‘ട്രാഫിക് തടസ്സപ്പെടുത്തരുത് എന്ന് തനിക്കുമറിയാം’,ഫോട്ടോഷൂട്ട് വിവാദത്തില്‍ പ്രതികരണവുമായി അര്‍ച്ചന കവി

തോപ്പുംപടി പാലത്തിന് മുകളില്‍ ബ്ലോക്ക് ഉണ്ടാക്കി നടി അര്‍ച്ചന കവി ഫോട്ടോ ഷൂട്ട് നടത്തിയത് വിവാദമായിരുന്നു. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ശേഷം ഫോട്ടോഷൂട്ട് വീഡിയോയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ നിന്ന് താരം നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഫോട്ടോഷൂട്ട് വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ച്ചന കവി.

‘രാവിലെ ആറ് മണിക്കാണ് ഫോട്ടോ എടുക്കാന്‍ എത്തുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമാണ് പാലത്തില്‍ ചെലവഴിച്ചത്. ആ പാലവുമായി ബന്ധപ്പെട്ട് കുറച്ച് നല്ല ഓര്‍മ്മകള്‍ ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം തോന്നിയത്. അവിടെ അടുത്ത് എന്റെ ഒരു കസിന്‍ താസിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കപ്പലുകള്‍ പോകുന്നതിന് പാലം തുറന്നു കൊടുത്തതും എല്ലാം ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ചരിത്രത്തിലെ ഭംഗിയുള്ള ഭാഗമായി മാറിയ ആ പാലമൊക്കെ നമുക്കിനി എന്നു കാണാനാകും എന്ന തോന്നലാണ് ഫോട്ടോ എടുക്കാന്‍ പ്രേരിപ്പിച്ചത്. ആ പാലത്തിനരികില്‍ ഒരു ബസ് സ്‌റ്റോപ്പുണ്ട്. അവിടെ ബസ് കാത്തു നിന്നിരുന്ന ജോലിക്കാര്‍ക്കൊപ്പവും ഫോട്ടോ എടുത്തിരുന്നു. ഒരു സിനിമയ്ക്കു വേണ്ടിയോ ഒന്നുമല്ല. വളരെ പെട്ടെന്ന് തീര്‍ന്നു.’

ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് നല്ല ട്രാഫിക്കുണ്ടായിരുന്നെന്നും എന്നാല്‍ ആരും പരാതി പറഞ്ഞില്ലെന്നുമാണ് അര്‍ച്ച പറയുന്നത്. ‘പിന്നെ താനും ഒരു സാമൂഹ്യ ജീവിയാണ്. ട്രാഫിക് തടസ്സപ്പെടുത്തരുത് എന്നതൊക്കെ തനിക്കുമറിയാം. അത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യുന്നതു കൊണ്ട് തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നു തോന്നാമെന്നു കരുതി തന്നെയാണ് താനത് ഡെലീറ്റ് ചെയ്തതെന്നും’ അര്‍ച്ചന വ്യക്തമാക്കി.

error: Content is protected !!