വീട്ടിലെ കിച്ചു…സിനിമയിലെ കൃഷ്ണശങ്കര്‍

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ‘കോയ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയെടുത്ത താരമാണ് കൃഷ്ണശങ്കര്‍. എട്ടോളം സിനിമകളില്‍ ക്യാമറാ അസിസ്റ്റന്റായ അനുഭവ സമ്പത്തുമായി അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമായാണ് കൃഷ്ണശങ്കര്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നുന്നത്. മരുഭൂമിയിലെ ആന, ലോ പോയന്റ്, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ സിനിമകളിലൂടെ ആരാധകരെ സൃഷ്ടിച്ച കൃഷ്ണ ശങ്കറിന്റെ ഏറ്റവും പുതിയ സിനിമയാണ് അള്ള് രാമേന്ദ്രന്‍. ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുഞ്ചാക്കോ ബോബനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രം ചെയ്യാനായ സന്തോഷത്തില്‍ തന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവയ്ക്കുകയാണ് കൃഷ്ണശങ്കര്‍..

. തിയേറ്ററില്‍ അള്ള് രാമേന്ദ്രന്‍ എത്തിയിരിക്കുകയാണ്. എന്താണ് പ്രതികരണം?

.നല്ല അഭിപ്രായമാണ് എല്ലാവര്‍ക്കും. ചിത്രത്തിലെ ഹ്യൂമറാണെങ്കിലും ത്രില്ലറാണെങ്കിലും ആളുകളെല്ലാം എന്‍ജോയ് ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമായി എന്ന ഫീഡ്ബാക്കാണ് ലഭിക്കുന്നത്.

.കുഞ്ചാക്കോ ബോബനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ്. എങ്ങനെയാണ് ഇതിലേയ്ക്ക് എത്തിച്ചേര്‍ന്നത്?

. അള്ള് രാമേന്ദ്രന്റെ സംവിധായകന്‍ ബിലഹരിയെ രണ്ടുവര്‍ഷത്തോളമായി എനിക്ക് അറിയാം. ബിലഹരി ഇതിന് മുമ്പ് മറ്റൊരു സബ്ജക്ടുമായിട്ട് എന്റെ അടുത്ത് വന്നിരുന്നു. അതിന്റെ കഥ തയ്യാറാക്കിയതും സജിന്‍ തന്നെയായിരുന്നു. പക്ഷെ അത് വര്‍ക്കൗട്ടായില്ല. അങ്ങനെ ഇരിക്കുന്ന സമയത്താണ് ബിലഹരി എന്നോട് പറഞ്ഞത് സജിന്റെ പക്കല്‍ ഒരു സബ്ജക്ട് ഉണ്ടെന്ന്. ഇതിന്റെ വണ്‍ലൈന്‍ അവന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ബിലഹരിയോട് പറഞ്ഞ് ഇത് നമുക്ക്‌ചെയ്യാം രസമുള്ള സിനിമയായിരിക്കും എന്ന്. അങ്ങനെയാണ് ഈ സബ്ജക്ട് എന്റടുത്തേയ്ക്ക് വരുന്നത്. പിന്നെ ആഷിക്ക് ഉസ്മാന്‍ പ്രൊഡ്യൂസറായി വന്നു. ആഷിക്ക് വഴിയാണ് ചോക്കോച്ചനിലേയ്ക്ക് പോവുന്നത്. അങ്ങനെയാണ് സിനിമ ഓണാവുന്നത്.

.ആപര്‍ണ ബാലമുരളിയും താങ്കളുമായുള്ള കോമ്പിനേഷന്‍ സീന്‍ വളരെ മനോഹരമായിരുന്നു. ഇങ്ങനെയൊരു ക്യാരക്ടര്‍ ഇത്‌വരെ ചെയ്തിട്ടില്ല. എങ്ങനെയുണ്ടായിരുന്നു അനുഭവം?

