..’, ‘ലൈലാകമെ..’, ‘ചെറുകഥപോലെ ജന്മം…’, ‘പകലിന് വെയില്‍..’, അത് പോലെ.. ‘നിലാക്കുടമെ..’ സത്യന്‍ സാറിന്റെ പടത്തിലെ.. അങ്ങനെ ഒരുപാട് പാട്ടുകളുണ്ട്… അപൂര്‍വ്വമായിട്ടുള്ള ലിസ്റ്റാണ്.. ഇപ്പോള്‍ പെട്ടന്ന് ഓര്‍മ്മ വന്നത് പറഞ്ഞെന്നേയുള്ളു.

.ഇപ്പോള്‍ തിയ്യേറ്ററിലോടുന്ന എല്ലാ ചിത്രങ്ങളിലും താങ്കളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് സ്വാധീനിച്ച വ്യക്തികളെ ഈ അവസരത്തില്‍ ഓര്‍ക്കുന്നത്..?

ഒരുപാട് പേരുണ്ട്.. ഒരു കാലഘട്ടം നമ്മള്‍ എടുത്ത് കഴിഞ്ഞാല്‍ വളരെ സമ്പന്നമാണ്. മുതുകുളം രാഘവന്‍പിള്ളയില്‍ തുടങ്ങി പിന്നെ അവിടുന്ന് ജി ശങ്കരക്കുറുപ്പ്, അഭയദേവ,് പി ഭാസ്‌കരക്കരന്‍, വയലാര്‍, ഒ എന്‍ വി തുടങ്ങി അവിടുന്ന് രണ്ടാമത്തെ ഒരു നിര.. ശ്രീകുമാരന്‍ തമ്പി, കാവാലന്‍, യൂസഫലി സാര്‍.. പൂവച്ചല്‍ ഖാദര്‍.. അങ്ങനെയുള്ള വലിയൊരു നിര.. അത് ഗിരീഷേട്ടനിലും കൈതപ്പുറത്തിലുമെത്തി, റഫീക്കയിലെത്തി അതിന് ശേഷമാണ് എന്നെയിപ്പോള്‍ കൊണ്ടു വന്നത്. അതില്‍ പലരും പല രീതിയിലെന്നെ സ്വാധീനിച്ചിട്ടുണ്ട്. ബിജു തിരുമല സാര്‍.. ഗിരീഷേട്ടനെപ്പോലെ അത്രയും സ്പീഡില്‍ പാട്ടെഴുതുന്ന ഒരാളാണദ്ദേഹം.. ഞാന്‍ പല ഇന്റര്‍വ്യൂവിലും ഭാസ്‌കരന്‍ മാസ്റ്ററുടെ പാട്ടുകളോടുള്ള ഒരു ഇഷ്ടം പറഞ്ഞിട്ടുണ്ട്. അതുപോലെത്തന്നെയാണ് ഗിരീഷേട്ടന്റെ പാട്ടുകളും. ഞാന്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ എന്നെപ്പോലെ തന്നെ ചോറ്റും പാത്രവുമെടുത്ത് ജോലിക്ക് പോകുന്ന ഒരാള്‍ തന്നെയാണ് ‘രാക്കിളി തന്‍ വഴി മറയും’, ‘പറയാന്‍ മറന്ന പരിഭവങ്ങള്‍’ ഒക്കെയെഴുതിയ മനുഷ്യന്‍. അയാളെ ഞാനടുത്ത് കാണുകയാണ്. സംസാരിക്കുകയാണ്. അങ്ങനെ പാട്ടെഴുത്ത്കാരന്‍ നമ്മുടെ അടുത്തുള്ള ഒരാളെന്നുള്ള ആളാണെന്നും നമ്മുടെ അടുത്തുള്ള ഒരാളും പാട്ടെഴത്തുകാരനാണെന്നും ഓര്‍മ്മിപ്പിച്ചത് റഫീക്കയാണ്. എനിക്ക് ശേഷം വന്ന തലമുറയും എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്.

.തൃശ്ശൂര്‍ ഭാഷയിലും ന്യൂജെന്‍ പാട്ടുകളും കൂടി താങ്കളുടെ കയ്യില്‍ നിന്ന് വരുന്നുണ്ട്. അതിനെക്കുറിച്ച്…?

