നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്..

തെന്നിന്ത്യന്‍ താരം അമല പോള്‍ നിര്‍മ്മാണ മേഖലയിലേക്കും ചുവട് വെയ്ക്കുന്നു. ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ‘കഡാവര്‍’ ആണ് അമലയുടെ ആദ്യ നിര്‍മ്മാണ സംരംഭം. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും അമല തന്നെയാണ്. ഫോറന്‍സ്റ്റിക് പതോളജിസ്റ്റ് ആയാണ് ചിത്രത്തില്‍ അമലയെത്തുന്നത്. നവാഗത സംവിധായകനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്.

‘നമ്മള്‍ കുറ്റാന്വേഷണ സിനിമകളില്‍ ഈ കഥാപാത്രത്തെ കണ്ടിട്ടുണ്ടാവും. എന്നാല്‍ അങ്ങനെയൊരു കഥാപാത്രം കേന്ദ്രകഥാപാത്രമായി വരുന്ന ഒരു മുഴുനീള കഥ ആദ്യമായിട്ടായിരിക്കും. ഒരു ഫോറന്‍സിക് പതോളജിസ്റ്റിനെ അവതരിപ്പിക്കാന്‍ നല്ല പക്വതയും വിഷയത്തെ കുറിച്ചുള്ള അറിവും വേണം. പ്രശസ്ത ഫോറന്‍സിക് സര്‍ജനായ ഡോ ഉമാദത്തന്റെ ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അഭിലാഷ് പിള്ള സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. ആ പുസ്തകം വായിച്ചപ്പോള്‍ കഥാപാത്രത്തെ കുറിച്ച് എനിക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചു. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും’ അമല പറയുന്നു.

കഡാവറിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുല്യ, ഹരിഷ് ഉത്തമന്‍, രമേഷ് ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയും ഛായാഗ്രഹണം അരവിന്ദ് സിംഗും എഡിറ്റിംഗ് സാന്‍ ലോകേഷും നിര്‍വഹിക്കും. തമിഴിനൊപ്പം മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തും.