. ബിലഹരിയെ എനിക്ക് അറിയാം. അത്‌പോലെ ഞാന്‍ എന്ന വ്യക്തിയെ നന്നായിട്ട് അവനും അറിയാം. എന്റെ പോസ്റ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങള്‍ വരെ അറിയാം. അതിനനുസരിച്ചാണ് ക്യാരക്ടര്‍ മോള്‍ഡ് ചെയ്ത് അവര്‍ എടുത്തത്. അപ്പോള്‍ അത് പെര്‍ഫോം ചെയ്യുമ്പോള്‍ എനിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. നമ്മളെ കൂടുതല്‍ അറിയുമ്പോള്‍ നമുക്ക് പെര്‍ഫോം ചെയ്യാന്‍ എളുപ്പമായിരിക്കും. അത്‌പോലെ തന്നെയായിരുന്നു അല്‍ഫോണ്‍സിന്റെയും അല്‍ത്താഫിന്റെയുമെല്ലാം ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍. നമ്മളെ എത്രത്തോളം അറിയുന്നുവോ അത്രത്തോളം ആ സിനിമയിലേക്ക് കറക്ടായിട്ട് വീഴാന്‍ പറ്റും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് തന്നെയായിരുന്നു ബിലഹരി എന്നെ ജിത്തു ഏല്‍പ്പിച്ചപ്പോള്‍. ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യുന്നത്. അത് നല്ല രീതിയിയില്‍ വന്നു എന്നറിയുമ്പോള്‍ വളരെ സന്തോഷം.

.ക്യാരക്ടറുകളുടെ ഐഡന്റിറ്റിയാണ് ഈ സിനിമയുടെ ഒരു പ്രധാന സവിശേഷത? തുടക്കം മുതല്‍ ബിലഹരിയുടെ കൂടെതന്നെ ഉണ്ടായിരുന്നോ?

. ഞങ്ങളാദ്യമേ ഈ സബ്ജക്ടും ഇതിന്റെ ക്ലൈമാക്‌സുമെല്ലാം ഒന്ന് ഫിക്‌സ് ചെയ്തു. പിന്നെ ആരൊക്കെയാണ് ഇതിന്റെ ആര്‍ട്ടിസ്റ്റ് എന്ന് ചര്‍ച്ച നടത്തി. ചിത്രത്തിലെ അയ്യപ്പന്‍ എന്ന ക്യാരക്ടറിന് ധര്‍മ്മേട്ടനെ തന്നെയാണ് തീരുമാനിച്ചിരുന്നത്. വേറെ ആരെയും ചിന്തിച്ചിരുന്നില്ല. ചിത്രത്തിലെ ഹ്യൂമറിന്റെ ഭാഗമൊക്കെ ധര്‍മ്മേട്ടന്‍ ചെയ്യുമ്പോള്‍ സീന്‍ ഭയങ്കരമായിട്ട് ലിഫ്റ്റാവുകയാണ്. അപ്പോള്‍ അവിടെ നമ്മള്‍ നില്‍ക്കുമ്പോള്‍ അത് ഗുണം ചെയ്യുകയാണ്. ചിത്രത്തിലെ ഒരു പാട്ടില്‍ ഫോണില്‍ കുപ്പി കാണിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ട്. ആ നിമിഷത്തില്‍ ധര്‍മ്മേട്ടന്‍ കണ്ടെത്തി ചെയ്തതാണ് ആ സീന്‍. എല്ലാവരുടെയും ഒരു കോണ്‍ട്രിബ്യൂഷന്‍ ഈ ചിത്രത്തിലുണ്ട്.

.ജീവിതത്തില്‍ രണ്ടേ രണ്ട് കാര്യങ്ങളാണ് പെര്‍ഫെക്ടായിട്ട് ചെയ്തതെന്നു ചിത്രത്തില്‍ പറഞ്ഞു. ഒന്ന് അള്ള് വെച്ചതും മറ്റൊന്ന് അവളെ പ്രേമിച്ചതും. സ്വന്തം ജീവിതത്തില്‍ എന്താണ് പെര്‍ഫെക്ടായിട്ട് ചെയ്തിട്ടുള്ളത്?

. (ചിരിയ്ക്കുന്നു) സിനിമയില്‍ കയറാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. എന്റെ രൂപവും നീളവുംവെച്ച് നടനാവണമെന്ന് പുറത്ത് പറയാന്‍ പറ്റില്ല. കളിയാക്കികൊല്ലും. ഞാന്‍ ആകെപാടെ ഇത് പറഞ്ഞ വ്യക്തി അല്‍ഫോണ്‍സാണ്. കാരണം അല്‍ഫോണ്‍സ് ആള്‍ക്കാരുടെ അടുത്ത് പറയാറ് തനിക്ക് ഡയറക്ടറാവണമെന്നാണ്. അപ്പോള്‍ ഞാന്‍ പറയാറ് നീ ഒന്നു മിണ്ടാതിരിക്ക്് ആള്‍ക്കാര്‍ കളിയാക്കില്ലെ. ആവുമ്പോള്‍ പറഞ്ഞാല്‍ മതി എന്നൊക്കെയായിരുന്നു. എങ്ങനെയെങ്കിലും സിനിമയില്‍ കയറണം, നടനാവണം എന്ന് മനസ്സില്‍ കുറേ നാളുകളായി ഞാന്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

.ആക്ടിംഗ് എങ്ങനെയാണ് പാഷനായി മാറിയത്?

