വാമോസ് അര്‍ജന്റീന

പൂമരം, മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം നായകനായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. 1994 ല്‍ സെല്‍ഫ്‌ഗോളിന് ജീവന്‍ നല്‍കേണ്ടി വന്ന എസ്‌കോബാര്‍ എന്ന കൊളംബിയന്‍ താരത്തിന്റെ മരണ ദിവസം കാട്ടൂര്‍കടവ് എന്ന തൃശ്ശൂര്‍ ഗ്രാമത്തില്‍ നടക്കുന്ന ഒരു സംഭവത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് ജ്വരം പിടിച്ച ഒരു ഗ്രാമത്തിന്റെ കഥയാണിത്. വിപിനന്‍ എന്ന ചെറുപ്പക്കാരനും മെഹര്‍ എന്ന പെണ്‍കുട്ടിയും സ്‌കൂള്‍ കാലം തൊട്ടേ സുഹൃത്തുക്കളാണ് ഓരോ ലോകകപ്പിനൊപ്പവും ഇവരും കൂട്ടുകാരും സിനിമയും വളരുകയാണ്. അമ്പലവാസി കുട്ടിയായ വിപിനന് കുടുംബ സുഹൃത്ത് കൂടെയായ മെഹറിനോട് പ്രണയമുണ്ട്. പക്ഷേ അതിന്റെ വരുംവരായ്കളെ കുറിച്ച് ബോധ്യമുള്ള ബോള്‍ഡായ മെഹര്‍ അതൊരിയ്ക്കല്‍ പോലും വളരാന്‍ പോയിട്ട് അതൊന്ന് അവതരിപ്പിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കുന്നുമില്ല. അതാണ് ഈ സിനിമയുടെ താളവും.

പഠനശേഷം അറബി നാട്ടില്‍ ജോലിക്ക് പോകുന്ന വിപിനന്‍ ഒരോ ലോകകപ്പ് വേളയിലും നാട്ടിലെത്തുമ്പോഴുള്ള ആഘോഷമാണ് പിന്നീടങ്ങോട്ട് സിനിമ. വലിയ ട്വിസ്റ്റുകളോ, വില്ലന്‍മാരോ ഒന്നുമില്ലാത്ത ഒരു കൂള്‍ മൂവിയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. അശോകന്‍ ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കി ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആടിനു ശേഷമുള്ള മിഥുന്റെ മികച്ച സംവിധാനം തന്നെയാണ് അര്‍ജന്റീന എന്നു പറയാം. നാട്ടിന്‍പുറത്തെ ക്ലബ്, വായനശാല, ഫാന്‍സ് അസോസിയേഷന്‍ അങ്ങിനെ നിറമുള്ള കാഴ്ച്ചകളാണ് ചിത്രത്തിലുടനീളം.

അഭിനയം കൊണ്ട് വിസ്മയിപ്പിച്ചത് ഐശ്വര്യ ലക്ഷ്മിയാണ്. അവര്‍ തന്നെയാണ് സിനിമ മുന്നോട്ട് കൊണ്ടുപോയതെന്നും പറയാം. കരിക്കിലെ താരങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു. അതോടൊപ്പം കാളിദാസ് അനായാസമായി ഒരു ഗ്രാമത്തിലേക്ക് ഇഴുകി ചേരാന്‍ അല്‍പ്പം പാടുപെടുന്നതായി പല രംഗങ്ങളിലും അനുഭവപ്പെട്ടു. കാളിദാസിന്റെ അമ്മയായി അഭിനയിച്ച താരത്തിന്റെ പ്രകടനവും അത്ര നല്ലതായി തോന്നിയില്ല. രണദീവിന്റെ ക്യാമറയും ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ ചിത്രസംയോജനവുമെല്ലാം ഫുട്‌ബോള്‍ ആവേശം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ഈ കാലത്ത് പറയേണ്ടുന്ന നന്‍മയുടെ സ്‌നേഹത്തിന്റെ സന്ദേശം ഓര്‍മ്മപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്. മനസ്സൊന്ന് തണുക്കാന്‍ ഇനി അതല്ല, ഫുട്‌ബോള്‍ കമ്പമുള്ളവരാണെങ്കില്‍ 2014, 2018 ലോകകപ്പ് കാലമോര്‍ക്കാനും സന്തോഷിക്കാനുമൊക്കെയുള്ള അവസരത്തിനായി കാട്ടൂര്‍കടവിലേക്ക് ടിക്കറ്റെടുക്കാം. റേറ്റിംഗ് പ്രേക്ഷകര്‍ക്ക് വിട്ടു തരുന്നു.