ഞാന്‍ കോഴിക്കോട് ഇരുന്നാണ് പാട്ടെഴുതുന്നത്. ‘ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോടും’ ഞാനെഴുതിയതാണ്. തൃശ്ശൂര്‍ എന്റെ ജന്മ ദേശമാണ്. അവിടെ വെച്ച് പാട്ടെഴുതുമ്പോള്‍ തൃശ്ശൂര്‍ ഭാഷ കുറേ ഉപയോഗിച്ചിരുന്നു. അതെന്റെ പരിചയമാണ്. ഒരിക്കല്‍ ഗോപി സുന്ദറുമായി പാട്ടുചെയ്യുന്ന അവസരത്തില്‍, ഗോപിച്ചേട്ടന്റെ അച്ഛന്റെ സ്വദേശം തൃശ്ശൂര്‍ ആണ്. നമ്മുടെ ഒപ്പം ഉണ്ടായിരുന്ന് ഗായകന്‍ ഫ്രാങ്കോ ചേട്ടനും തൃശ്ശൂര്‍ സ്വദേശിയായിരുന്നു. അങ്ങനെ ഒരു രീതിയില്‍ എഴുതാതെ പറഞ്ഞൊരു പാട്ടാണ് തൃശ്ശൂര്‍ പാട്ട്. അത് പോല തന്നെ കോഴിക്കോടുള്ള സുഹൃത്തുക്കളെ വെച്ചാണ് കോഴിക്കോട് പാട്ടും എഴുതിയത്.

.ഇപ്പോള്‍ അധികം ചിത്രങ്ങളിലും ഗോപി സുന്ദറിനൊപ്പമാണല്ലോ.. എങ്ങനെയാണ് അദ്ദേഹത്തോടപ്പമുള്ള വര്‍ക്കിങ്ങ് അറ്റ്‌മോസ്ഫിയര്‍….?

ഗോപിച്ചേട്ടനോടൊപ്പമുള്ള റാപ്പോയെക്കുറിച്ച് ഒറ്റക്കാര്യമെ എനിക്ക് പറയുനുള്ളു. ഞാന്‍ താരതമ്യേന പുതുമുഖമായിട്ടുള്ള ഒരാളായിരിക്കെ എന്നെ വിളിച്ച രണ്ട് പേരാണ് ഗോപി സുന്ദറും ബി ഉണ്ണിക്കൃഷ്ണന്‍ സാറും. എന്റെ കരിയറില്‍ ആദ്യം ബി ഉണ്ണിക്കൃഷ്ണന്‍ സാറും പിന്നെ എന്റെ മൂന്നാമത്തെ സിനിമതൊട്ടങ്ങോട്ട് ത്രൂ ഔട്ട് ഇന്നത്തെ കാലം വരെ ഗോപിച്ചേട്ടനും കൂടെ വര്‍ക്ക് ചെയ്യുന്നു. ഞാനെന്നെ ഒരു പാട്ട്കാരന്‍ കടന്നുവരാന്‍ കാരണം അദ്ദേഹം എന്നിലര്‍പ്പിച്ച വിശ്വാസമാണ്. ആ സമയത്ത് അദ്ദേഹത്തിന് എന്റെ എഴുത്തും ശൈലിയുമൊക്കെ ഇഷ്ടമായി. എന്നെ ഗോപി സുന്ദറിന് സജസ്റ്റ് ചെയ്തത് ബി ഉണ്ണിക്കൃഷ്ണന്‍ സാറാണ്. അവരുടെയൊക്കെ വിശ്വാസമാണ് പിന്നീടുള്ള എന്റെ വര്‍ക്കുകളിലേക്കെത്തിയത്. ഈയിടെ പുറത്തിറങ്ങാനിരിക്കുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിലും രണ്ട് പേരുടെ കൂടെയും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ആ സൗഹൃദവും പരിചയവും തന്നെയാണ് ഞങ്ങള്‍ തമ്മിലുള്ള റാപ്പോയ്ക്ക് കാരണം..

. ഈയൊരു കാലഘട്ടത്തിലെ പാട്ടുകളിലെ മാറ്റങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്…?