. പണ്ട് നമ്മള്‍ സിനിമയെല്ലാം കാണുമ്പോള്‍ അതിന്‌റെ എഡിറ്റിംഗ് കാര്യങ്ങളോ ക്യാമറയോ ഒന്നും നോക്കില്ല. സ്വാഭാവികമായിട്ട് ഒരു മനുഷ്യന് അഭിനയിക്കണം അല്ലെങ്കില്‍ ആ നായകനോട് കാണുന്ന കൗതുകമാണ് ഉണ്ടാവുക. അങ്ങനെ എല്ലാവരുടെയും സിനിമകള്‍ കണ്ടപ്പോള്‍ അഭിനയിക്കണമെന്ന് തോന്നി. അത് പലരോടും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ കലാപരമായിട്ട് ഒന്നും ഇല്ല. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ ഒരു നാടകമൊക്കെ ചെയ്തു. അതൊക്കെ ചീറ്റിപ്പോയതാണ്. പകുതിക്ക് വെച്ച് കര്‍ട്ടനൊക്കെ ഇട്ട്, നിര്‍ത്തിക്കൊള്ളാന്‍ പറഞ്ഞു സാറൊക്കെ. പിന്നെ ഡാന്‍സ് കളിക്കുമായിരുന്നു കോളേജില്‍ നിന്ന്. അത് പിള്ളേരുടെ മുന്നില്‍ ആളാവാന്‍ വേണ്ടിയായിരുന്നു. കൃഷ്ണശങ്കര്‍ ആന്‍ഡ് പാര്‍ട്ടി എന്നെല്ലാം വിളിക്കുമ്പോള്‍ ആ പേരൊക്കെ പിള്ളേര്‍ അറിയണം എനതിന് വേണ്ടി ചെയ്യുന്നതാണ്. ഞാന്‍ അസിസ്റ്റന്റ് ക്യാമറാമാന്‍ ആയി വര്‍ക്ക് ചെയ്തത് തന്നെ ജയറാമേട്ടന്‍ പറഞ്ഞത്‌പോലെ സിനിമയില്‍ കയറാനായിരുന്നു. അപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ മനോജ് പിള്ളയോടൊപ്പം എട്ട് സിനിമയോളം അസിസ്റ്റ് ചെയ്തു. അപ്പോഴാണ് അല്‍ഫോണ്‍സ് നേരം എന്ന സിനിമ ചെയ്യുന്നതും മാണിക്യം എന്ന ക്യാരക്ടര്‍ എനിക്ക് ലഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം അവന്‍ ഒരു മുഴുനീള കഥാപാത്രമായി പ്രേമത്തില്‍ കോയ എന്ന വേഷം തന്നു. ഇപ്പോള്‍ ജിത്തു വരെ വന്നു നില്‍ക്കുന്നു.

. ജീവിതത്തില്‍ ആര്‍ക്കെങ്കിലും അള്ള് വെച്ചിട്ടുണ്ടോ?

. എയ് ഇല്ല. കോളേജിലൊക്കെ പഠിക്കുമ്പോള്‍ അങ്ങോട്ട് പണികളൊക്കെ കൊടുത്തിട്ടുണ്ട്., (ചിരിക്കുന്നു).. ഇങ്ങോട്ടും കിട്ടിയിട്ടുണ്ട്.

.പേഴ്‌സണല്‍ലൈഫ് എങ്ങനെയാണ് ?

. എന്റെ വൈഫിന്റെ പേര് നീന എന്നാണ്.ടീച്ചറായിരുന്നു. ഇപ്പോള്‍ അവള്‍ റിസൈന്‍ ചെയ്തു. മകന് നാല് വയസ്സായി, ഓം കൃഷ്ണ. അടുത്ത വര്‍ഷം മുതല്‍ സ്‌ക്കൂളില്‍ പോകണം. അവള്‍ക്കും പോകണം അവനും പോകണമെന്നെല്ലാം പറയുന്നുണ്ട്. ടീച്ചറായത്‌കൊണ്ട് തന്നെ അതിന്റെ രീതിയിലുള്ള കുറച്ച് വിമര്‍ശനങ്ങളാണ് എന്നോട് പറയുക. ഭയങ്കര സ്ട്രിക്ടാണ്. ഞാന്‍ ഭയങ്കര ഉഴപ്പനും അവള്‍ പഠിപ്പിസ്റ്റുമായിരുന്നു. ഭയങ്കര നീറ്റാണ്. നീനയുടെ വിമര്‍ശനമെന്നാല്‍ മതിലില്‍ തേച്ചൊട്ടിക്കുക എന്നൊക്കെ പറയില്ലെ. അങ്ങനെ. അത്‌കൊണ്ട് പുറമേ ഉള്ള വിമര്‍ശനമൊന്നും എനിക്കത്ര കുഴപ്പമില്ല. കാരണം വീട്ടില്‍ ഇങ്ങനെയാണ്. പിന്നെ ഫ്രണ്ട്‌സ് ഉണ്ട് എല്ലാവരും ആലുവയില്‍ തന്നെയാണ്. സിനിമയില്‍ വരുന്നതിന് മുന്‍പുള്ള സൗഹൃദമാണ് എല്ലാവരുമായി. അത് ഇങ്ങനെ തന്നെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

