പന്ത്രണ്ടാമത് ഏഷ്യ പസഫിക് സ്‌ക്രീന്‍ ചലച്ചിത്രമേള; നവാസുദ്ദീന്‍ സിദ്ദിഖിക്കും നന്ദിത ദാസിനും പുരസ്‌കാരം

പ്രശസ്തമായ ഏഷ്യ പസഫിക് സ്‌ക്രീന്‍ ചലച്ചിത്രമേളയില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കും നന്ദിത ദാസും പുരസ്‌കാരം സ്വന്തമാക്കി. നന്ദിത സംവിധാനം ചെയ്ത മാന്റോയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരമാണ് നവാസുദ്ദീന്‍ സ്വന്തമാക്കിയത്. ഏഷ്യ പസിഫിക് മേഖലയിലെ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ള അന്താരാഷ്ട്ര ജൂറിയുടെ അംഗീകാരമാണ് നന്ദിത ദാസിന് ലഭിച്ചത്. ഇതു രണ്ടാം തവണയാണ് മേളയില്‍ നവാസുദ്ദീന് അംഗീകാരം ലഭിക്കുന്നത്. അനുരാഗ് കശ്യപിന്റെ രമന്‍ രാഘവന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2016ല്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അദ്ദേഹം ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. അലിഗഡ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ മനോജ് വാജ്‌പേയിക്കാണ് പുരസ്‌കാരം ലഭിച്ചത്.

എന്നാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നവാസുദ്ദീന് ലഭിച്ചു.അഭിനേത്രി, സംവിധായിക എന്നീ നിലകളിലുള്ള നന്ദിതയുടെ പ്രവര്‍ത്തനത്തെ മാനിച്ചാണ് സമഗ്രപുരസ്‌കാരം സമ്മാനിച്ചത്. നാടകവേദിയില്‍ നിന്നും സിനിമയിലെത്തിയ നന്ദിതയുടെ ഫയര്‍(1996), എര്‍ത്ത് (1998) എന്നിവ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ആഗോളതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഫിറാഖ്(2008) ആയിരുന്നു നന്ദിതയുടെ ആദ്യ സംവിധാന സംരംഭം. രണ്ടാം ചിത്രം മാന്റോ കാന്‍ മേഖലയിലാണ് ആദ്യ പ്രദര്‍ശനം നടത്തിയത്. വിഖ്യാത ഉറുദു സാഹിത്യകാരന്‍ സാദത്ത് ഹസന്‍ മാന്റോയുടെ ജീവിത ചരിത്രസിനിമയാണിത്.

പന്ത്രണ്ടാമത് ഏഷ്യ പസഫിക് സ്‌ക്രീന്‍ ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി ജാപ്പനീസ് ചിത്രം ഷോപ് ലിഫ്‌റ്റേഴ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. കാനില്‍ മികച്ച സിനിമയ്ക്കുള്ള പാം ഡി യോര്‍ അടക്കമുള്ള ബഹുമതികള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. ഓസ്‌ട്രേലിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രയേല്‍, ജപ്പാന്‍, ലെബനന്‍, ചൈന, കൊറിയ, റഷ്യ, സിംഗപ്പൂര്‍ , തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്.
.