ഈ പറഞ്ഞ ഒരു രീതി എല്ലാ കാലത്തും ഉണ്ട്. ഞാനങ്ങനെ രണ്ടായി വിശ്വസിക്കുന്നില്ല. പലരും വിമര്‍ശിക്കാറുണ്ട് ചിലപ്പോള്‍. വിമര്‍ശനം തീര്‍ച്ചയായും ആരോഗ്യപരമാണ്. ഒരു സിനിമ സംഭവിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം, കഥാപാത്രങ്ങളുടെ സ്വഭാവം, സന്ദര്‍ഭം, ഇതൊക്കെ വെച്ച് മാത്രമെ അതിന്റെ വരികളും തയ്യാറാക്കാന്‍ പറ്റുകയുള്ളു. സ്വാഭാവികമായിട്ടും ആ കാലത്തിന്റെ ഒരു പ്രതിഫലനം ആ വരികളില്‍ വന്നേ പറ്റു.
ഒരു പാട്ട് പാടി അഭിനയിക്കുക എന്നുള്ളത് കുറേ മാറിയിട്ടുണ്ട്. ശ്യാം പ്രസാദ് സാര്‍ ഒരിക്കല്‍ ഒരിന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. വളരെ പ്രസക്തമായ അത് വളരെ പ്രസക്തമാണ്. പാട്ട് എന്ന് പറയുന്നത് ശബ്ദം കൊണ്ടുള്ള ഒരു വോക്കല്‍ ബാക്ക് ഗ്രൗണ്ടാണെന്ന്. ഇന്ന് പലപ്പോഴും പാട്ടുകള്‍ അങ്ങനെയാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഭാഗമായിട്ട് ഒരു പശ്ചാത്തല സംഗീതം പോലെ. അപ്പോള്‍ പാട്ടിനെ എങ്ങനെ നമ്മള്‍ കണ്‍സീവ് ചെയ്യുന്നു എന്നുള്ളതിനെ അനുസരിച്ചിരിക്കും അത്. പിന്നെ രണ്ടാമതൊരു കാര്യം, ”പാട്ട് കണ്ടോ..?” എന്നുള്ള ഒരു കാലത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പോള്‍ ആ ഒരു രീതിയും പാട്ടില്‍ വരും. പിന്നെ പാട്ടുകളെ ഒരുപാട് സ്വാധീനിക്കുന്ന ഒരു ഘടകമായിട്ട് എനിക്ക് തോന്നിയിരിക്കുന്നത് പണ്ടുള്ളതിനേക്കാള്‍ ഒരു പാട് പാട്ടുകള്‍ ചുറ്റുപാടില്‍ നിന്നും നമ്മള്‍ കേള്‍ക്കുന്നുണ്ട്. തൃശ്ശൂരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പണ്ട് തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിനടുത്തുള്ള ഒരു കെട്ടിടത്തില്‍ ചെന്ന് പാട്ടുകേള്‍ക്കുകയാണ് ചെയ്യാറെന്ന്. ഇന്ന് കഥ മാറി.. ഇന്നത്തെ ഒരു കുട്ടിയെ സംബന്ധിച്ച് യ്യൂട്യൂബ് വഴി ലോകത്തിലിറങ്ങുന്ന പാട്ടുകളെല്ലാം അവിടേക്കെത്തുകയാണ്. 