.പ്രേമത്തിലും നേരത്തിലുമെല്ലാം സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മയുണ്ടായിരുന്നു. അതിലെ റിലേഷന്‍ഷിപ്പ് എങ്ങനെയാണ്?

. ആരെങ്കിലുമൊക്കെ ഏതെങ്കിലും ക്ലാസില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ടാവും. ഞാനും സിജുവും ആറാംക്ലാസില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഞാനും ഷറഫുവും പ്ലസ്ടുവില്‍ ഒരുമിച്ച് പഠിച്ചവരാണ്. അല്‍ഫോണ്‍സ് എന്റെ സീനിയറായിരുന്നു ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍. മുഹ്‌സിന്‍,ശബരീഷ്, ഞാന്‍ ഒരുമിച്ചൊരു ക്ലാസിലായിരുന്നു ബീകോം. ഡിഗ്രി പഠിക്കുന്ന സമയത്ത് ആലുവയില്‍ ഗോപൂസ് എന്ന് പറയുന്നൊരു കടയുണ്ട്. അവിടയാണ് ഞങ്ങള്‍ ഇരിക്കാറ്. അവിടെ നിന്നാണ് സിനിമയുടെ ചര്‍ച്ചകളൊക്കെ നടത്താറ്. ഇന്റര്‍നാഷണല്‍ സിനിമകളൊന്നുമല്ല ഇവിടുത്തെ നാട്ടിലിറങ്ങുന്ന ചിത്രങ്ങളും, പണ്ടത്തെ സിനിമകളുമൊക്കെയാണ് ചര്‍ച്ച ചെയ്യാറ്. അങ്ങനെ സിനിമ ആഗ്രഹിച്ച് ചര്‍ച്ച ചെയ്ത ആ ഒരു ഗ്രൂപ്പിലുള്ളവര്‍ ദൈവം സഹായിച്ച് ഇന്ന് സിനിമയിലെത്തി. എല്ലാവരും കുഴപ്പമില്ലാതെ പോവുന്നു. അത് തന്നെ ഒരു സന്തോഷമുള്ള കാഴ്ച്ചയാണ്.

.ഈ കൂട്ടായ്മയില്‍ ഇനിയെന്തെങ്കിലും ചിത്രങ്ങള്‍ ആലോചനയിലുണ്ടോ?

. നിലവിലൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. അല്‍ഫോണ്‍സ് ഇനി ചെയ്യാന്‍ പോകുന്നത് തമിഴിലൊരു സിനിമയാണ്. അല്‍ഫോണ്‍സിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് തമിഴ് ചിത്രമാണെങ്കിലും മലയാളി കൂട്ടുകാരൊക്കെ ആവാമല്ലൊ നായകരായിട്ട്. പറഞ്ഞിട്ടുണ്ട് ഒന്നും സെറ്റായിട്ടില്ല. ഒന്നു സെറ്റാക്കണമത്.(കള്ള ചിരി ചിരിക്കുന്നു)..എല്ലാവരും ഓരോന്ന് പ്ലാന്‍ ചെയ്ത്‌കൊണ്ടിരിക്കുന്നു ഒന്നും ആയിട്ടില്ല.

.ഇനി ഇറങ്ങാനുള്ള ചിത്രങ്ങള്‍?

