ബിര്‍സ മുണ്ടയുടെ ബയോപിക്കുമായി പാ രഞ്ജിത്

കാല, കബാലി എന്നീ രജനി ചിത്രങ്ങളിലൂടെ ബോളിവുഡിലും പരിചിതനായ തമിഴ് സംവിധായകന്‍ പാ രഞ്ജിത് നേരിട്ട് ഒരു ഹിന്ദി ചിത്രമൊരുക്കുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ശ്രദ്ധേയനായ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് നമാ പിക്‌ചേര്‍സാണ്. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി മുംബൈ കേന്ദ്രമാക്കി ഒരുക്കിയ ബിയോണ്ട് ദ ക്ലൗഡ്‌സ് നിര്‍മിച്ചതും ഈ ബാനറാണ്.

ചിത്രത്തിന്റെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ചിത്രം രചനാഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം മാത്രമേ പുറത്തുവിടൂ എന്നുമാണ് അറിയുന്നത്. അദ്ദേഹത്തെക്കുറിച്ച് മഹാശ്വേതാ ദേവി രചിച്ച ‘ആരണ്യേര്‍ അധികാര്‍’ എന്ന പുസ്തകമാവും സിനിമയ്ക്ക് അടിസ്ഥാനം. ഏഴ് വര്‍ഷം മുന്‍പ് മഹാശ്വേതാ ദേവിയുടെ പുസ്തകം വായിക്കുന്ന സമയത്തുതന്നെ ഒരു ദിവസം താനിത് സിനിമയാക്കുമെന്ന് കരുതിയിരുന്നതായും പാ രഞ്ജിത്ത് പറയുന്നു.

1890കളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ജാര്‍ഘണ്ഡില്‍ നിന്നുള്ള ആദിവാസി നേതാവാണ് ബിര്‍സാ മുണ്ട. സാമൂഹ്യ പരിഷ്‌കര്‍ത്താവും ബ്രിട്ടീഷുകാര്‍ക്കെതിരേ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ സംഘടിപ്പിച്ചയാളുമായ ബിര്‍സ മുണ്ടെ 19ാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളിലാണ് ഏറെ സജീവമായിരുന്നത്.

error: Content is protected !!