2018ല്‍ 150ാളം സിനിമകളിറങ്ങിയിട്ടുണ്ട്. ഒരു ചിത്രത്തില്‍ മൂന്ന് പാട്ടുകളടെ ആവറേജ് നോക്കിയാല്‍ തന്നെ 450ാളം പാട്ടുകള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. ഇങ്ങനെ ലോകത്തെല്ലാ ഭാഷയിലും പാട്ടുകള്‍ ഇറങ്ങുന്നുണ്ട്. ഇത് യൂട്യൂബില്‍ നോക്കുന്ന ഒരാള്‍ക്ക് ഇതെല്ലാം കാണാം പറ്റും. പക്ഷെ അയാള്‍ക്ക് ദിവസവും ഇറങ്ങുന്ന എല്ലാ പാട്ടുകളും കാണാന്‍ പറ്റില്ല. പക്ഷെ പാട്ട് എന്നത് വിപണിയുടെ ഒരു ഭാഗമായതുകൊണ്ട്, പ്രൊഡ്യൂസേഴ്‌സിനെ സംബന്ധിച്ച് പാട്ട് കേള്‍പ്പിക്കുക എന്നുള്ള ഒരു ധര്‍മ്മം ഉണ്ട്. നല്ല പാട്ടുകള്‍ക്കല്ല കൂടുതല്‍ കേട്ട പാട്ടുകള്‍ക്കാണ് ഒരു മോണിറ്ററി ബെനിഫിറ്റുണ്ടാവുക. കാരണം ഇതൊരു വ്യവസായം ആണ് അത് നിലനില്‍ക്കണം. അങ്ങനെ വരുമ്പോള്‍ ഹിറ്റ് പാട്ട് എന്നൊരു സാധനം വരുന്നു. ഹിറ്റ് എന്ന പ്രയോഗം എനിക്ക് പലപ്പോഴും തമാശയായിട്ട് തോന്നാറുണ്ട്. അതിനര്‍ത്ഥം ‘അടി’ എന്നാണ്. നമ്മള്‍ ഒരു പത്ത് പേരിരിക്കുമ്പോള്‍ ഒരാളുടെ അറ്റന്‍ഷന്‍ കിട്ടുന്ന ഏറ്റവും നല്ല പ്രയോഗം അയാളെ അടിക്കുക എന്നുള്ളതാണ്. ശ്രദ്ധ പിടിച്ചുപറ്റണം എന്നായപ്പോള്‍ ബെസ്റ്റ് സോങ്ങില്‍ നിന്നും അത് ഹിറ്റ്് സോങ്ങിലേക്ക് മാറി. ഈ ഒരു മാറ്റം ഇന്നത്തെ വളര്‍ച്ചയുടെ കാരണമാണ്. സ്പീഡനുസരിച്ച് പാട്ടുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഒരു പാട്ട് സഞ്ചരിക്കണോ എന്നുള്ളത് വെറുമൊരു അണിയറപ്പ്രവര്‍ത്തകന്‍ തീരുമാനിക്കേണ്ട കാര്യമല്ല. അത് എല്ലാവരും കൂടി തീരമാനിക്കേണ്ട കാര്യമാണ് അപ്പോള്‍ കൂടിയെ ഇതിന് മാറ്റം വരുകയുള്ളു. പിന്നെ മറ്റൊരു കാര്യം, ഇന്ന് യൂട്യൂബ് ചാനലുകളൊക്കെ വന്നത് കൊണ്ട് സിനിമേതരമായ വഴികളിലൂടെയും പലരും വന്നിട്ടുണ്ട്. അപ്പോള്‍ സിനിമക്ക് വേണ്ട ഗാനങ്ങള്‍ സിനിമയിലും സിനിമേതരമായ ഒരു സംഗീതം അല്ലാതെയും വരട്ടെ. ഇനി പക്ഷെ നല്ല പാട്ടുകളുടെ ഒരു കാലം തിരിഞ്ഞുവരുകയാണെങ്കില്‍ അത് വരട്ടെ.. നമ്മള്‍ അങ്ങനെ ജഡജ്‌മെന്റല്‍ ആവാതെ ‘പാട്ടുകള്‍ സംഭവിക്കും’ എന്നൊരു വിശ്വാസം എനിക്കുണ്ട്.