. ഇനി ഇപ്പോള്‍ ഇറങ്ങാനുള്ളത് ജെനിത്ത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്നു വിളക്കൂതി എന്ന ചിത്രമാണ്. അതിലും ഞങ്ങളൊക്കെതന്നെയാണ്. ഞാന്‍, അല്‍ത്താഫ്, സിജു,ഷിയാസ്, ശബരി. അഞ്ച്‌പേരുടെ ഒരു കഥയാണത്. ചിത്രത്തിന്റെ ഡബ്ബിംഗും മറ്റ് കാര്യങ്ങളുമെല്ലാം കഴിഞ്ഞു. റിലീസിംഗ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

.അസിസ്റ്റന്റ് ക്യാമറാമാന്‍ ആയി വര്‍ക്ക് ചെയതു. ഒപ്പം തന്നെ എഴുത്ത് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉണ്ടോ?

. ഏയ് ഒന്നുമില്ല.. എങ്ങനെയെങ്കിലും അഭിനയിക്കാന്‍ വേണ്ടി കയറണം എന്ന ആഗ്രഹമായിരുന്നു മനസ്സില്‍. വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല കാരണം വേറെന്തെങ്കിലും ജോലിയ്ക്ക് പോകണമെന്ന് പറയും. അപ്പോഴത്തെ ധാരണ വേറെ ജോലിക്ക് പോയികഴിഞ്ഞാല്‍ നമ്മുടെ ലക്ഷ്യം പോവും എന്നായിരുന്നു. അങ്ങനെ നേരെ അസിസ്റ്റന്റായിട്ട് കയറി. ആദ്യം ഞാന്‍ നോക്കിയത് ഡയറക്ഷനായിരുന്നു. പക്ഷെ കൂടുതല്‍ ചിന്തിച്ചപ്പോള്‍ നമ്മള്‍ പുസ്തകമൊക്കെ വായിച്ച് ത്രെഡ്ഡൊക്കെ കണ്ടുപിടിക്കുന്ന ഭയങ്കര ബുദ്ധിമട്ടുള്ള പരിപാടിയായാണ് എനിക്ക് തോന്നിയത്. ക്യാമറാ അസിസ്റ്റന്റ് എന്നു പറയുമ്പോള്‍ പറയുന്ന ഷോട്ട് എടുത്ത് കൊടുത്താല്‍ മതി എന്നുള്ള ധാരണയിലാണ് പോയത്. ഞാന്‍ പഠിച്ചത് ശിവന്‍സ് എന്ന പേരിലുള്ള സന്തോഷ് ശിവന്റെ തിരുവന്തപുരത്തെ സ്റ്റുഡിയോയിലാണ്. ആ ഒരു ഗുണം എനിക്ക് അഭിനയിക്കുമ്പോള്‍ കിട്ടിയിട്ടുണ്ട്. ഡയറക്ഷനൊന്നും ചിന്തിച്ചിട്ട് കൂടിയില്ല ഞാന്‍ അതെല്ലാം ഭയങ്കര പണിയാണ്. ഉള്ള പരിപാടി തന്നെ മര്യാദയ്ക്ക്് നടക്കുന്നില്ല.

.നായകനാണ് അള്ള് രാമേന്ദ്രനിലെന്ന് പ്രേക്ഷകര്‍ അറിയുന്നത് തിയേറ്ററിലെത്തുമ്പോഴാണ്. ആ ഒരു എക്‌സൈറ്റ്‌മെന്റ് പ്രേക്ഷകരില്‍ നിന്ന് എങ്ങനെയാണ് കിട്ടുന്നത്?

. രണ്ട്‌പേരെ ബാലന്‍സ് ചെയ്തുള്ള കഥയാണിത്. രണ്ടുപേരുടെയും അടിസ്ഥാന പ്രശ്‌നം ജോലി പോയത് തന്നെയാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററിലും മറ്റൊന്നിലും എന്റെ കഥാപാത്രത്തെക്കുറിച്ച് വരാത്തതാണ് ആ ഇന്റര്‍വെല്‍ പഞ്ചൊക്കെ ആളുകള്‍ക്ക് വളരെ രസകരമായി തോന്നിയത്. നായകപരിവേഷം എന്നുള്ളതൊന്നുമില്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ അടുത്ത പടം കിട്ടണം അത്രയേ ഉള്ളൂ.

.പിടിവാശികള്‍ പലപ്പോഴു പല ദുരന്തങ്ങളുണ്ടാക്കുമെന്നാണ് പറയാറ്. പേഴ്‌സണലി എങ്ങനെയാണ്?

. ചില കാര്യങ്ങളിലെല്ലാം എനിക്ക് ദേഷ്യം വരും. പൊതുവേ എല്ലാവരുമായിട്ട് കമ്പനിയായിട്ട് സംസാരിച്ച് പോവാന്‍ താല്‍പ്പര്യപ്പെടുന്നൊരു കക്ഷിയാണ് ഞാന്‍. ചിലസമയങ്ങളില്‍ നമ്മള്‍ ആരോടെങ്കിലും ഇരിക്കെടോ എന്ന് പറഞ്ഞാല്‍ അവന്‍ കയറി നമ്മുടെ മടിയിലിരിക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ഒരു ബുദ്ധിമുട്ടുണ്ട്. അത് മാത്രമേ പ്രശ്‌നമുള്ളു. അല്ലാതെ ചിരിച്ച് കളിച്ച് പോകാനാണ് താല്‍പ്പര്യം.

.അള്ള് രാമേന്ദ്രനില്‍ മൂന്ന്‌പേര്‍ ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. അവരെ കുറിച്ച് ?

. നേരം എന്ന സിനിമയിലൂടെ ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍ കിട്ടിയ പോസ്റ്റീവ് വൈബാണ് ബിലഹരിയുടെയും ടീമിന്റെയും കൂടെ എനിക്ക് ലഭിച്ചത്. കാരണം ഈ സിനിമ നല്ല രീതിയില്‍ വരണമെന്ന് വിചാരിച്ച് അതിന് വേണ്ടി മാത്രം ഇരുന്ന് സീനുകള്‍ വര്‍ക്കൗട്ട് ചെയ്‌തൊരു ടീമായിരുന്നു ഇത്. വരുണ്‍ധാര എന്നൊരു സുഹൃത്തുണ്ട്. അവന്റെയും കുറേ ഔട്ടപുട്ട് ഉണ്ട് ഈ സിനിമയില്‍. ഒരേ ഒരു ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത് ഈ ചിത്രം ഓടണം, ഹിറ്റാവണം എന്നത്. കാരണം അവരുടെ ആദ്യത്തെ ചിത്രമാണ്. ചിത്രം നല്ല രീതിയില്‍ മുന്നോട്ട് പോയാലല്ലേ എല്ലാവര്‍ക്കും ഗുണമുണ്ടാകൂ. ഒരു പോസിറ്റീവ് വൈബ് സെറ്റിലും,ഷൂട്ടിംഗിന്റെ സമയത്തുമെല്ലാം ഉണ്ടായിരുന്നു. അതിന്റെ റിസല്‍ട്ടാണ് ഇപ്പോള്‍ തിയേറ്ററില്‍ കാണുന്ന കൈയ്യടി.

.ഒരു ആക്ടര്‍ എന്ന ഭാഗത്ത് നിന്ന് ഡയറക്ടറായ ബിലഹരിയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

. ടെക്‌നിക്കലി നല്ല വിവരമാണ് ബിലയ്ക്ക്. മുന്‍പൊരു സിനിമയുടെ കഥയുമായിട്ട് ബില വന്നിരുന്നു എന്ന് ഞാന്‍ പറഞ്ഞില്ലേ. ആ ഒരു സമയത്തായിരുന്നു ബില ഇരുപത്തിഅയ്യായിരം രൂപയ്ക്ക് പോരാട്ടം എന്നൊരു സിനിമ ചെയ്തത്. അതില്‍ നിന്ന് തന്നെ നമുക്ക് അവന്റെ ടെക്‌നിക്കലി ഉള്ള അറിവ് മനസ്സിലാക്കാന്‍ പറ്റും. ചില ആളുകള്‍ കഥ നന്നായിട്ട് പറഞ്ഞ് ഫലിപ്പിക്കും. അത് എടുത്ത് വരുമ്പോള്‍ ഇവര്‍ പറഞ്ഞൊരു സുഖം കിട്ടില്ല. ചിലര്‍ക്ക് കഥ അങ്ങനെ പറയാന്‍ അറിയില്ല. പക്ഷെ നല്ലരീതിയില്‍ സിനിമ എടുക്കാന്‍ അറിയാം. ആ ഒരു കാറ്റഗറിയില്‍പ്പെടുന്ന ആളാണ് ബില. കഥാപാത്രമായ ജിത്തു എങ്ങനെയായിരിക്കണമെന്ന വ്യക്തമായ ധരണ ബിലയ്ക്ക് ഉണ്ടായിരുന്നു. ഞാന്‍ പൊതുവേ ഭയങ്കര സ്പീഡില്‍ സംസാരിക്കുന്ന ആളാണ്. അപ്പോള്‍ ബില എന്നോട് പറയും ചേട്ടാ ഈ സ്പീഡില്‍ സംസാരിക്കുന്നതും ആലുവ സ്ലാങ്ങും ഒന്നു നമുക്ക് പതിയെ മാറ്റാം. ചിലപ്പോള്‍ അഭിനയിക്കുന്ന സമയത്ത് എന്നോട് ഇത് മറന്നു പോകും. അപ്പോള്‍ അവന്‍ വന്നിട്ട് എന്നോട് പറയും കിച്ചുവേട്ടാ ഇങ്ങനെയല്ല ട്ടോ.. എന്ന്. ജിത്തു എങ്ങനെയായിരിക്കണം എന്ന് അവന് വ്യക്തമായിട്ട് അറിയുന്നത് എനിക്കും ഒരു ഗുണമായിരുന്നു.