. വെല്ലുവിളിയാണെന്ന് തോന്നുന്ന എഴുത്തുകാരുണ്ടോ..

വെല്ലുവിളികളില്ലല്ലോ ഇതില്‍… കാരണം, നമ്മള്‍ പത്താംക്ലാസ്സില്‍ പടിക്കുമ്പോള്‍ പറയുന്നതുപോലെ അറുന്നൂറില്‍ അഞ്ഞൂറ്റിത്തൊണ്ണൂറ്റി ഒമ്പത് കിട്ടിയാള്‍ക്ക് ഇന്ന റാങ്ക് എന്ന കാര്യം ഇതിലില്ലല്ലൊ.. ഈ സര്‍ഗാത്മതകത എന്ന കാര്യത്തില്‍ തെറ്റില്ല, ശരിയില്ല. നമ്മളിന്ന് ശരിയെന്ന് വിശ്വസിക്കുന്നത് നാളെ തെറ്റാവാം.. ഇന്ന് തെറ്റെന്ന് വിശ്വസിക്കുന്നത് നാളെ ശരിയാവാം.. എനിക്ക് ചെയ്യാന്‍ പറ്റുന്നത് അഥവാ കുറവാണെങ്കിലും അതെനിക്കെ ചെയ്യാന്‍ പറ്റുകയുള്ളു.. അതെല്ലാം ആസ്വദിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു ബഹുസ്വരതയും. അപ്പോള്‍ എല്ലാവര്‍ക്കും ഒരു സ്‌പേസ് ഇതില്‍ ഉണ്ട്… ഇനിയങ്ങനെ ഒരു വെല്ലുവിളിയുണ്ടെങ്കില്‍ അത് നമ്മള്‍ തന്നെയാണ്. എന്നെ രാകി മിനുക്കുക എന്നുള്ളതാണ് ഇതിലെ വെല്ലുവിളി.. പണ്ട് സത്യന്‍ സാര്‍ പറഞ്ഞ പോലെ ”സിനിമയെന്നു പറയുന്നത് ഒരു ട്രെയ്‌നാണ്.. അതില്‍ ആരു കേറിയാലും കേറിയില്ലെങ്കിലും ട്രെയ്ന്‍ പൊയ്‌ക്കൊണ്ടിരിക്കും”. അതില്‍ നില്‍ക്കണോ നില്‍ക്കണ്ടെയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അതെല്ലാ ക്രിയേറ്റിവ് സ്‌പെയ്‌സിനുമുണ്ട്. അത് ഉണ്ടാക്കിയെടുക്കാന്‍ നമ്മള്‍ നമ്മളെത്തന്നെ പൊളിച്ചുപണിതുകൊണ്ടിരിക്കുകയാണ്.. ആര്‍ട്ടിലെല്ലായിപ്പോഴും ഒരു ഏകീകൃത സ്വഭാവം കാണും. അതൊരു കാലത്തിന്റെ സൃഷ്ടിയാണ്. അതങ്ങനെ വന്ന് ഭവിക്കും. അപ്പോള്‍ സ്വയം പുതുക്കിപ്പണിയാന്‍ നമ്മള്‍ തന്നെ ശ്രമിക്കും. അങ്ങനെ നോക്കുമ്പോള്‍ നമ്മുക്ക് നമ്മള്‍ തന്നെയാണ് വെല്ലുവിളി..

.പുതിയ കാലത്ത് സ്വാധീനിച്ച ഒന്ന് രണ്ട് എഴുത്തുകാര്‍…?

തീര്‍ച്ചയായും… അജീഷ് ദാസന്‍, മനു മഞ്ജിത്ത്.. നമ്മള്‍ ഒരുമിച്ച് വന്നവരാണ്.., വിനായക്.. അങ്ങനെ ഒരു പറ്റം നല്ല എഴുത്തുകാര്‍ വരുന്നുണ്ട്.. പക്ഷെ അതിനുള്ള അവസരവും നല്ലൊരു സ്‌പെയ്‌സും നമ്മുക്ക് കിട്ടണം. പക്ഷെ ഈ പറഞ്ഞ പേരുകളില്‍ ഞാനടക്കം ഒരുപാട് പേര് ഉള്ളില്‍ നില്‍ക്കുന്നു. പുറത്ത് അതിലും കൂടുതല്‍ പേരുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

. സിനിമ മേഖലയിലേക്ക് വന്നതിനുശേഷം കവിത എന്ന് പറയുന്ന മേഖലയുമായുള്ള അടുപ്പം…?