.കുഞ്ചാക്കോ ബോബനുമായുള്ള എക്‌സ്പീരിയന്‍സ്?

. ചാക്കോച്ചനുമായിട്ടുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് അള്ള്‌രാമേന്ദ്രന്‍. ഞാന്‍ എല്ലാ ഇന്റര്‍വ്യൂവിലും പറയുന്നപോലെ ക്ലാസിലെ നല്ല കുട്ടി, ഫസ്റ്റ്‌ബെഞ്ചിലൊക്കെ ഇരിക്കുന്ന നല്ലോണം പഠിക്കുന്ന കുട്ടിയാണ് ചാക്കോച്ചന്‍. ചാക്കോച്ചനുമായിട്ട് അഭിനയിക്കുമ്പോള്‍ നമുക്കങ്ങനെ ടെന്‍ഷനൊന്നും ഉണ്ടാവില്ല. മിക്കപ്പോഴുമൊക്കെ എന്റെ ഡയലോഗുകള്‍ തെറ്റും. വേറെ ആരെങ്കിലുമാണെങ്കില്‍ അദ്ദേഹം എന്ത് വിചാരിക്കും റീട്ടേക്കുകള്‍ വരുമ്പോള്‍ എന്നെല്ലാമുള്ളൊരു ടെന്‍ഷനായിരിക്കും ഉണ്ടാവുക. ഇച്ചായനായത് കൊണ്ട് ഒരു ടെന്‍ഷനുമില്ല. ഹാപ്പിയായിട്ട്, കൂളായിട്ട് അഭിനയിക്കാം. ആദ്യമായിട്ടാണ് ഞാനും പുള്ളിയും നേര്‍ക്കുനേര്‍ അഭിനയിക്കുന്നത്. ആക്ഷന് മുന്‍പ് എന്തെങ്കിലും വളിപ്പൊക്കെ അടിച്ചിട്ടാണ് ഞങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങുക. എന്ത് കാര്യമുണ്ടായാലും പറഞ്ഞ് തരും അദ്ദേഹം. നമുക്ക് വേണ്ട എല്ലാ ടിപ്‌സും നല്‍കി കൂടെ നില്‍ക്കുന്ന ഒരു ബ്രദറിനേപോലെയാണ് ചോക്കോച്ചന്‍.

.നേരത്തിലൂടെയും പ്രേമത്തിലൂടെയും ഒരുമിച്ച് വന്ന കൂട്ടുകാര്‍ പലയിടത്തായി എന്‍ഗേജ്ഡായി. ഇപ്പോഴും കൂടിക്കാഴ്ച്ചകളൊക്കെ ഉണ്ടോ?

. എന്തായാലും ഫോണ്‍വിളി ഉണ്ട്. രണ്ടു ദിവസം കൂടുമ്പോള്‍ ആരെയെങ്കിലും വിളിവരാറുണ്ട്. പിന്നെ എല്ലാവരും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇപ്പോഴും ഗോപൂസില്‍ പോയി ഇരിക്കാറുണ്ട്. എല്ലാവരും താമസിക്കുന്നത് ആലുവയില്‍ തന്നെയാണ്. അത്‌കൊണ്ട് എന്തായാലും കാണും.

.വീട്ടിലെ പിന്തുണ? എങ്ങനെയാണ് ?