സത്യം പറഞ്ഞാല്‍ കവിത ഞാന്‍ എഴുതാറുണ്ട്. വളരെ അപൂര്‍വ്വമായിട്ടാണ്.. ഏറ്റവും കൂടുതല്‍ എന്റെ കവിത വന്നിട്ടുള്ളത് ഭാഷാപോഷിണിയിലാണ്.. ഭാഷാപോഷിണിയിലെ കെ സി നാരായണനാണ് ”കവിതയെഴുതണം, വിടരുത്..” എന്ന താക്കീതോടെ എന്നെ എപ്പോഴും പ്രവോക്ക്
ചെയ്തുകൊണ്ടിരിക്കുന്നത്. ഇടക്കദ്ദേഹത്തിന് ഒരു കവിതയക്കുക എന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു.. കവിതയെഴുതണമെങ്കില്‍ വല്ലാത്തൊരു ധ്യാനം വേണം.. അത് വേറൊരു കലയാണ്.. പാട്ടെഴുത്ത് ചിലപ്പോള്‍ പൂര്‍ണ മനസ്സാന്നിധ്യം ഇല്ലാത്തപ്പോഴും ചെയ്യേണ്ടി വരും. കവിതയെഴുത്ത് അങ്ങനെ മതി എന്നുള്ളതുകൊണ്ട് ഞാനധികം ഇപ്പോള്‍ എഴുതാറില്ല. കാത്തിരിക്കാനാണ് ശ്രമിക്കാറ്.. അത്രയും ആഗ്രഹം വരുമ്പോള്‍ മാത്രമെ എഴുതാറുള്ളു.. സംഭവിച്ചിട്ടുണ്ട്, സംഭവിക്കുന്നുണ്ട്, പക്ഷെ വളരെ വിരളമാണ്…

. ഇനിയിറങ്ങാനിരക്കുന്ന സൃഷ്ടികളെക്കുറിച്ച്…?

ഇനിയെഴുതിയ ഒരുപിടി ചിത്രങ്ങളുണ്ട്. അതില്‍ സന്തോഷ് ശിവന്‍ സാറിന്റെയുണ്ട്, പ്രിയന്‍ സാറിന്റെ ചിത്രമുണ്ട്, എന്റെ ഗുരുവായിട്ടുള്ള ഉണ്ണിക്കൃഷ്ണന്‍ സാറിന്റെയുണ്ട്.. കമല്‍ സാറിന്റെ സിനിമയില്‍ ഒരു പാട്ട് എഴുതിയിട്ടുണ്ട്… ജിത്തു ജോസഫ് സാറിന്റെയുണ്ട്.., അങ്ങനെ കുറച്ച് ചിത്രങ്ങളുണ്ട്.. അതിന്റെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം..

. എന്തൊക്കെയാണ് ഭാവി പരിപാടികള്‍…?

ഈ ഭാവിപരിപാടികള്‍ എന്ന് പറഞ്ഞാല്‍.. പണ്ട്., സാഹിത്യ അക്കാദമിയുടെ അംഗീകാരം കിട്ടിയ ഒരു നാടകമുണ്ട്… അതിന്റെ രചയിതാവിന്റെ പേര് പാഞ്ഞാള്‍ തുപ്പേട്ടന്‍. അദ്ദേഹത്തിന്റെ നാടകത്തിന്റെ പേരാണ് ‘വന്നന്ത്യേ കാണാം’.. ഞാന്‍ ആ പോളിസിക്കാരനാണ്.. ഈ നിമിഷമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.. അതാസ്വദിച്ച് അതില്‍ ജീവിക്കുന്നു..

. കുടുംബത്തെക്കുറിച്ച്…?

എന്റെ സ്വദേശം പെരുമ്പിലാവിലടുത്ത് അക്കിക്കാവിലാണ്. നാട്ടിന്‍ പുറമാണ്… അവിടെത്തന്നെയാണ് ജീവിക്കുന്നത്. വീട്ടില്‍ അച്ഛന്‍, അമ്മ.. അച്ഛന്‍ റിട്ടയേര്‍ഡ് ഗവണ്‍മെന്റുദ്യോഗസ്ഥനാണ്. അമ്മ ഹൗസ് വൈഫാണ്.. എനിക്ക് രണ്ട് സഹോദരിമാരാണ്.. അതിലൊരു സഹോദരിയും അവരുടെ മകനും ഇപ്പോള്‍ എന്റെ കൂടെയുണ്ട്.. ഇതാണെന്റെ ലോകം…

. ക്രോണിക് ബാച്ചുലര്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലേ.?

മാറ്റാന്‍ വീട്ടുകാരുടെയൊക്കെ വല്ലാത്ത നിര്‍ബന്ധമുണ്ട്.. ഭാവിയില്‍ സംഭവിച്ചേക്കാം… അതും വന്നന്ത്യേ കാണാം..