. അച്ഛനും അമ്മയുമൊക്കെ അങ്ങനെ വലിയ നിര്‍ബന്ധബുദ്ധിയില്ലാത്ത ആള്‍ക്കാരാണ്. കാരണം ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് കണ്ടാല്‍ മതി എന്നുള്ള ചിന്തമാത്രമേയുള്ളു അവര്‍ക്ക്. പഠിച്ചിട്ട് ഞാന്‍ രക്ഷപ്പെടില്ലെന്ന് അവര്‍ക്ക് ഉറപ്പായി. ഏകദേശം ആറാം ക്ലാസ് കഴിഞ്ഞപ്പോള്‍തന്നെ അതിലൊരു തീരുമാനമായി. എങ്ങനെയെങ്കിലും ഇവനെ ഒരു കരയ്‌ക്കെത്തിയ്ക്കണം, പക്ഷെ എങ്ങനെ എത്തിക്കണം എന്ന് ഇവര്‍ക്ക് ഒരു പിടിത്തവുമില്ല. അങ്ങനെയാണ് ഞാന്‍ സിനിമ എന്നു പറഞ്ഞ് നടക്കുന്നത്. സിനിമയെങ്കില്‍ സിനിമ പോയി രക്ഷപ്പെടൂ എന്നായി അവര്‍. അച്ഛനാണെങ്കിലും അമ്മയാണെങ്കിലും ഞാന്‍ എന്റെ ഇഷ്ടത്തിന് പോകട്ടെ എന്നുള്ള കാഴ്ച്ചപ്പാടുള്ളവരാണ്.

.എട്ട് സിനിമ അസിസ്റ്റ് ചെയ്യുന്ന സമയത്ത് ലൈഫ് അതില്‍തന്നെ ആയിപ്പോകുമോ എന്നുള്ള ഒരു പേടി ഉണ്ടായിരുന്നോ?

. അസിസ്റ്റ് ചെയ്യുന്ന ജോലിയിലും ഞാന്‍ പേഴ്‌സണലി വളരെ ഹാപ്പിയായിരുന്നു. ബാവൂട്ടിയുടെ നാമത്തില്‍ ചെയ്യുമ്പോള്‍ ഞാന്‍ മമ്മൂക്കയ്ക്ക് തെര്‍മോക്കോള്‍ പിടിച്ചുകൊടുക്കുമായിരുന്നു. റെഡ്‌വൈനില്‍ ലാലേട്ടനും ഫഹദിനും ജയറാമേട്ടനുമെല്ലാം അങ്ങനെതന്നെ. ഇവരുടെയൊക്കെ അഭിനയം തൊട്ടടുത്ത് നിന്ന് കാണാന്‍പറ്റി അങ്ങനെ ചെയ്യുമ്പോള്‍. അതൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ആ പ്രോസസ്സ് ഞാന്‍ വളരെ എന്‍ജോയ് ചെയതാണ് ചെയ്തത്. പക്ഷെ ഇത് മാത്രമായിരുന്നു തൊഴിലായിട്ട് ഉണ്ടായിരുന്നത്. വേറെ തൊഴിലൊന്നും ഉണ്ടായിരുന്നില്ല. അതിനിടയില്‍ കല്ല്യാണവും കഴിഞ്ഞു. ജീവിക്കാനുള്ളൊരു സെറ്റപ്പ് വേണ്ടേ. രണ്ട് സിനിമയൊക്കെ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഞാന്‍ ആ പ്രോസസ്സ് എന്‍ജോയ് ചെയ്ത് തുടങ്ങി. യൂണിറ്റും ലൈറ്റും മറ്റു പരിപാടികളുമെല്ലാം.

.കിച്ചു എന്ന പേര് ?

. കൃഷ്ണശങ്കര്‍ എന്ന പേര് ഞാന്‍ തന്നെ പറയില്ല. അരെങ്കിലും എന്നോട് പേര് എന്താണെന്ന് ചോദിക്കുമ്പോള്‍ കൃഷ്ണ ശങ്കര്‍ എന്നു പറഞ്ഞുവരുമ്പോഴേക്കും ആ ആള്‍ അവിടെ നിന്ന് പോയിട്ടുണ്ടാവും. വീട്ടില്‍ കിച്ചു എന്ന് വിളിച്ച് തുടങ്ങി. അപ്പോള്‍ ഞാനും പുറത്ത് കിച്ചു എന്നാണ് പറയാറ്. ഇപ്പോള്‍ ചിലര്‍ കൃഷ്ണ എന്നു വിളിക്കും ചിലര്‍ ശങ്കര്‍ എന്നു വിളിക്കും, ചിലര്‍ കിച്ചു എന്ന് വിളിക്കും. സ്‌നേഹം കൂടുമ്പോള്‍ അച്ഛനെല്ലാം കിച്ചപ്പാ എന്നു വിളിക്കും. ഇപ്പോള്‍ കൊച്ച് അങ്ങനെയാ വിളിക്കുക കിച്ചപ്പാ അല്ലെങ്കില്‍ കിച്ചുഅച്ഛന്‍ എന്ന്. അങ്ങനെ കുറച്ച് പേരൊക്കെ ഉണ്ട്. പിന്നെ നാട്ടിലിത്തിരി ചീത്തപ്പേരും ഉണ്ട്…(ചിരിക്കുന്നു).